Connect with us

തൃശൂര്‍ സുരേഷ് ഗോപിയ്ക്ക് കൊടുക്കരുത്, ഞങ്ങള്‍ക്ക് വേണം; ആവശ്യവുമായി ബിഡിജെഎസ്

Malayalam

തൃശൂര്‍ സുരേഷ് ഗോപിയ്ക്ക് കൊടുക്കരുത്, ഞങ്ങള്‍ക്ക് വേണം; ആവശ്യവുമായി ബിഡിജെഎസ്

തൃശൂര്‍ സുരേഷ് ഗോപിയ്ക്ക് കൊടുക്കരുത്, ഞങ്ങള്‍ക്ക് വേണം; ആവശ്യവുമായി ബിഡിജെഎസ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ഉള്‍പ്പെടെ ആറ് സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ബിഡിജെഎസ്. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് പാര്‍ട്ടി നേതൃത്വം ആവശ്യം അറിയിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും പാര്‍ട്ടി നേതൃത്വം നല്‍കിയിട്ടുണ്ട്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിനായിരുന്നു ബിജെപി നേതൃത്വം ആദ്യം തൃശൂര്‍ സീറ്റ് നല്‍കിയത്.

എന്നാല്‍ പിന്നീട് കേന്ദ്ര നേതൃത്വം ഇടപെടുകയും സുരേഷ് ഗോപി മണ്ഡലത്തില്‍ മത്സരിക്കട്ടെയെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചു. അതുകൊണ്ട് തന്നെ തൃശൂര്‍ ഇത്തവണ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നാണ് ബി ഡി ജെ എസിന്റെ വാദം.

എന്നാല്‍ പാര്‍ട്ടിയുടെ ആവശ്യത്തെ ബി ജെ പി നേതൃത്വം പാടെ തള്ളിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കുറി ബി ജെ പിക്ക് വലിയ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. സുരേഷ് ഗോപിയിലൂടെ മണ്ഡലത്തില്‍ അട്ടിമറി വിജയമാണ് പാര്‍ട്ടി സ്വപ്നം കാണുന്നത്. ഇതിനോടകം തന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സുരേഷ് ഗോപി ആരംഭിച്ച് കഴിഞ്ഞു.

അതേസമയം തൃശൂരിന് പുറമെ കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി, വയനാട് ഉള്‍പ്പെടെയുള്ള സീറ്റുകളും ബി ഡി ജെ എസ് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഈ സീറ്റുകളില്‍ കോട്ടയം , മാവേലിക്കര എന്നീ സീറ്റുകളുടെ കാര്യത്തില്‍ എന്‍ ഡി എ നേതൃത്വം മനസ് തുറന്നിട്ടില്ല. കോട്ടയത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണിയെ മത്സരിപ്പിക്കാനാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. അനില്‍ മത്സരിക്കുന്നത് ഇവിടെ ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ സഹായിക്കുമെന്ന് നേതൃത്വം കരുതുന്നു. മാവേലിക്കരയില്‍ പി സുധീറിനെയായിരിക്കും ബി ജെ പി മത്സരിപ്പിച്ചേക്കുക.

അതേസമയം തൃശൂര്‍ ലഭിക്കാത്ത സാഹചര്യത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി വീണ്ടും വയനാട്ടില്‍ നിന്നും മത്സരിച്ചേക്കാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 78,816 വോട്ടുകളായിരുന്നു തുഷാറിന് ലഭിച്ചത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി രാഹുല്‍ ഗാന്ധിയായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ വിജയം. സി പി ഐയിലെ പി പി സുനീര്‍ 2,74,597 വോട്ടുകളും നേടി.

More in Malayalam

Trending

Recent

To Top