Connect with us

ഇന്നസെന്റിന്റെ മരണത്തിന് കാരണം കോവിഡും ശ്വാസകോശ രോഗങ്ങളും; ഡോ. വി.പി ഗംഗാധരന്‍

News

ഇന്നസെന്റിന്റെ മരണത്തിന് കാരണം കോവിഡും ശ്വാസകോശ രോഗങ്ങളും; ഡോ. വി.പി ഗംഗാധരന്‍

ഇന്നസെന്റിന്റെ മരണത്തിന് കാരണം കോവിഡും ശ്വാസകോശ രോഗങ്ങളും; ഡോ. വി.പി ഗംഗാധരന്‍

മലയാളികളെ ഏറെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ വിയോഗ വാര്‍ത്ത പുറത്തെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

ഇപ്പോഴിതാ നടന്റെ മരണത്തിന് കാരണം കോവിഡും ശ്വാസകോശ രോഗങ്ങളുമാണെന്ന് പറയുകയാണ് ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍. ക്യാന്‍സര്‍ തളര്‍ത്താന്‍ ശ്രമിച്ചപ്പോഴും പുഞ്ചിരി കൊണ്ട് നേരിട്ട ഇന്നസെന്റ് ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കും രോഗത്തെ നേരിടുന്നവര്‍ക്കും വലിയ പ്രചോദനമായിരുന്നെന്നും ഡോ.ഗംഗാധരന്‍ പറഞ്ഞു.

ഇന്നസെന്റ് എന്റെ മുന്നിലെത്തിയ വെറുമൊരു രോഗി മാത്രമായിരുന്നില്ല. ഉറ്റ സുഹൃത്ത് കൂടിയായിരുന്നു. ഇന്നസെന്റിന്റെ മരണത്തില്‍ മലയാളികള്‍ എല്ലാവരും ദുഖിക്കുന്നുണ്ട്. എന്നാല്‍ ഇന്നസെന്റിന്റെ മരണം തളര്‍ത്തുന്ന ഒരു വിഭാഗമുണ്ടെങ്കില്‍ അത് ക്യാന്‍സര്‍ രോഗികളായിരിക്കുമെന്നും ഡോ. വി.പി ഗംഗാധരന്‍ പറഞ്ഞു.

എക്‌മോ ചികിത്സയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്. മൂന്നു തവണ വന്ന കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് നടനെ അലട്ടിയിരുന്നത്. കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു താരം. ഈയിടെ ഇന്നസെന്റിന് ഓര്‍മ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു.

അതും നടനെ അലട്ടിയിരുന്നു. അമേരിക്ക സന്ദര്‍ശനത്തിനിടെ വീണത് ആരോഗ്യസ്ഥിതി അപകടത്തിലാക്കി. കൊവിഡ് തുടരെ തുടരെ വന്നതോടെ അതിന്റെ പ്രശ്‌നങ്ങള്‍ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്. ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാര്‍ത്തകള്‍ തെറ്റാണെന്നും ലേക്ക്‌ഷോര്‍ ആശുപത്രി അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തെത്തുന്നത്.

മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972ലാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സംവിധായകന്‍ മോഹന്‍ മുഖേനയായിരുന്നു ഈ വരവ്. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു.

തമാശ രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഇന്നസെന്റ് വേഷം, അരികെ, നരന്‍, ബസ് കണ്ടക്ടര്‍, ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ വൈകാരിക രംഗങ്ങളിലും മികവ് തെളിയിച്ചു. ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ അമരത്തിരുന്ന ഇന്നസെന്റ് രാഷ്ട്രീയത്തിലും കൈ വെച്ചിട്ടുണ്ട്. നിര്‍മാതാവായാണ് ഇന്നസെന്റ് സിനിമയിലേക്കെത്തിയതെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. തൃശൂര്‍ ശൈലിയിലുള്ള സംസാരവും പ്രത്യേക ശരീര ഭാഷയും ഇന്നസെന്റിനെ പില്‍ക്കാലത്ത് സിനിമകളിലെ ഹാസ്യ, സ്വഭാവ നടനാക്കി.

റാംജി റാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി. മാന്നാര്‍ മത്തായി സ്പീക്കിംഗ്, ഗജകേസരി യോഗം, തന്‍മാത്ര, ബസ് കണ്ടക്ടര്‍., നരന്‍, ഉടയോന്‍, ദേവാസുരം, നരസിംഹം, രസതന്ത്രം, മനസ്സിനക്കരെ, കല്യാണ രാമന്‍, ഇഷ്ടം തുടങ്ങി ഒട്ടനവധി സിനിമകളില്‍ ഇന്നസെന്റിന്റെ വേഷം ജനപ്രീതി നേടി. 2009 ലെ മികച്ച നടനുള്ള ഫിലിം ക്രിറ്റിക് പുരസ്‌കാരവും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ഇന്നസന്റിന് ലഭിച്ചിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ മകള്‍, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസെന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു ‘അമ്മ’ പ്രസിഡന്റ് ആയി 12 വര്‍ഷത്തോളമാണ് ഇന്നസെന്റ് തുടര്‍ന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് പിന്തുണയോടെ ചാലക്കുടിയില്‍ നിന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top