തെന്നിന്ത്യൻ നായികനിരയിലേക്ക് അപർണ ദാസും; വമ്പൻ പ്രോജക്ടുമായി തെലുങ്കിലേക്ക്
യുവനടിമാരിലെ ശ്രദ്ധേയ മുഖമാണ് അപർണ ദാസ്. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അപർണ ആദ്യമായി നായികയായി എത്തിയത് മനോഹരം എന്ന ചിത്രത്തിലായിരുന്നു. അടുത്തിടെ, വിജയ്ക്കൊപ്പം ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും അപർണ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ സൌത്തിന്ത്യൻ നായിക നിരയിലേക്ക് ഇടേപിടിക്കുകയാണ് അപർണ ദാസ്
സത്യൻ അന്തിക്കാട് വെള്ളിത്തിരയ്ക്കു സമ്മാനിച്ച നായികയാണ് അപർണ ദാസ്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതിനു പിന്നാലെ വിനീത് ശ്രീനിവാസൻ്റെ നായികയായുള്ള അരങ്ങേറ്റം അപർണയ്ക്കു പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. എം. മോഹനൻ സംവിധാനം ചെയ്ത മനോഹരത്തിലൂടെയാണ് നായികയായി അപർണ തുടക്കം കുറിക്കുന്നത്. എങ്കിലും അപർണയ്ക്കു തെന്നിന്ത്യൻ സിനിമയിലേക്കുള്ള വാതിൽ തുറന്നു കിട്ടുന്നത് തമിഴ് സൂപ്പർ സ്റ്റാർ വിജയുടെ സിനിമയിലൂടെയാണ്.
2022 ൽ ദളപതി വിജയ് നായകനായി വമ്പൻ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു ബീസ്റ്റ്. ഒരു ഷോപിംഗ് മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്തു ആളുകളെ തടവിലാക്കമ്പോൾ വിജയുടെ കഥാപത്രം രക്ഷിക്കാനെത്തുന്നതായിരുന്നു ചിത്രത്തിൻ്റെ ഇതിവൃത്തം. ബോളിവുഡ് താരം പൂജ ഹെഗ്ഡെ നായികയായെങ്കിലും ചിത്രത്തിൽ തിളങ്ങിയത് അപർണയുടെ കഥാപാത്രമായിരുന്നു. ഇതിനു പിന്നാലെ മലയാളത്തിൽ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ ഷറഫുദ്ദീൻ്റെ നായികയായും അപർണ പ്രത്യക്ഷപ്പെട്ടിരുന്നു.
2023 ൽ തമിഴിൽ മികച്ച വിജയം നേടിയ ഡാഡായാണ് അപർണയുടെ കരിയറിൽ ടേണിംഗ് പോയിൻ്രായിരിക്കുന്നത്. യുവതാരം കവിനും അപർണയും ജോഡികളായെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച നേട്ടം സ്വന്തമാക്കി. ഇതിനു പിന്നാലെ തെലുങ്കിലേക്കും വലിയ പ്രോജക്ടിൻ്റെ ഭാഗമായി ചുവടുറപ്പിക്കുകയാണ് ഈ നായിക. ടോളിവുഡിലെ യുവതാരം പഞ്ച വൈഷ്ണവ് തേജിൻ്റെ നാലാമത്തെ ചിത്രത്തിലാണ് അപർണ ഇനി നായികയാകുന്നത്. അപർണയുടെ ക്യാരക്ടർ പോസ്റ്റർ ചിത്രത്തിൻ്റെ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു.
പഠന കാലം മുതൽ സിനിമയോട് പാഷനുണ്ടായിരുന്ന അപർണ ബിബിഎ പഠനം കഴിഞ്ഞ് അക്കൗണ്ട്സ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലിക്കു കയറിയതിനു ശേഷമാണ് സിനിമയിലെത്തുന്നത്. ഫിലിം പ്രൊഡക്ഷൻ ടീമുകൾക്ക് പ്രൊഫൈൽ അയക്കുമായിരുന്നു. അപർണയുടെ വീഡിയോകളും ഫോട്ടോയും കണ്ട സത്യൻ അന്തിക്കാടിൻ്റെ മകൻ സംവിധായകൻ അഖിൽ സത്യനാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നു കൊടുക്കുന്നത്.
സത്യൻ അന്തിക്കാടിനെ നേരിട്ട് കാണുകയും ഞാൻ പ്രകാശനിലൂടെ മലയാള സിനിമയിലേക്ക് അപർണ എത്തുകയുമായിരുന്നു. രണ്ടാമത്തെ സിനിമയായ മനോഹരത്തിൻ്റെ സംവിധായകൻ അൻവർ സാദിഖിന് അപർണയുടെ പ്രൊഫൈൽ അയച്ചു കൊടുത്തതും അഖിൽ സത്യനാണ്. ദളപതി വിജയെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റിലേക്ക് ഇൻസ്റ്റാഗ്രാമിലെ ഫോട്ടോ കണ്ടിട്ടാണ് അവസരം ലഭിച്ചതെന്ന് അപർണ പറയുന്നു.
