Connect with us

‘സാർ പ്രൈവറ്റായി എന്നോട് പറഞ്ഞിട്ടുള്ള വാക്കാണ് അത്… എന്നെ കുറച്ചു വഴക്ക് പറഞ്ഞ് തന്നെ പറഞ്ഞ സംഭവമാണ്; കമൽഹാസന്റെ വാക്കുകളെ കുറിച്ച് അഭിരാമി

Movies

‘സാർ പ്രൈവറ്റായി എന്നോട് പറഞ്ഞിട്ടുള്ള വാക്കാണ് അത്… എന്നെ കുറച്ചു വഴക്ക് പറഞ്ഞ് തന്നെ പറഞ്ഞ സംഭവമാണ്; കമൽഹാസന്റെ വാക്കുകളെ കുറിച്ച് അഭിരാമി

‘സാർ പ്രൈവറ്റായി എന്നോട് പറഞ്ഞിട്ടുള്ള വാക്കാണ് അത്… എന്നെ കുറച്ചു വഴക്ക് പറഞ്ഞ് തന്നെ പറഞ്ഞ സംഭവമാണ്; കമൽഹാസന്റെ വാക്കുകളെ കുറിച്ച് അഭിരാമി

നടി, അവതാരക എന്നീ നിലകളിൽ​ ശ്രദ്ധേയായ താരമാണ് അഭിരാമി. കഴിഞ്ഞ വർഷമാണ് അഭിരാമിയും ഭർത്താവ് രാഹുലും ഒരു മകളെ ദത്തെടുത്തത്. കൽക്കി എന്നാണ് ദമ്പതികൾ മകൾക്ക് പേരു നൽകിയിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ ആയിരുന്നു അഭിരാമിയുടെ ആദ്യ സിനിമ. പിന്നീട് അവതാരകയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. തുടർന്നാണ് വീണ്ടും സിനിമകളിലേക്ക് അവസരം ലഭിക്കുന്നത്.

പത്രം എന്ന ചിത്രത്തിൽ സഹനടി വേഷത്തിലാണ് അഭിരാമി ആദ്യം അഭിനയിച്ചത്. തുടർന്ന് ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെ നായികയായി. അഭിരാമി മലയാളികൾക്ക് സുപരിചിതയാകുന്നത് ഈ സിനിമയിലൂടെയാണ്. ഇതിലെ ഗീതു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒന്നാണ്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സാന്നിധ്യം അറിയിച്ച താരം അവിടെയും ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമായി.

തമിഴിൽ നിന്നാണ് കൂടുതൽ നായിക വേഷങ്ങൾ അഭിരാമിയെ തേടിയെത്തിയത്. തമിഴിലെ മുൻനിര താരങ്ങളായ കമൽ ഹാസൻ, പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നിവരുടെയെല്ലാം നായികയാകാൻ അഭിരാമിക്ക് സാധിച്ചു. എന്നാൽ പിന്നീട് താരം സിനിമ വിട്ടു. പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷമായിരുന്നു അഭിരാമിയുടെ തിരിച്ചുവരവ്.

വിരുമാണ്ടി എന്ന ചിത്രത്തിൽ കമൽഹാസന്റെ നായികയായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ശേഷമാണ് അഭിരാമി സിനിമ വിടുന്നത്. അടുത്തിടെ വിക്രം സിനിമയുടെ സക്സസ് സെലിബ്രേഷനിൽ അഭിരാമിയെ കുറിച്ച് നടൻ കമൽഹാസൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. അഭിരാമി സിനിമ വിട്ട് പോകാനേ പാടില്ലായിരുന്നു എന്ന രീതിയിൽ ആയിരുന്നു നടന്റെ പരാമർശം. അഭിരാമിയെ വേദിയിൽ നിർത്തിക്കൊണ്ടായിരുന്നു കമൽഹാസൻ ഇക്കാര്യം പറഞ്ഞത്. അന്ന് അഭിരാമിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ ആ നിമിഷത്തെ കുറിച്ച് പറയുകയാണ് അഭിരാമി. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ‘സാർ പ്രൈവറ്റായി എന്നോട് പറഞ്ഞിട്ടുള്ള വാക്കാണ് അത്. എന്നെ കുറച്ചു വഴക്ക് പറഞ്ഞ് തന്നെ പറഞ്ഞ സംഭവമാണ്. ഞാൻ സിനിമയിൽ നിന്നും പോകുന്ന കാര്യം ആദ്യം അറിഞ്ഞ ആളുകളിൽ ഒരാളാണ്. അന്ന് അതത്ര സീരിയസായി എടുത്തോ എന്ന് എനിക്ക് അറിയില്ല’,


