അവന്റെ സമ്പാദ്യം മുഴുവൻ അവൻ ഹൃദയത്തിൽ ഇട്ടിരിക്കുകയായിരുന്നു; കല്യാണവും നടത്താൻ പറ്റിയിരുന്നില്ല ; വിശാഖ് സുബ്രഹ്മണ്യത്തെ കുറിച്ച് വിനീത് !

വലിയൊരു ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകന്‍റെ കുപ്പായമണിയുന്ന ചിത്രമാണ് ‘ഹൃദയം’. ക്യാമ്പസ് പശ്ചാത്തലത്തില്‍ പ്രണയവും സൗഹൃദവും വിഷയമാകുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ പ്രശസ്തമായ സിനിമ നിര്‍മാണ കമ്പനിയായ മെറിലാന്‍റ് സിനിമ നിര്‍മാണത്തിലേക്ക് തിരികെ എത്തുന്നു എന്നതും ‘ഹൃദയ’ത്തിന്‍റെ പ്രത്യേകതയാണ്. കൊവിഡ് പ്രതിസന്ധിക്കിടയിൽ തിയേറ്ററുകളിലെത്തിയ ഹൃദയമാണ് ഉറങ്ങി കിടന്ന സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയത്.

റിലീസ് പലവട്ടം പ്രതിസന്ധിയിലായ ശേഷമാണ് ഹൃദയം തിയേറ്ററുകളിലൂടെ തന്നെ പ്രേക്ഷകരിലേക്ക് എത്തിയത്. വിനീത് ശ്രീനിവാസൻ സിനിമയായതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ ഹൃദയം വാർത്തകളിൽ ഇടം നേടിയിരുന്നു
കൂടാതെ പ്രണവ് മോഹൻലാൽ ചിത്രത്തിൽ നായകനാകുന്നുവെന്നതും പ്രേക്ഷകരുടെ ആകാംഷ കൂട്ടി. സിനിമ ഹിറ്റാകും മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായി മാറിയിരുന്നു. സിനിമ പുറത്തിറങ്ങി ഒരു വർഷത്തോട് അടുക്കാൻ പോകുമ്പോഴും ഹൃ​ദയം വൈബ് ഇപ്പോഴും യൂത്തിനിടയിലുണ്ട്.

പേരുപോലെ തന്നെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രണയ ജീവിത കാവ്യമായിരുന്നു ഹൃദയം. ഒരു പക്കാ ഫീല്‍ഗുഡ് എന്റര്‍ടൈനര്‍. ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളേജില്‍ പഠിക്കാന്‍ എത്തുന്ന മലയാളിയായ അരുണ്‍ നീലകണ്ഠന്റെ ജീവിതമാണ് സിനിമ പറഞ്ഞത്.പ്രണവ് മോഹൻലാൽ അരുൺ നീലകണ്ഠന്റെ വേഷം ചെയ്തപ്പോൾ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ നായികമാരായി. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമായിരുന്നു നിർമാണം. തിയേറ്ററിൽ റിലീസ് ചെയ്ത ശേഷം സിനിമ ഒടിടിയിലും എത്തിയിരുന്നു.

സിനിമയുടെ നിർമാതാവും താനും എത്രത്തോളം ടെൻഷനാണ് സിനിമയുടെ റിലീസിന് മുമ്പുള്ള ദിവസങ്ങളിൽ അനുഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ വിനീത് ശ്രീനിവാസൻ.ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ഹൃദയം സിനിമയുടെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തിയത്. ‘ജനുവരി 21നാണ് ഹൃദയം തിയേറ്ററുകളിലെത്തിയത്. പക്ഷെ റിലീസിന് ഒരു ദിവസം മുമ്പാണ് ഞായറാഴ്ച ലോക്ക് ഡൗണാണെന്ന പ്രഖ്യാപനം വന്നത്. അത് തന്നെ ഞങ്ങളെ വലിയ പ്രതിസന്ധിയിലാക്കി.’

