ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ യാത്രയായി, സുവര്‍ണനാദം അസ്തമിച്ചു!

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ അന്തരിച്ചു. 92 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടങ്കിലും ഇന്നലെ വീണ്ടും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ലതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും സംഗീയാസ്വാദകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി അവർ വിട പറയുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ന്യുമോണിയ ബാധിച്ചതും സ്ഥിതി വഷളാക്കി. കഴിഞ്ഞ ദിവനസം സഹോദരിയും ഗായികയുമായ ആശാ ബോസ്ലെ ലതാ മങ്കേഷ്‌കറെ ആശുപത്രിയിലെത്തി കണ്ടിരുന്നു.

സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചുമക്കളിൽ മൂത്തവളായി മധ്യപ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28നാണ് ലത മങ്കേഷ്‌കർ ജനിച്ചത്. ആദ്യ പേര് ഹേമ എന്നായിരുന്നെങ്കിലും പിന്നീട് തന്റെ നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം മൂലം അച്ഛൻ ലത എന്ന് പുനർനാമകരണം ചെയ്തു, അച്ഛനിൽ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച ലത അഞ്ചാം വയസ്സു മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. അമാനത്ത് ഖാൻ, പണ്ഡിറ്റ് തുളസിദാസ് ശർമ, ഉസ്താദ് അമാൻ അലി ഖാൻ തുടങ്ങിയവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.

1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങള്‍ പാടി. ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.

1942ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് ഗായികയായി മാറി. ആദ്യമായി പാടിയ ‘കിതി ഹസാൽ’ എന്ന മറാത്തി ചിത്രത്തിലെ ‘നാച്ചുയാഗഡേ, കേലു സാരി’ എന്ന ആദ്യഗാനം സിനിമയിൽ നിന്ന് ഒഴിവാക്കി. 1943 ൽ ‘ഗജാഭാവു’ എന്ന സിനിമയിലെ ‘മാതാ ഏക് സപൂത്ത് കി ദുനിയ ബാദൽ ദേ തൂ..’ എന്ന ഗാനമാലപിച്ചാണ് ഹിന്ദി സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. ലതയെ ആദ്യകാലത്ത് പ്രോത്സാഹിപ്പിച്ചത് മറാത്തി സംഗീത സംവിധായകൻ വിനായകായിരുന്നു. 1945ൽ വിനായകിന്റെ കൂടെ ബോംബെയിൽ എത്തിയ അദ്ദേഹത്തിന്റെ മരണശേഷം ഗുലാം ഹൈദറെ മാർഗദർശിയായി സ്വീകരിച്ചു.

1948ൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മജ്‌ബൂർ’ എന്ന സിനിമയിലെ ‘ദിൽ മേര ധോഡ, മുഛെ കഹിൻ കാ നാ ചോര’ എന്ന ഗാനം ലതയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി. 1949ൽ ‘മഹൽ’ എന്ന സിനിമയിലെ ‘ആയേഗ ആനേവാല’ എന്ന ഗാനമാണ് ലതയുടെ ആദ്യ ഹിറ്റ്. സച്ചിൻ ദേവ് ബർമൻ, സലീൽ ചൗധരി, ശങ്കർ ജയ്കിഷൻ, മദൻ മോഹൻ, ഖയ്യാം, പണ്ഡിറ്റ് അമർനാഥ്, ഹുസൻലാൽ ഭഗത് റാം തുടങ്ങി അക്കാലത്തെ പ്രശസ്ത സംഗീത സംവിധായകർക്കെല്ലാം വേണ്ടി അവർ പിന്നീട് പാടി. മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ്, ഹേമന്ത് കുമാർ, മഹേന്ദ്ര കപൂർ, മന്ന ഡേ തുടങ്ങിയ പ്രശസ്തരായ ഗായകർക്കൊപ്പവും ലതയുടെ ശബ്ദം മുഴങ്ങി. 1950കളിൽ ബൈജു ബാവ്ര (1952), മദർ ഇന്ത്യ (1957), ദേവദാസ് (1955), ചോരി ചോരി (1956), മധുമതി (1958) എന്നീ ചിത്രങ്ങളിലും ലത അഭിനയിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായകരില്‍ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001 ല്‍ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മറ്റ് നിരവധി പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

Noora T Noora T :