മകള്‍ക്ക് പിന്നാലെ അച്ഛനും യാത്രയായി; വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

മകള്‍ക്ക് പിന്നാലെ അച്ഛനും യാത്രയായി; വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

മകള്‍ക്ക് പിന്നാലെ അച്ഛനും യാത്രയായി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു. 40 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.

സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണം നഷടപ്പെട്ട കാര്‍ വലതു വശത്തേയ്ക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറെ ഇതിനോടകം തന്നെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

അപകടത്തില്‍ ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചിരുന്നു. ലക്ഷ്മി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.


അപകടത്തില്‍ ബാലഭാസ്‌കറുടെ രണ്ടുവയസ്സുകാരി തേജസ്വിനി നേരത്തെ മരിച്ചിരുന്നു. 16 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് തേജസ്വിനി പിറന്നത്. തേജസ്വനിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവര്‍ തൃശ്ശൂരിലേക്ക് പോയത്. സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്.

Violinist Balabhaskar passed away

Farsana Jaleel :