മണിനാദം നിലച്ചിട്ട് മൂന്ന് വര്‍ഷം, കലാഭവന്‍മണിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു..
മഹാനടന് കലാഭവന് മണി ഓര്മ്മയായിട്ട് മൂന്ന് വര്ഷം പിന്നിടുന്നു. 2016 മാര്ച്ച് 6നായിരുന്നു സിനിമാപ്രേമികളെ ഞെട്ടിച്ച കലാഭവന് മണിയുടെ അപ്രതീക്ഷിതവിയോഗം.മലയാള സിനിമയില് കലാഭവന് മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്.
ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന് മലയാളവും കടന്ന് അന്യ ഭാഷകള്ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്ത്തുവച്ചിരുന്നു.
മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. സിനിമാ രംഗത്തെ സകലകലാവല്ലഭനായിരുന്നു ഈ ചാലക്കുടിക്കാരന്‍ ചങ്ങാതി. അഭിനയിച്ചും മിമിക്രി കാട്ടിയും നാടന്‍പാട്ട് പാടിയും മണി ആരാധക മനസില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. ഓട്ടോക്കാരനായ ജീവിതം തുടങ്ങിയ മണി കൈവെയ്ക്കാത്ത മേഖലകളില്ലെന്ന് തന്നെ പറയാം.
കൊടിയ ദാരിദ്രത്തിന്റെ കറുത്ത ദിനങ്ങളില്‍ നിന്ന് ആരാധക മനസ്സിന്റെ സ്‌നേഹ സമ്പന്നതയിലേയ്ക്കാണ് കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭ നടന്നു കയറിയത്. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ െ്രെഡവറുടെ വേഷത്തില് ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന് രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി.
തുടക്കത്തില് സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന് എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ നേടിയ ചിത്രങ്ങളായിരുന്നു.
ഹാസ്യ താരമായും സഹനടനായും നായകനായും വില്ലനായും തെന്നിന്ത്യ മുഴുവന്‍ ആരാധകരെയുണ്ടാക്കിയ മണി രജനീകാന്ത്, കമല്‍ഹാസന്‍, ഐശ്വര്യാ റായി, വിക്രം തുടങ്ങി ഇന്ത്യന്‍ സിനിമയിലേയും മലയാളത്തിലെയും ഒട്ടു മിക്ക എല്ലാ താരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുമുണ്ട്.
നാടന്പാട്ടിനെ ജനകീയമാക്കിയതില് മണിക്കുള്ള പങ്ക് വലുതാണ്. കേരളത്തിലെ നാടന് പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന് ഒട്ടേറെ ശ്രമങ്ങള് മണിനടത്തിയിട്ടുണ്ട്.ഓരോ സിനിമയുടെ സെറ്റില് പോകുമ്പോഴും അവിടുത്തെ നാടന് പാട്ടുകാരെ, വൈകുന്നേരം മുറിയിലെത്തിക്കും. നേരം പുലരുന്നതുവരെ പാടി രസിക്കും,അതില് നിന്ന് പുതിയൊരീണം പിറക്കും. അങ്ങനെയാണ് പല പാട്ടുകളും പിറന്നത്.
പാവങ്ങളായ രോഗികള്ക്ക് മരുന്ന്,ചികിത്സ,ചാലക്കുടിയില് വായനശാല, സ്‌കൂള് ബസ്,ഓണത്തിനും ക്രിസ്മസിനും 150 കുടുംബങ്ങള്ക്ക് 5 കിലോ സൗജന്യ അരി,പാവപ്പെട്ട പെണ്കുട്ടികള്ക്ക് വിവാഹത്തിനുള്ള സഹായം എന്നിവയെല്ലാം മണിയെന്ന മനുഷ്യന്റെ നന്മകളായിരുന്നു. അടിമാലിയിലെ ഒരു യുവാവിന്റെ കിഡ്‌നി മാറ്റിവെക്കാന് സഹായിക്കാന് മണി അവിടെ ഒരു പ്രോഗ്രാം പെട്ടെന്ന് നടത്തി 10 ലക്ഷം സ്വരൂപിച്ചു. കൈനീട്ടി മുന്നിലെത്തുന്നവനെ ഒരിക്കലും മടക്കി അയച്ചില്ല. അതുകൊണ്ട് തന്നെ എന്നും ചാലക്കുടിയിലെ മണികൂടാരം എന്ന വീടിനുമുന്നില് പാവങ്ങളുടെ നീണ്ടനിരയുണ്ടാകും.
ഒടുവില്‍ അദ്ദേഹം വിടപറഞ്ഞപ്പോശ് മണിയുടെ നന്‍മ എല്ലാവരും അറിഞ്ഞു. തുടര്‍ന്ന് സംവിധായകന്‍ വിനയന്‍ ആ നന്‍മകലെല്ലാം ചേര്‍ത്തുവെച്ച് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന മണിയുടെ കഥയെ ആസ്പദമാക്കിയുള്ള ഒരു സിനിമയും ചെയ്തു. ആ ചിത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത അത് കലാഭവന്‍ മണിയുടെ കഥയാണെന്നുള്ളത് മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം.
2016 മാര്ച്ച് ആറിനാണ് മണി മരിച്ചത്. പാഡിയില് കുഴഞ്ഞു വീണ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിയുടെ മരണത്തില് ദുരൂഹതയുണ്ടെന്ന് അന്ന് മുതല് തന്നെ ആരോപണം ഉയര്ന്നിരുന്നു. മദ്യവും വിഷാംശവും കണ്ടെത്തിയതില് ഉയര്ന്ന സംശയത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.
ഇതേ തുടര്ന്ന് കഴിഞ്ഞ മെയ് മാസത്തില് സിബിഐ കേസ് ഏറ്റെടുത്തു. മണിയുടെ സിനിമ ബന്ധങ്ങളും സൗഹൃദങ്ങളും സംശയ നിഴലിലായ കേസില് നുണപരിശോധന ഉള്‌പ്പെടെ നടന്നെങ്കിലും കാര്യമായ തെളിവൊന്നും പൊലീസിന് ലഭിച്ചില്ല. അതേസമയം മരണകാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സിനിമാരംഗത്തുള്ള സുഹൃത്തുക്കള്‍ അടക്കം നിരവധി പേരെ ചോദ്യം ചെയ്തു. മരണത്തിന് തൊട്ടുമുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുള്ള 7 സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിക്കുകയും ചെയ്തു.
സത്യം പുറത്ത് വരണമെന്നുള്ളത് കൊണ്ട് തന്നെ അതിന് തയ്യാറാണെന്ന് ഈ ഏഴുപേരും കോടതിയെയും സിബിഐയെയും അറിയിക്കുകയും ചെയ്തു. വൈകാതെ തന്നെ നുണപരിശോധന നടത്താനാണ് സിബിഐയുടെ തീരുമാനം. എന്നാല്‍ കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഒന്നും സിബിഐക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല.
നുണപരിശോധനകൊണ്ട് പ്രയോജനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന പോലീസിന്റെ കണ്ടെത്തലിന് സമാനമായി മണിയുടെ മരണം സ്വാഭാവികമെന്ന് എഴുതി അവസാനിപ്പിക്കാനാണ് സിബിഐയുടെ നീക്കം.
Memories Of actor Kalabhavan Mani…