അച്ഛന്റെ പീഡനമുറകൾ അങ്ങേയറ്റമായിരുന്നു;അച്ഛൻ വണ്ടിയിടിച്ച് മരിക്കാൻ പ്രാർഥിച്ചിട്ടുള്ള മകനാണ് ഞാൻ ; രഞ്ജിത് പറയുന്നു

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടൻ രഞ്ജിത്ത് മുൻഷിയുടേത്. ഇപ്പോൾ സീരിയലുകളിലാണ് രഞ്ജിത്ത് സജീവമായിട്ടുള്ളത്. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടാണ് രഞ്ജിത്ത് അഭിനയിച്ച് തിയേറ്റുകളിലെത്തിയ സിനിമ.നടൻ എന്നതിലുപരി ഡബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. സിനിമയിലും അഭിനയത്തിലും കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ വേണ്ടി ഇപ്പോൾ എറണാകുളത്താണ് രഞ്ജിത്തിന്റെ താമസം. ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് തുടങ്ങാൻ പോകുന്നുവെന്ന അറിയിപ്പ് വന്ന അന്ന് മുതൽ പ്രഡിക്ഷൻ ലിസ്റ്റിലുണ്ടായിരുന്ന ഒരു പേര് രഞ്ജിത്ത് മുൻഷിയുടേതായിരുന്നു.

ഇപ്പോഴിത സ്വന്തം അച്ഛനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അച്ഛന്റെ പീഡനമുറകൾ അങ്ങേയറ്റമായിരുന്നുവെന്നും അച്ഛൻ വണ്ടിയിടിച്ച് മരിക്കാൻ പ്രാർഥിച്ചിട്ടുള്ള മകനാണ് താനെന്നുമാണ് ര‍ഞ്ജിത്ത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.എന്റെ അച്ഛൻ എന്നെ ഒരുപാട് നെ​​ഗറ്റീവായി ഇൻഫ്ല്യൂവൻസ് ചെയ്ത ഒരാളാണ്. എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. പീഡന മുറുകൾ അങ്ങേയറ്റമായിരുന്നു. നാടക റിഹേഴ്സലിന് പോയതാണെന്ന് അറിഞ്ഞാൽ പിന്നെ ഭക്ഷണം പോലും തരില്ല.

വീട്ടിലും കയറ്റില്ല. അദ്ദേഹം പട്ടാളത്തിൽ നിന്നും റിട്ടേർഡായ വ്യക്തിയായതുകൊണ്ട് ആ തരത്തിൽ ഒരു പട്ടാള ചിട്ടയുണ്ട്. അ​ദ്ദേഹം വെച്ചൊരു സാധനം സ്ഥാനം തെറ്റി ഇരിക്കുന്നത് കണ്ടാൽ കൈയ്യിൽ കിട്ടുന്നത് വെച്ച് അടിക്കും. പണ്ട് അച്ഛനെ പേടിച്ചാണ് ഞാൻ ജീവിച്ചിരുന്നതെങ്കിൽ ഇന്ന് മക്കളെ പേടിച്ചാണ് ജീവിക്കുന്നത്. ഇന്ന് മക്കൾ എന്നെ അടിക്കും.എനിക്ക് ഒരു റോൾ മോഡലില്ല. ഞാൻ എല്ലാവരിൽ നിന്നും നല്ലത് എടുക്കുന്നയാളാണ്. ഒരാളെ മാത്രം റോൾ മോഡലായി വെച്ചിട്ടില്ല. കുറെ നാളുകളായി ഇപ്പോൾ ആങ്കറിങ് ചെയ്തിട്ട്. കൊവിഡ് സമയത്ത് ലോട്ടറി വരെ വിറ്റിട്ടുണ്ട് ‍ഞാൻ. ലോട്ടറി സ്റ്റാൾ എടുത്ത് കച്ചവടം നടത്തി.

