പ്രാണയിലെ പ്രകടനത്തിൽ നിത്യ മേനോൻ എന്ന അഭിനേത്രിക്ക് അഭിമാനിക്കാം .. 1.45 മണിക്കൂർ മാത്രം ഉള്ള ഫാന്റസി/ഹൊറർ/ സൈക്കോളജിക്കൽ സിനിമ.

മികച്ച ഫ്രെയിമുകളും ഭയവും മാനസിക സഞ്ചാരങ്ങളുമൊക്കെ ഇടകലർന്നു ഒരു വേറിട്ട ദൃശ്യ -ശ്രവ്യ അനുഭവമാണ് പ്രാണ പ്രേക്ഷകർക്ക് സമ്മാനിച്ചത്. വി കെ പി എന്ന സംവിധായക പ്രതിഭയുടെ പക്കൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കരുത്. കാരണം ലോകോത്തര നിലവാരത്തിലാണ് അദ്ദേഹം പ്രാണയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

സർഗാത്മകമായ വശങ്ങളാകട്ടെ , ടെക്നിക്കൽ കാര്യങ്ങളാകട്ടെ , എല്ലാം ഒന്നോടൊന്നു മികച്ചു നില്കുന്നു. മേക്കിങ് അപാരമെന്നല്ലാതെ മറ്റൊരു വാക്കില്ല പറയാൻ. 1.45 മണിക്കൂർ മാത്രം ഉള്ള ഫാന്റസി/ഹൊറർ/ സൈക്കോളജിക്കൽ സിനിമ പക്ഷെ എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തില്ല .

നിത്യ മേനോൻ എന്ന ഏകാഭിനേതാവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒരൊറ്റ ആളെ വച്ച് എങ്ങനെ മുഷിപ്പിക്കാതെ കഥ പറഞ്ഞു പോയി എന്നുള്ളത് അതിശയകരമാണ്. അതിലലപം അതിശയോക്തി കലർത്തി പറഞ്ഞാലും തെറ്റില്ല.

ആദ്യ പകുതിയിൽ ഭീതി നിറച്ച ഹൊറർ മൂഡ് ആണെങ്കിൽ രണ്ടാം പകുതിയിൽ അത് സൈക്കോളജിക്കൽ ആയി മാറുന്നു. നിത്യയെ ചുറ്റി പറ്റി ഒറ്റ വക്കിൽ പറഞ്ഞാൽ ഒരു വൺ വുമൺ ഷോ എന്ന് പറയാം പ്രാണയെ.

പി സി ശ്രീറാം എന്ന അതുല്യ പ്രതിഭയെ വര്ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് പ്രാണ എത്തിച്ചിരിക്കുകയാണ്. ആ ഇടവേളയുടെ പുതുമ ഓരോ ഫ്രയിമിലും ആസ്വാദ്യകരമാക്കുന്നു. ശബ്ദമാണ് നായകൻ എന്ന് പറയാം പ്രാണയിൽ. രാത്രിയും പകലും ഭയവും തുടങ്ങി സമയവും കാലവും വികാരങ്ങളുമെല്ലാം പ്രണയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് ശബ്ദത്തിലൂടെയാണ്.

റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം. അതുകൊണ്ടു തന്നെ ആ മികവ് സിനിമയിൽ ഉടനീളമുണ്ട്. ലൂയിസ് ബാങ്ക്സിന്റെയും രതീഷ് വേഗയുടെയും സംഗീതവും സിനിമക്ക് മറ്റൊരു അനുഭൂതി നൽകുന്നു. എന്തായാലും പ്രാണ വരവറിയിച്ചു കഴിഞ്ഞു.. കാത്തിരിക്കാം വിസ്മയങ്ങൾ വിരിയുന്നത് കാണാൻ.

praana movie – the psychological thriller

Sruthi S :