‘പക്ഷെ അങ്ങനെയൊരു വേദിയിൽ വെച്ച് നമ്മൾ ഗുരുവായി കാണുന്ന ഒരാൾ അങ്ങനെയൊരു പ്രശംസ നൽകുമ്പോൾ, അത് നൽകുന്ന സന്തോഷം വലുതാണ്. നമ്മൾ ശരിയായി എന്തോ ചെയ്തിട്ടുണ്ട് എന്നൊരു തോന്നൽ നൽകും. ഇനിയിപ്പോൾ ആരെങ്കിലും അഭിരാമിക്ക് അഭിനയിക്കാൻ അറിയാമോ എന്ന് ചോദിച്ചാൽ പോയി ഇത് കാണാൻ പറയാം. അതിനുള്ള സംഭവം നമുക്ക് കിട്ടി’, അഭിരാമി പറഞ്ഞു. സിനിമ വിടാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും അഭിരാമി തുറന്നു പറഞ്ഞു.

എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഒരു മറുപടി എനിക്ക് ഇപ്പോഴില്ല. എന്തോ ഫിനിഷ് ആയെന്ന പോലെ ഒരു ഫീലിങ് വന്നു. ബ്രേക്ക് എടുത്ത് പോയതല്ല. മതിയാക്കാം എന്ന് തന്നെ കരുതിയതാണ്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് സിനിമയിലേക്ക് വന്ന ആളാണ് ഞാൻ. ഇതുപോരാ ഒരു പ്ലാൻ ബി വേണമെന്ന് തോന്നിയിരുന്നു. ആ ഉദ്ദേശത്തോടെയാണ് പഠിക്കാൻ പോയത്. അത് എത്ര വലിയ ബ്രേക്ക് ആകുമെന്നോ, തിരിച്ചുവരുമെന്നോ ചിന്തിച്ചിട്ടില്ല. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം എന്ന മനോഭാവം ആയിരുന്നു’, അഭിരാമി പറഞ്ഞു.

പഠിക്കാനായി അമേരിക്കയിൽ പോയശേഷമുള്ള ജീവിതത്തെ കുറിച്ചും അഭിരാമി അഭിമുഖത്തിൽ സംസാരിച്ചു. ‘പഠിക്കുമ്പോൾ തന്നെ അധ്വാനിക്കാൻ തുടങ്ങിയിരുന്നു. അവിടെ കഫേകൾ പോയി പാടി അങ്ങനെ കുറച്ച് പൈസ ടിപ്സ് ആയി ലഭിച്ചിരുന്നു. അതല്ലാതെ ജോലികൾ ചെയ്തു. ലൈബ്രറിയിൽ ജോലി ചെയ്തു. കിച്ചണുകളിൽ പത്രം കഴുകി വയ്ക്കുന്ന പണികൾ ചെയ്തു. അഡ്മിഷൻ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്’, അഭിരാമി പറഞ്ഞു.

ഗരുഡൻ ആണ് അഭിരാമിയുടെ പുതിയ ചിത്രം. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി, ബിജു മേനോൻ, സിദ്ദിഖ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ വർമ്മയാണ്. അടുത്ത മാസം ആദ്യം ചിത്രം തിയേറ്ററുകളിൽ എത്തും.

More in Movies

Trending

Recent

To Top