മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു… ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ; ശ്രീകുമാരന്‍ തമ്പി

നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ശ്രീകുമാരൻ തമ്പി നൻ പകൽ നേരത്ത് മയക്കത്തേയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ചത്

“നൻപകൽ നേരത്ത് മയക്കം” കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ.

അമ്പത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചെലവാക്കിയ തന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് “നൻപകൽ നേരത്ത് മയക്കം” എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

മമ്മൂട്ടി കമ്പനി നിർമിച്ച ആദ്യചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഐ. എഫ്. എഫ്.കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. തുടർന്ന് തുടർന്ന് ഇക്കഴിഞ്ഞ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.

രമ്യാ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Noora T Noora T :