‘കാരണം ഞായറാഴ്ചയാണ് സിനിമ പൈസ കലക്ട് ചെയ്യുക. അന്നാണ് ആളുകൾ കൂടുതലായും വരിക. അങ്ങനൊരു ദിവസം ലോക്ക്ഡൗൺ വരുമ്പോൾ വലിയ നഷ്ടം സംഭവിക്കും.’
‘അതോർത്ത് ഞങ്ങൾക്ക് ടെൻഷനായി. പടം ഇറക്കാതെ ലോക്ക് ഡൗൺ കഴിഞ്ഞ് സമാധാനത്തിൽ ഇറക്കാമെന്ന് വരെയുള്ള തീരുമാനത്തിലേക്ക് വരെ എത്തിയിരുന്നു. അതൊരു മോശം അവസ്ഥയായിരുന്നു. അവസാനം പടം റിലീസ് ചെയ്യുന്നില്ല മാറ്റിവെക്കാമെന്ന് വരെ തീരുമാനിച്ചു.’

‘പക്ഷെ അതിനിടയിൽ ഞാനും വിശാഖും സുചിത്ര ആന്റിയും ഒരുമിച്ചൊരു കോൺഫറൻസ് കോൾ ചെയ്തു അതിലാണ് തീരുമാനം മൊത്തത്തിൽ മാറി ജനുവരി 21 റിലീസെന്ന് തീരുമാനിച്ച് പടം തിയേറ്ററിൽ എത്തിച്ചത്.”പിന്നീട് സംഭവിച്ചതെല്ലാം മാജിക്കലായിരുന്നു. ഞായറാഴ്ചക്ക് ശേഷം വരുന്ന തിങ്കളാഴ്ച ആളുകൾ തിയേറ്ററുകളിൽ ഒഴുകിയെത്തി. വിശാഖിന്റെ കല്യാണം നടക്കാൻ പോലും പ്രശ്നമായിരുന്നു. കാരണം അവൻ ഒരു തീരുമാനമെടുത്തിരുന്നു ഹൃദയം റിലീസ് ചെയ്ത ശേഷം മാത്രമെ അവൻ കല്യാണം കഴിക്കൂവെന്ന്.’

‘അത് അവൻ 2020ൽ എടുത്ത തീരുമാനമായിരുന്നു. അവൻ വിചാരിച്ചത് 2020 ഓണത്തിന് പടം റിലീസാകും അത് കഴിഞ്ഞ് കല്യാണം കഴിക്കാമെന്നായിരുന്നു അവൻ കരുതിയത്.’
പക്ഷെ കൊവിഡ് വന്ന് അവന്റെ രണ്ട് കൊല്ലം പോയി. ഹൃദയം റിലീസ് നീണ്ടു. മാത്രമല്ല അവന്റെ സമ്പാദ്യം മുഴുവൻ അവൻ ഹൃദയത്തിൽ ഇട്ടിരിക്കുകയായിരുന്നു. ഹൃദയം റിലീസ് ചെയ്യാത്തത് കാരണം വരുമാനവും വരുന്നില്ലല്ലോ. അങ്ങനെയൊരു സാഹചര്യത്തിൽ കല്യാണമെന്നത് ചിന്തിക്കാൻ കഴിയില്ലല്ലോ.’

‘മാത്രമല്ല ആൾക്കാര് നോക്കുമ്പോൾ ഇവൻ മുതലാളിയാണല്ലോ… കല്യാണം നന്നായി നടത്തണ്ടേ. മുതലാളിയുടെ ശരിക്കുമുള്ള അവസ്ഥ അന്ന് എനിക്ക് മാത്രമാണ് അറിയാമായിരുന്നത്’, വിനീത് ശ്രീനിവാസൻ പറ‍ഞ്ഞു. കഴിഞ്ഞ ദിവസമാണ് വിശാഖ് വിവാ​ഹിതനായത്. മലയാള സിനിമ മുഴുവൻ ഒഴുകിയെത്തിയ ആഢംബര വിവാഹമായിരുന്നു നടന്നത്.

AJILI ANNAJOHN :