ഒരു പിതാവിന്റെ ഉത്കണ്ഠയോടെ ബാലഭാസ്‌കര്‍ അടുത്തേയ്ക്ക് ഓടി വന്നിട്ട് പറഞ്ഞു, മകളാണ്..തേജസ്വനി; അവസാനമായി കണ്ട ഓര്‍മ്മയുമായി ശബരിനാഥന്‍

ഒരു പിതാവിന്റെ ഉത്കണ്ഠയോടെ ബാലഭാസ്‌കര്‍ അടുത്തേയ്ക്ക് ഓടി വന്നിട്ട് പറഞ്ഞു, മകളാണ്..തേജസ്വനി; അവസാനമായി കണ്ട ഓര്‍മ്മയുമായി ശബരിനാഥന്‍

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ അന്തരിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.

ബാലഭാസ്‌കറുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സാമൂഹ്യ-രാഷ്ട്രീയ-സിനിമാ മേഖലയിലുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.. ബാലഭാസ്‌കറെ അവസാനമായി കണ്ടതിന്റെ ഓര്‍മ്മയിലാണ് ശബരിനാഥന്‍ എം. എല്‍.എ. തലസ്ഥാനത്തെ ഒരു റസ്‌റ്റോറന്റില്‍ വച്ചാണ് അവസാനമായി ബാലഭാസ്‌കറെയും കുടുംബത്തെയും ശബരിനാഥന്‍ കാണുന്നത്. ഭാര്യ ദിവ്യയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചിരിക്കവെ ബാലഭാസ്‌കറുടെ മകള്‍ തങ്ങളുടെ ടേബിളിലേക്ക് നടന്നുവന്നതെന്നും, നിഷ്‌കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് വന്ന കുട്ടിയെ താനും ഭാര്യയും വാത്സല്യത്തോടെ ഓമനിച്ചുവെന്നും എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

ബാലഭാസ്‌കര്‍ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാന്‍ എനിക്ക് വ്യക്തിപരമായി പ്രയാസമാണ്. തിരുവനന്തപുരത്തിന്റെ വീഥികളില്‍ ഒരു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വയലിന്‍ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞു ചേരാത്ത മലയാളികള്‍ വിരളം.


ഞാന്‍ അവസാനമായി അദ്ദേഹത്തെ കാണുന്നത് ഈയിടക്ക് ബേക്കറി ജംഗ്ഷനിലെ ഒരു റെസ്റ്റോറന്റിലാണ്. ദിവ്യയും ഞാനും ഭക്ഷണം കഴിക്കുമ്പോള്‍ ഒരു കുഞ്ഞു പെണ്‍കുട്ടി നമ്മുടെ ടേബിളിലേക്ക് വന്നു. ഈ കുട്ടിയെ വാത്സല്യത്തോടെ ഓമനിക്കുമ്പോള്‍ ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചു കൊണ്ട് ബാലഭാസ്‌കര്‍ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു മകളാണ് പേര് തേജസ്വിനി. രണ്ടുപേരും ഇന്ന് ഭൂമിയില്ല. ഇരുവരുടെയും ഹൃദയത്തില്‍ തുളച്ചുകയറുന്ന നിഷ്‌കളങ്കമായ ചിരിയും അതിന്റെ സംഗീതവും മനസ്സില്‍ മായാതെ നില്‍ക്കും. ആദരാഞ്ജലികള്‍

Sabarinathan MLA about Balabhaskar s memories

Farsana Jaleel :