‘മഞ്ഞുമ്മല്‍ ബോയ്‌സി’ന് പിന്നാലെ ‘ആടുജീവിത’വും ഒ.ടി.ടിയില്‍; റിലീസ് തീയതി പുറത്ത്!

തുടര്‍ച്ചയായി വിജയങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച തേരോട്ടം അടുത്തിടെ പുറത്തിറങ്ങിയ ആവേശത്തിലും തുടരുകയാണ്. മലയാള സിനിമ ഇനി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഭരിക്കാന്‍ ഒരുങ്ങുകയാണ്. മെയ് മാസം ആദ്യം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്.

മെയ് 5ന് ആണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. 236 കോടി രൂപയാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. കോളിവുഡ് സിനിമകള്‍ കനത്ത പരാജയമാകുന്ന കാലത്ത് തമിഴ് തിയേറ്ററുടമകള്‍ക്ക് കൈത്താങ്ങായ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

പിന്നാലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആടുജീവിത’വും ഒ.ടി.ടിയില്‍ എത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബ്ലെസിപൃഥ്വിരാജ് ചിത്രം തിയേറ്ററുകളിലെത്തിയത്. 150 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തില്‍ നേടിയത്. ആടുജീവിതവും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്.

മെയ് 10ന് ചിത്രം ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയുമാണ് സംഗീതവും ശബ്ദമിശ്രണവും നിര്‍വ്വഹിച്ചത്.

അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. അതേസമയം, നാല് മാസത്തിനിടെ മലയാളം സിനിമ 900 കോടി രൂപയോളം കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം വരുമാനത്തേക്കാള്‍ കൂടുതലാണ് 2024ന്റെ ആദ്യപാദത്തില്‍ മാത്രം മലയാളം സിനിമ സ്വന്തമാക്കിയത്.

Vijayasree Vijayasree :