News
‘നിങ്ങളുടെ ഒരു പഴയ കോച്ചാണ് പറയുന്നത്, വൈകിയാലും പ്രശ്നമില്ല, ആ സ്വര്‍ണ്ണം കൊണ്ട് വന്നാല്‍ മതി’; വൈറലായി ഷാരൂഖിന്റെ വാക്കുകള്‍!
‘നിങ്ങളുടെ ഒരു പഴയ കോച്ചാണ് പറയുന്നത്, വൈകിയാലും പ്രശ്നമില്ല, ആ സ്വര്‍ണ്ണം കൊണ്ട് വന്നാല്‍ മതി’; വൈറലായി ഷാരൂഖിന്റെ വാക്കുകള്‍!
മൂന്നുവട്ടം ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ഓസ്‌ട്രേലിയയെ മറികടന്ന് സെമിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൂന്നാം തവണ മാത്രം ഒളിമ്പിക്‌സില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ഇന്നു രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം.
ജയത്തിന് പിന്നാലെ ടീമിന്റെ കോച്ച് സോയര്‍ദ് മരീയ്ന്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ട്വീറ്റ് വൈറലായിരുന്നു. ‘പ്രിയപ്പെട്ടവരെ ഞങ്ങള്‍ വരാന്‍ വൈകും’ എന്നാണ് കോച്ച് ട്വീറ്റ് ചെയ്തത്. ഇപ്പോഴിതാ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. നിങ്ങള്‍ വൈകിയാലും പ്രശ്നമില്ല. ആ സ്വര്‍ണ്ണം കൊണ്ട് വന്നാല്‍ മതിയെന്നാണ് ഷാറൂഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ഒരു പഴയ കോച്ചാണ് പറയുന്നതെന്നും താരം കുറിച്ചു.
2007ല്‍ റിലീസ് ചെയ്ത ഛക് ദേ ഇന്ത്യ എന്ന ചിത്രത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ കോച്ചിന്റെ വേഷമാണ് ഷാറൂഖ് ഖാന്‍ അവതരിപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ രസകരമായ ട്വീറ്റ്. ‘ഒരു പ്രശ്നവുമില്ല. തിരിച്ച് വരുമ്പോള്‍ നിങ്ങളുടെ ലക്ഷകണക്കി കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ആ സ്വര്‍ണ്ണം കൊണ്ട് വന്നാല്‍ മതി. ഈ വര്‍ഷം ദീപാവലി ആഘോഷങ്ങള്‍ തുടങ്ങുന്നതും നവംബര്‍ 2നാണ്. നിങ്ങളുടെ പഴയ കോച്ച് കബീര്‍ ഖാന്‍’ എന്ന് ഷാറൂഖ് ഖാന്‍ മറുപടി നല്‍കി.
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ഹോക്കി ഫൈനലില്‍ ഇടംപിടിക്കുന്നത്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്നു രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചാണ് ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചത്. മത്സരത്തില്‍ 22-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ നേടിയ ഏക ഗോളാണ് ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ചത്.