ഞങ്ങൾ പരസ്പരം ആദ്യമായി കാണുമ്പോൾ എനിക്ക് ഏഴു വയസും സുനിലേട്ടന് ഇരുപത്തൊന്നു വയസുമായിരുന്നു – വിവാഹത്തെ പറ്റി പാരിസ് ലക്ഷ്മി

ഞങ്ങൾ പരസ്പരം ആദ്യമായി കാണുമ്പോൾ എനിക്ക് ഏഴു വയസും സുനിലേട്ടന് ഇരുപത്തൊന്നു വയസുമായിരുന്നു – വിവാഹത്തെ പറ്റി പാരിസ് ലക്ഷ്മി .

നൃത്തത്തെ സ്നേഹിച്ച് കേരളത്തിലെത്തിയ വിദേശ വനിതയാണ് പാരീസ് ലക്ഷ്മി . പിന്നീട് മലയാളിയായ കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ വധുവായി കേരളത്തിന്റെ മരുമകളായി. നൃത്തവേദികളിൽ സജീവ സാന്നിധ്യമായ പാരിസ് ലക്ഷ്മി മലയാള സിനിമയുടെയും ഭാഗമാണ്. എങ്ങനെയാണ് സുനിലുമായി അടുത്തതെന്നു വെളിപ്പെടുത്തുകയാണ് പാരീസ് ലക്ഷ്മി.

‘ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായിട്ടുള്ള സൗഹൃദം ഉണ്ടായിരുന്നു. ആദ്യം കാണുമ്പോള്‍ എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം. ഫോര്‍ട്ട് കൊച്ചിയില്‍ കഥകളി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയും കലാകാരന്മാരായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ കുട്ടികള്‍ അത് കാണണമെന്നുണ്ടായിരുന്നു. അങ്ങനെ ആദ്യ ദിവസം വന്നു കണ്ടു. ഇഷ്ടമായി. രണ്ടാമത്തെ ദിവസം വന്നു. അങ്ങനെ എല്ലാ ദിവസവും വന്നു കാണുമായിരുന്നു. ഞങ്ങള്‍ എല്ലാ കലാകാരന്മാരുമായും സൗഹൃദത്തിലായി. പിന്നീടുള്ള വര്‍ഷങ്ങളിലും നാട്ടില്‍ വരുമ്പോള്‍ കണ്ടു, ആ സൗഹൃദം തുടര്‍ന്നു.

പക്ഷേ എന്റെ പത്ത് വയസിന് ശേഷം ഞാന്‍ ചേട്ടനെ കണ്ടിട്ടില്ല. ഞങ്ങള്‍ കൊച്ചിയില്‍ വന്നില്ല, വേറെ സ്ഥലത്താണ് പോയത്. ഓരോ വര്‍ഷവും ഇന്ത്യയിലെ പുതിയ സ്ഥലങ്ങള്‍ കാണാനായിരുന്നു ഞങ്ങള്‍ പോകാറുള്ളത്. പിന്നെ പതിനാറാം വയസിലാണ് ഞങ്ങള്‍ കാണുന്നത്.

ആ സമയത്ത് എന്റെ ഭരതനാട്യം പഠനം നല്ല രീതിയില്‍ പോകുകയായിരുന്നു. ചേട്ടന് എന്റെ നൃത്തം കാണണമെന്ന് ആഗ്രഹം പറഞ്ഞു അദ്ദേഹത്തിന് എന്റെ നൃത്തം ഇഷ്ടമായി. ഇനിയും പരിപാടികള്‍ ചെയ്യണമെന്ന് എന്നോട് പറഞ്ഞു. ഇവിടെ നാട്ടിലും വൈക്കത്ത് അമ്പലത്തില്‍ വച്ച് ഒരു പരിപാടി ചെയ്യണമെന്ന് ചേട്ടന്‍ പറഞ്ഞു. പക്ഷെ അതെനിക്ക് സാധിച്ചത് പത്തൊന്‍മ്പതാം വയസിലാണ്.

ഞങ്ങള്‍ തമ്മില്‍ ദീര്‍ഘനാളായുള്ള സൗഹൃദമായിരുന്നു. അത് എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല. ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്ന എന്തോ ഒന്നുണ്ട്. അത് ഞാന്‍ കുഞ്ഞായിരുന്നപ്പോഴേ ഉണ്ടായിരുന്നു. അത് തന്നെ വലുതായപ്പോഴും ഉണ്ടായി. പക്ഷെ ഒരു തീരുമാനമെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഞാന്‍ വളരെ ചെറുപ്പം ആയിരുന്നു. വിവാഹം കഴിയുന്ന സമയത്ത് എനിക്ക് പ്രായം ഇരുപത്തിയൊന്നാണ്.

പക്ഷെ എങ്കില്‍ പോലും പ്രായത്തേക്കാള്‍ കൂടുതല്‍ എനിക്ക് പക്വത ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. പക്ഷെ ഞാന്‍ ആരാണെന്നും ആരോടൊപ്പമാണ് ഞാന്‍ ജീവിക്കാന്‍ പോകുന്നതെന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒന്നും ഒളിക്കാറില്ല. അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. പിന്നെ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എന്റൊപ്പം നില്‍ക്കുക എന്നത് എളുപ്പമല്ല. പക്ഷേ അദ്ദേഹത്തിന് അത് മനസിലാക്കാന്‍ പറ്റുന്നുണ്ട്. അതാണ് വലിയ ഗുണം.

paris laxmi about marriage

Sruthi S :