News
നിങ്ങളുടെ സിനിമയാണ് എന്റെ സംസാരശേഷി തിരിച്ചുകിട്ടാന്‍ കാരണം; നാഗചൈതന്യയോട് പോലീസ് ഉദ്യോഗസ്ഥന്‍
നിങ്ങളുടെ സിനിമയാണ് എന്റെ സംസാരശേഷി തിരിച്ചുകിട്ടാന്‍ കാരണം; നാഗചൈതന്യയോട് പോലീസ് ഉദ്യോഗസ്ഥന്‍
തെലുങ്ക് താരം നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കസ്റ്റഡി’. മെയ് 12-നാണ് ചിത്രം പ്രദർശനത്തിനെത്തുക. സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിരക്കിലാണ് താരം. വിവിധ ഇടങ്ങളിൽ അണിയറ പ്രവർത്തകർ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരുമായും താരം സംവദിച്ചിരുന്നു. ഈ പരിപാടിയില്‍ വച്ച് ഒരു ഉദ്യോഗസ്ഥന്‍ നാഗചൈതന്യയോട് പറഞ്ഞ അനുഭവകഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നാഗചൈതന്യ നായകനായ തഡാഖ എന്ന ചിത്രം തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെപ്പറ്റിയാണ് പോലീസ് കോണ്‍സ്റ്റബിള്‍ വെളിപ്പെടുത്തിയത്.
നാഗചൈതന്യ നായകനായ തഡാഖ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ആ ഓര്‍മ.2013-ല്‍ നാഗചൈതന്യ, സുനില്‍ എന്നിവര്‍ നായകന്മാരായി പുറത്തുവന്ന തെലുങ്ക് ചിത്രമായിരുന്നു തഡാഖ. ഈ ചിത്രം കണ്ടപ്പോഴാണ് ഒരപകടത്തില്‍പ്പെട്ട് മസ്തിഷ്‌കാഘാതം സംഭവിച്ച താന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നതെന്ന് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ നാഗചൈതന്യയോട് പറഞ്ഞു.
തനിക്ക് തഡാഖ എന്ന ചിത്രം വളരെയിഷ്ടമാണ്. ആ സിനിമയില്‍ പോലീസ് ഓഫീസറുടെ വേഷത്തിലുള്ള സുനിലിന്റൈ കഥാപാത്രത്തിനെ വില്ലന്മാര്‍ അടിക്കുമ്പോഴാണ് അദ്ദേഹത്തിന് ഉള്ളിലുള്ള ഭയം പോകുന്നത്. ഈ ഭാഗമാണ് തനിക്കേറ്റവും ഇഷ്ടമായത്. ഒരു വര്‍ഷം മുമ്പുണ്ടായ ബൈക്കപകടത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് തനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തഡാഖ പ്രേരണയായി. ഇപ്പോള്‍ കുറേശ്ശേയായി സംസാരിക്കാന്‍ പറ്റുന്നുണ്ട്. നാഗചചൈതന്യ കാരണമാണ് തന്റെ ആരോഗ്യം മെച്ചപ്പെട്ടതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ വാക്കുകളെ നിറഞ്ഞ കയ്യടിയോടെയാണ് നടനും മറ്റുദ്യോഗസ്ഥരും സ്വീകരിച്ചത്. ഈ സംവാദത്തിന്റെ വീഡിയോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം താരം പുഷ്-അപ് എടുക്കുന്നതും തോക്കുമായി നില്‍ക്കുന്ന അക്രമിയെ എങ്ങനെ നേരിടണമെന്ന് നാഗചൈതന്യയോട് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുകൊടുക്കുന്നതും വീഡിയോയിലുണ്ട്.
വെങ്കട് പ്രഭു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ്-തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് നാഗ ചൈതന്യ എത്തുന്നത്. ഇളയരാജയും യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. അബ്ബുരി രവിയാണ് സംഭാഷണം. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴിൽ നാഗചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിർമിക്കുന്നത്. എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു.
