ആനക്കൊമ്പു കേസിൽ മോഹൻലാൽ ഒന്നാം പ്രതി ! കുറ്റപത്രം സമർപ്പിച്ചു

ആനക്കൊമ്പു കേസിൽ മോഹൻലാൽ ഒന്നാം പ്രതി . താരം ഒന്നാം പ്രതിയാണെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. പെരുമ്പാവൂർ മജിസ്ടേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറി. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുഖ്യവനപാലകൻ മുൻകാല പ്രാബല്യത്തോടെ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മജിസ്ട്രേറ്റ് കോടതിയിൽ ഈ മാസം 16 ന് കുറ്റപത്രം സമർപ്പിച്ചത്.

മോഹൻലാൽ അടക്കം കേസിൽ നാലു പ്രതികളാണുളളത്. മോഹൻലാലാണ് ഒന്നാം പ്രതി. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ മൂന്നാം പ്രതിയും, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്. മോഹൻലാലിന്റെ തേവരയിലുളള വീട്ടിൽ ആദായികുതി വിഭാഗം നടത്തിയ റെയ്ഡിൽ നാലു ആനക്കൊമ്പുകൾ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ പ്രവൃത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്നു കുറ്റപത്രത്തിലുണ്ട്.

1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകൾ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും, അവ വാങ്ങി സൂക്ഷിക്കുകയും സർക്കാർ മുതലായ ആനക്കൊമ്പുകൾ സംബന്ധിച്ച് സർക്കാരിലേക്ക് യാതൊരുവിധ അറിയിപ്പും നൽകാതിരിക്കുകയും ചെയ്തുവെന്നാണ് പ്രതികളുടെ പേരിലുളള കുറ്റം.

മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാരിന് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ ബാധ്യത ഉണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചിരുന്നു. വനം വകുപ്പ് 2012 ല്‍ എടുത്ത കേസില്‍ ഒരു തുടര്‍നടപടിയും ഇല്ലെന്ന് കോടതി വിമര്‍ശിച്ചു. എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അകാരണമായ കാലതാമസം കാണുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

mohanlal first accused in ivory case

Sruthi S :