അന്ന് പലർക്കും ലോട്ടറി അടിച്ചു. പലതവണ കമ്മീഷനും കിട്ടിയിട്ടുണ്ട്. ഹൃദയത്തോട് ചേർത്ത് നിർത്താൻ പറ്റുന്ന ഒരു സുഹൃത്തിനെ എനിക്ക് മീഡിയയിൽ നിന്നും കിട്ടിയിട്ടില്ല. പിന്നെ എനിക്ക് നെ​ഗറ്റീവ് തരുന്ന തരത്തിൽ എന്തെങ്കിലും ആരെങ്കിലും ചെയ്താൽ എനിക്ക് ഇഷ്ടമല്ലാത്തവരെ ഞാൻഅപ്പോൾ തന്നെ കട്ട് ചെയ്യും. അവരുടെ മൊബൈൽ നമ്പർ വരെ ഞാൻ ഡിലീറ്റ് ചെയ്യും.

രഞ്ജിത്ത് മുൻഷി പറയുന്നു. അടുത്തിടെ മമ്മൂട്ടിയേയും മോഹൻലാലിനേയും നേരിൽ കണ്ട അനുഭവങ്ങൾ രഞ്ജിത്ത് പങ്കുവെച്ചത് വൈറലായിരുന്നു. മോഹൻലാലാണോ മമ്മൂട്ടിയാണോ നല്ല നടനെന്ന് ആരെങ്കിലും ചോദിച്ചാൽ മമ്മൂട്ടിയാണ് എന്നെ താൻ പറയൂവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
കമ്മത്ത് ആന്റ് കമ്മത്തിന്റെ ഷൂട്ടിങ്ങ് ലോക്കെഷനിൽ വെച്ചാണ് ആദ്യമായി മമ്മൂട്ടിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തോട് എന്നെ പരിചയപ്പെടുത്തിയത് ഏഷ്യനെറ്റിന്റെ ഒരു പ്രതിനിധിയായിരുന്നു. കണ്ടപ്പോഴെ അദ്ദേഹം വളരെ മാന്യമായി എന്നോട് പെരുമാറി. ആദ്യമെ ഷേയ്ക്ക് ഹാൻഡ് ഒക്കെ തന്നതിന് ശേഷമാണ് അദ്ദേഹം എന്നോട് സംസാരിക്കുകയും പ്രോ​ഗ്രമിന്റെ വിശേഷങ്ങൾ ചോദിക്കുകയും ചെയ്തത്.

അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ ഷൂട്ടിങ്ങ് സെറ്റിൽ നിന്ന് വീണ പൂക്കൾ എൻ്റെ തലമുടിയിലുണ്ടായിരുന്നു. അത് കണ്ടയുടനെ അദ്ദേഹമാണ് അത് എടുത്തുകളഞ്ഞത്. അദ്ദേഹം തലയിൽ കെെവെച്ച് അനു​ഗ്രഹിച്ച അനുഭവമായിരുന്നു. എന്നാൽ മോഹൻലാലിന്റെ അടുത്ത് നിന്ന് എനിക്ക് ലഭിച്ചത് നേരെ മറിച്ചായിരുന്നു. ഒരു നാൾ വരും ഷൂട്ടിങ്ങ് ലോക്കെഷനിൽ വെച്ചാണ് മോഹൻലാലിനെ പരിചയപ്പെടുന്നത്.
അദ്ദേഹത്തിനടുത്ത് പരിചയപ്പെടാൻ ചെല്ലുമ്പോൾ അദ്ദേഹം സ്ക്രിപ്റ്റ് എന്തോ വായിച്ചോണ്ടിരിക്കുകയായിരുന്നു. എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തിട്ടും ഒരു നോട്ടം മാത്രമല്ലാതെ അദ്ദേഹം ഒന്നും സംസാരിക്കുകയോ പേര് പോലും ചോദിക്കുകയോ ചെയ്തില്ല. ആളുകൾക്ക് എപ്പോഴും ഇടപെടാൻ നല്ലത് മമ്മൂട്ടിയാണ് അദ്ദേഹം നമുക്കൊരു പരി​ഗണന നൽകുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

AJILI ANNAJOHN :