Connect with us

പ്രതിസ്ഥാനത്ത് ഉളളവര്‍ ആഘോഷിക്കപ്പെടുകയും അതിജീവിതമാര്‍ അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നതിന് പിന്നില്‍ നമ്മുടെ സമൂഹത്തിന്റെ രീതികള്‍ക്ക് വലിയ പങ്കുണ്ട് ; പത്മപ്രിയ പറയുന്നു !

Movies

പ്രതിസ്ഥാനത്ത് ഉളളവര്‍ ആഘോഷിക്കപ്പെടുകയും അതിജീവിതമാര്‍ അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നതിന് പിന്നില്‍ നമ്മുടെ സമൂഹത്തിന്റെ രീതികള്‍ക്ക് വലിയ പങ്കുണ്ട് ; പത്മപ്രിയ പറയുന്നു !

പ്രതിസ്ഥാനത്ത് ഉളളവര്‍ ആഘോഷിക്കപ്പെടുകയും അതിജീവിതമാര്‍ അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നതിന് പിന്നില്‍ നമ്മുടെ സമൂഹത്തിന്റെ രീതികള്‍ക്ക് വലിയ പങ്കുണ്ട് ; പത്മപ്രിയ പറയുന്നു !

നീളൻ മുടിയും വിടർന്ന കണ്ണുകളും മനോഹരമായ ചിരിയുമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് പത്മപ്രിയ. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലായെങ്കിലും താരം ചെയ്തിരിക്കുന്ന കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിൽ ഓടിയെത്തുന്നവയാണ്. ഇപ്പോഴിതാ ദിലീപ് പ്രതിയായ കേസ് മുതൽ വിജയ് ബാബു കേസും പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ ആരോപണ വിധേയനായ പീഡന കേസും അടക്കമുളളവ മലയാള സിനിമയെ ഞെട്ടിച്ചു.
വളരെയേറെ തുറന്ന് പറച്ചിലുകളുണ്ടായിട്ടും ആരോപണ വിധേയരെ ആഘോഷിക്കുന്ന രീതിയ്ക്ക് മാത്രം മലയാള സിനിമാ രംഗത്ത് പറയത്തക്ക മാറ്റമുണ്ടായിട്ടില്ല. നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ ഈ പ്രവണതയെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

പത്മപ്രിയയുടെ വാക്കുകൾ: ‘ പ്രതിസ്ഥാനത്ത് ഉളളവര്‍ ആഘോഷിക്കപ്പെടുകയും അതിജീവിതമാര്‍ അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നതിന് പിന്നില്‍ നമ്മുടെ സമൂഹത്തിന്റെ രീതികള്‍ക്ക് വലിയ പങ്കുണ്ട്. അതിലും വലിയ വീഴ്ചയാണ് നിയമസംവിധാനങ്ങള്‍ക്ക് ഉളളത്. ബില്‍ക്കിസ് ബാനുവിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്. അതൊരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്തതാണ്.
ശിക്ഷ എന്നത് എന്താണെന്ന് നിര്‍വ്വചിക്കാന്‍ നിങ്ങള്‍ തയ്യാറല്ല. ഇത് ഓകെയാണ് എന്നാണ് നിങ്ങള്‍ പറയുന്നത്. നിയമസംവിധാനങ്ങളെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനുളളത്. ഇത് ഒരു കുറ്റമാണെന്ന് തീരുമാനിച്ച് അതിന് ഒരു വഴി, അതെന്ത് ശിക്ഷ ആയാലും നടപ്പാക്കണം. സമൂഹത്തെ മാറ്റണം എന്നതൊക്കെ ശരിയാണ്.പക്ഷേ 1930കളിലെ ന്യൂയോര്‍ക്ക് സിറ്റി നോക്കിയാല്‍ വളരെ അധികം കുറ്റകൃത്യങ്ങള്‍ നടന്നിരുന്നു. മോഷണവും ബലാത്സംഗവും അടക്കമുളള കുറ്റകൃത്യങ്ങള്‍ വളരെ നടന്നിരുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ഒരു സ്ഥലമായിരുന്നു. സ്ത്രീകള്‍ക്ക് റോഡുകളിലൂടെ നടക്കാന്‍ പറ്റില്ലായിരുന്നു. അവര്‍ പ്രധാനമായും മാറ്റം വരുത്തിയത് പോലീസിലും നീതിന്യായ സംവിധാനങ്ങളിലും ആയിരുന്നു.

