മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിച്ചിരുന്നു, ഈ വര്‍ഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ; ടൊവിനോ തോമസ്

മലയാള സിനിമയെ സംബന്ധിച്ച് 2024 മികച്ച വര്‍ഷമായിരിക്കുകയാണ്. തുടരെത്തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് മലയാള സിനിമ. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, പ്രേമലു, ആവേശം എന്നീ സിനിമകള്‍ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. കൂടാതെ ഭ്രമയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും, വര്‍ഷങ്ങള്‍ക്കു ശേഷം, അഞ്ചക്കള്ളകോക്കാന്‍, മലൈകോട്ടൈ വാലിബന്‍, ആട്ടം, ഫാമിലി തുടങ്ങീ സിനിമകളും മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു.

2024 എന്ന വര്‍ഷം തുടങ്ങി നാല് മാസമായപ്പോഴേക്കും 900 കോടി വിറ്റുവരവാണ് മലയാള സിനിമകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയെ കളിയാക്കിയിരുന്ന കാലത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. ഒരു സമയത്ത് മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിച്ചിരുന്നുവെന്നും, സിനിമയ്ക്കുള്ളില്‍ വര്‍ക്ക് ചെയ്യുന്ന ആളുകള്‍ എന്ന നിലയ്ക്ക് തങ്ങള്‍ക്കത് നല്ല വിഷമമുണ്ടാക്കിയിരുന്നുവെന്നും ടൊവിനോ പറയുന്നു.

‘ഒരു സമയത്ത് മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിച്ചിരുന്നു. സിനിമയ്ക്കുള്ളില്‍ വര്‍ക്ക് ചെയ്യുന്ന ആളുകള്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് നല്ല വിഷമമുണ്ടായിരുന്നു. കാരണം നമ്മള്‍ ഇന്ന് ഷൂട്ട് ചെയ്തിട്ട് നാളെ ഇറക്കുന്ന ഒന്നല്ലല്ലോ സിനിമ. കൊറോണയൊക്കെ വന്നപ്പോള്‍ പരിമിതികള്‍ക്കിടയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുണ്ടാവുക മലയാളം ഇന്‍ഡസ്ട്രിയായിരിക്കും.

അന്നൊക്കെ ആദ്യം ഒ. ടി. ടിയില്‍ സിനിമകള്‍ക്ക് ഒരു തള്ള് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സെല്ലാവാതെ ഇരിക്കുന്ന അവസ്ഥയൊക്കെ വന്നിരുന്നു. കഴിഞ്ഞ കൊല്ലം ഇറങ്ങിയ സിനിമകളില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷം ഷൂട്ട് ചെയ്ത ചിത്രങ്ങളല്ല. വളരെയധികം സ്ട്രഗിള്‍ ചെയ്തിരുന്ന സിനിമകളും കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ്തത്. അതുകൊണ്ട് മലയാള സിനിമക്ക് വലിയ പ്രതിസന്ധിയാണെന്നും മലയാള സിനിമയുടെ അവസാനമാണെന്നും പറഞ്ഞവരൊക്കെയുണ്ട്.

വലിയ വലിയ സിനിമകള്‍ ചെയ്യണം ഇറക്കണമെന്നുള്ള ചിന്തകള്‍ ആദ്യ മുതലേ ഉണ്ടായിരുന്നു. എന്നാല്‍ അതിന് മൊത്തത്തില്‍ എല്ലാമൊന്ന് റെഡിയായി വന്നത് കഴിഞ്ഞ വര്‍ഷമൊക്കെയാണ്. അപ്പോഴെക്കെ ഷൂട്ട് ചെയ്ത സിനിമകള്‍ ഇറങ്ങുന്നതേയുള്ളൂ. മഞ്ഞുമ്മല്‍ ബോയ്‌സ് 2022ല്‍ ഷൂട്ട് ചെയ്തിരുന്ന സിനിമയാണ്. നമ്മളെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിക്കുമ്പോഴും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഷൂട്ട് നടക്കുന്നുണ്ട് എന്നാലോചിക്കണം.

അതൊക്കെ വെച്ചുനോക്കുമ്പോള്‍ സമയം എടുത്തിട്ടാണെങ്കിലും ആളുകള്‍ അത് മാറിപറയുന്നുണ്ട്. ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു അത് മാറ്റി പറയുമെന്ന്. കാരണം മഞ്ഞുമ്മലിന്റെ സെറ്റിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. എല്ലാവരും എന്റെ സുഹൃത്തുക്കളല്ലേ. മഞ്ഞുമ്മല്‍ വലിയ വിജയമാവുമെന്ന് അന്ന് തന്നെ ഉറപ്പുണ്ടായിരുന്നു.

അതുപോലെ ഇപ്പോള്‍ ഇറങ്ങി വലിയ വിജയമായി കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് പുതിയ വാതിലുകള്‍ തുറക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ഈ വര്‍ഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ എന്നാണ് എന്റെ സംശയം. തീര്‍ച്ചയായും ആ ഒരു കുതിപ്പിന് തടസമില്ലാതെ നമ്മുടെ സിനിമയും മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം.’ എന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ തോമസ് പറഞ്ഞത്.

Vijayasree Vijayasree :