മുഖത്തടിച്ച പോലെ നോ പറയാൻ എനിക്കറിയില്ലായിരുന്നു, എന്റെ ഭർത്താവാണ് അത് പഠിപ്പിച്ചത് ; മീന

കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി തെന്നിന്ത്യയിലെ മുൻനിര നായിക നടിയായി തിളങ്ങുകയാണ് മീന. ആറാമത്തെ വയസിൽ സിനിമയിലെത്തിയ മീന അഭിനേത്രിയെന്ന നിലയിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് തമിഴ്, തെലുങ്ക് സിനിമകളിൽ ഭാ​ഗ്യ നായികയായി അറിയപ്പെട്ട മീന മലയാളത്തിലും സാന്നിധ്യമറിയിച്ചു. അന്നും ഇന്നും മീനയ്ക്ക് മലയാളത്തിൽ ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാൻ കഴിയുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലും സൂപ്പർ സ്റ്റാറുകളോടൊപ്പം മികച്ച സ്ക്രീൻ പ്രസൻസുള്ള നായിക മീനയായിരുന്നു.

വിവാ​ഹ ശേഷം കരിയറിൽ വന്ന ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിൽ മലയാള സിനിമയിൽ നിന്നാണ് നല്ല അവസരങ്ങൾ മീനയ്ക്ക് ലഭിച്ചത്. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളുടെ ഭാ​​ഗമാവാൻ രണ്ടാം വരവിൽ മീനയ്ക്ക് സാധിച്ചു.

അപ്രതീക്ഷിതമായാണ് മീനയുടെ ജീവിതത്തിൽ ചില ദുഃഖങ്ങൾ ഉണ്ടാവുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ മീനയുടെ ഭർത്താവ് വിദ്യാ സാ​ഗർ മരിച്ചു. സിനിമാ ലോകത്തെ ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു ഇത്. മീനയ്ക്ക് പിന്നീട് ആശ്വാസമായത് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ്. പതിയെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീന.

കഴിഞ്ഞ ദിവസമാണ് സിനിമാ രം​ഗത്തെ മീനയുടെ 40 വർഷങ്ങൾ ആഘോഷിച്ചത്. രജിനീകാന്ത് ഉൾപ്പെടെയുള്ള താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. സിനെ ഉലകത്തിന് മീന നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഭർത്താവ് വിദ്യാസാ​ഗറിന്റെ ഓർമ്മകൾ മീന അഭിമുഖത്തിൽ പങ്കുവെച്ചു. രസകരമായ അനുഭവങ്ങളും മീന ഓർത്തു.

‘എന്റെ തന്നെ എത്രയോ സിനിമകൾ കാണാതെ പോയിട്ടുണ്ട്. തിയറ്ററിൽ പോയി കാണാനും പറ്റില്ല, പ്രിവ്യൂ ഷോയും കാണാൻ പറ്റില്ല.ഒരു പടത്തിന്റെ വിജയം ആസ്വദിക്കാൻ സമയമുണ്ടായിരുന്നില്ല. സ്കൂളിൽ ബോയ് ഫ്രണ്ട്സ് ഒരുപാട് ഉണ്ടായിരുന്നു. ഇപ്പോഴാണ് അത് മനസ്സിലാവുന്നത്. അങ്ങനെ സംസാരിച്ചതിന് അതാണോ അർത്ഥമെന്നൊക്കെ. അന്ന് അതറിയില്ലായിരുന്നു. 2000 ത്തിന്റെ തുടക്കത്തോടെയാണ് സിനിമാ ഇൻഡസ്ട്രി മാറുന്നത്

പുതിയ പെൺകുട്ടികൾ വന്നു. പബ്ബിലും ക്ലബിലും പോവലുമൊക്കെ അപ്പോഴാണ് തുടങ്ങുന്നത്. എന്നെ വിളിക്കുമ്പോൾ അമ്മ നോ പറയുമായിരുന്നു. അമ്മയ്ക്ക് എപ്പോഴും ആശങ്കയായിരുന്നു. മോശം പേര് വരാതെ നല്ലയിടത്ത് പോയി ഞാൻ സെറ്റിൽ ചെയ്യണമെന്നായിരുന്നു അമ്മയ്ക്ക്. അവരെല്ലാം പോവുന്നുണ്ടല്ലോ എനിക്ക് പോയിക്കൂടെ എന്ന് പറഞ്ഞ് ഞാൻ വഴക്കിട്ടിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. അമ്മ നോ പറഞ്ഞു’എന്റെ ചുറ്റും എപ്പോഴും ആളുകളുണ്ടായിരുന്നത് കൊണ്ട് ഒറ്റയ്ക്ക് പോയാൽ എന്ത് ചെയ്യണം എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ മാറി. ഷൂട്ടിന് ഒറ്റയ്ക്ക് പോവും. ഫങ്ഷനും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോവും. ഈ സ്വാതന്ത്ര്യം തന്നത് എന്റെ ഭർത്താവാണ്. ഇതിവരെയും ഓക്കെ, അമ്മ പറഞ്ഞ് തന്നതല്ലേ, പക്ഷെ ഇനിയും നീ ഇങ്ങനെ ഇരിക്കരുത്. ആത്മവിശ്വാസവും ധൈര്യവും വേണമെന്ന് പറഞ്ഞു’

‘എനിക്ക് പറ്റില്ലെന്ന് പറയാൻ ബുദ്ധിമുട്ടാണ്. മുഖത്തടിച്ച പോലെ നോ പറയാൻ എനിക്കറിയില്ലായിരുന്നു. എന്റെ ഭർത്താവ് പഠിപ്പിച്ചതാണ്. ധൈര്യമായിരിക്കണം, പ്രാക്ടിക്കലായിരിക്കണം ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞു. നിന്നേക്കാളും ചെറിയ ആളുകൾ വിദേശത്തൊക്കെ പോയി വരുന്നു, ഇത്രയും എക്സ്പീരിയൻസുള്ള നീയെന്തിനാണിങ്ങനെ ഭയക്കുന്നതെന്ന് പറയുമായിരുന്നു. അദ്ദേഹം പറയുമ്പോൾ അമ്മയ്ക്കും മറുത്തൊന്നും പറയാൻ പറ്റില്ലായിരുന്നു. സൂക്ഷിക്കണേ എന്ന് മാത്രം പറഞ്ഞു,’ മീന ചിരിച്ചു കൊണ്ട് പറഞ്ഞു. മകൾക്കും അമ്മയ്ക്കുമൊപ്പമാണ് മീനയിപ്പോൾ കഴിയുന്നത്.

AJILI ANNAJOHN :