ഇന്ന് ന്യൂയോര്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന ഒരു നഗരമാണ്. കൃത്യമായ നീതിന്യായ വ്യവസ്ഥയിലൂടെ ഏതാണ് ശരിയെന്നും ഏതാണ് തെറ്റ് എന്നും കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു പരിഹാരവും സാധ്യമല്ല. അതല്ലെങ്കില്‍ നമ്മള്‍ മാധ്യമങ്ങളിലിരുന്ന് പ്രതികളെ ആഘോഷിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയേ ഉളളൂ. അതില്‍ കാര്യമൊന്നും ഇല്ല.
അതിജീവിതകള്‍ കോടതികളില്‍ കടന്ന് പോകുന്ന പ്രക്രിയ ഒട്ടും സുഖമുളളതല്ല. താനത് അനുഭവിച്ചിട്ടുളളതാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും കുടുംബത്തിനുമെല്ലാം പങ്കുണ്ട്. ഒരു ദുരനുഭവം ഉണ്ടായതിന് ശേഷം എന്ത് മാതൃകയാണ് നല്‍കുന്നത്. പിങ്ക് പോലെ ഒരു സിനിമ വരികയും നോ മീന്‍സ് നോ എന്നൊക്കെ പറയുകയും ചെയ്തിട്ടും ഒരു ജഡ്ജ് വന്നിട്ട് പറയുകയാണ് നിങ്ങള്‍ ഒരാളുടെ ഒപ്പം പോയാല്‍ അത് സമ്മതം ആണെന്ന്.

നമ്മള്‍ എവിടേക്കാണ് പോകുന്നത്. ചെയ്യുന്നത് തെറ്റാണ് എന്ന് തിരിച്ചറിയുന്നില്ലെങ്കില്‍ അത് തെറ്റാണ്. അമ്മ പോലൊരു സംഘടന ഇത് ഞങ്ങള്‍ സമ്മതിക്കില്ല എന്ന് പറയുന്നിടത്താണ് തിരുത്ത് വരുന്നത്. വിജയ് ബാബു അടക്കം ആരോപണ വിധേയരായവരെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. എന്താണ് പ്രതിവിധി എന്നാണ് ആലോചിക്കേണ്ടത്.

കാരണം അതിജീവിത നേരിട്ട ദുരനുഭവം കൂടാതെ കേസും കോടതിയുമൊക്കെയായി കടന്ന് പോവുകയാണ്. അതില്‍ നിന്ന് അവള്‍ക്ക് എന്താണ് നല്‍കാന്‍ കഴിയുക. അക്കാര്യത്തിലാണ് ഒരു മാതൃക വേണ്ടത്. എന്തുകൊണ്ടാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. കാരണം അതിന് ഇതുവരെ ഒരു പരിഹാരമില്ല. അതുമായി ചേര്‍ന്ന് ജീവിച്ച് പോകണം. ഇത്തരത്തിലാണ് കുറ്റകൃത്യങ്ങളെ നോര്‍മലൈസ് ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ നോക്കിക്കാണുന്നത് ഒരു സമമനുഷ്യന്‍ എന്ന തരത്തിലാണ്. ചിലപ്പോള്‍ അവര്‍ക്ക് ഒരു അമാനുഷിക പരിവേഷം ആളുകള്‍ കൊടുക്കുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ട് തോന്നാറുണ്ട്. കാരണം അത് അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാം; ആ പരിവേഷത്തിന് അനുസരിച്ച് ജീവിക്കേണ്ടി വരുമെന്നത്. ഇത് നമ്മള്‍ ചോദിച്ചിട്ട് വന്ന കാര്യമല്ല.

അവളുടെ ധീരത അഭിനന്ദിക്കപ്പെടേണ്ടതാണ്. പുറത്തേക്ക് വരാന്‍ വലിയ പരിശ്രമം ആവശ്യമുണ്ട്. ഓരോ തവണയും പത്ത് തവണ ആലോചിച്ചിട്ട് വേണം ചെയ്യാന്‍. അവള്‍ക്ക് നീതി ലഭിക്കുക എന്നതാണ് ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ടത്. പുറത്തേക്ക് വന്ന് ചെയ്യുന്നതൊക്കെ ആ കുട്ടിയുടെ ധൈര്യമാണ്, പത്മപ്രിയ പറഞ്ഞു

Continue Reading
You may also like...

More in Movies

Trending

Recent

To Top