‘ഓൺലൈനിലെ ചില ഞരമ്പന്മാർക്കാണ് പ്രശ്നം, ചിലപ്പോൾ ഞാൻ ചീത്ത വിളിക്കും, നമോശം മൂഡിൽ ഇരിക്കുമ്പോൾ വീഡിയോകളുടെ കമന്റ് തപ്പി ഇവനെ രണ്ട് ചീത്ത പറഞ്ഞേക്കാം എന്ന് കരുതും; അനുമോൾ പറയുന്നു

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷക‍ർക്ക് സുപരിചിതയായ നടിയാണ് അനുമോൾ. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഏറെ സെലക്ടീവ് ആണ് നടി. കാമ്പുള്ള വേഷങ്ങള്‍ പല സിനിമകളിലും അനുമോൾ ചെയ്തിട്ടുണ്ട്.

ഇവൻ മേഘരൂപൻ, ചായില്യം, വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയവ നടി ചെയ്ത ശ്രദ്ധേയ സിനിമകളാണ്. നടി അഭിനയിച്ചതിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ആയിരുന്നു. ചിത്രത്തിൽ ഒരു വേശ്യയുടെ വേഷത്തിലാണ് അനുമോൾ എത്തിയത്. ഈ സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നടി.

‘വെടിവഴിപാടിന് ശേഷം കുറേ സിനിമകൾ അങ്ങനെ വന്നിരുന്നു. ആ സിനിമയുടെ പേരിൽ പലരും മോശം കമന്റുകൾ പറഞ്ഞു. ഞാൻ അഭിനയിച്ചതല്ലേ. ജീവിച്ചതല്ലല്ലോ. ഒരു സിനിമയിൽ ഞാൻ മരിച്ചാൽ അവർ എന്താണ് വിചാരിക്കുന്നത്, ഞാൻ മരിച്ചിട്ട് വീണ്ടും തിരിച്ചു വന്നതാണെന്നോ’

ഇങ്ങനത്തെ റോളുകൾ സ്ത്രീകൾ ചെയ്യുമ്പോഴാണ് ആ പ്രശ്നം കുറച്ച് കൂടുതൽ. നമ്മുടെ ഒരു ഹീറോ കണ്ടാൽ തല്ലിക്കൊല്ലാൻ തോന്നുന്ന തരത്തിൽ അഭിനയിച്ചാൽ അത് ഹീറോയിസം, നമ്മൾ എന്ത് ചെയ്താലും അതിൽ കുറ്റം പറയുക എന്നാണ് ആൾക്കാരുടെ രീതി’എന്റെ ആദ്യ സിനിമകളിൽ പെട്ടതാണിത്. ഇത്ര വലിയ കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമെന്ന് ആത്മവിശ്വാസം ഇല്ലെന്നും കൊള്ളാവുന്ന ആരെയെങ്കിലും നിങ്ങൾ വിളിച്ചോളൂ എന്ന് പറഞ്ഞിട്ട് ഞാൻ ആദ്യം ഒഴിവാക്കിയതാണ്. പ്രൊഡ്യൂസർ അരുൺ അനു ഒന്ന് ട്രെെ ചെയ്യൂ, വിശദമായി കഥ കേൾക്ക് ഞാൻ സംവിധായകൻ ശംഭുവിനെ വിടാം എന്ന് പറഞ്ഞു. പട്ടാമ്പിയിലെ എന്റെ വീട്ടിൽ രാവിലെ ശംഭു വന്നിട്ട് വൈകുന്നേരം ആണ് പോവുന്നത്’

‘അത്രയും നേരം സ്ക്രിപ്റ്റ് വായിക്കുകയും അതേ പറ്റി ചർച്ച ചെയ്യുകയും ചെയ്തു. വായിച്ചപ്പോൾ രണ്ട് മൂന്ന് ഏരിയകളിൽ ഞാൻ തീരെ കംഫർട്ടബിൾ അല്ല എന്ന് പറഞ്ഞു. ഒമ്പത് സജഷനുകളാണ് അന്ന് പറഞ്ഞത്. അതിൽ ഒരു വിധമൊക്കെ അവർ കംഫർട്ടബിൾ ആക്കിത്തന്നു’

എ​ഗ്രിമെന്റ് ഒപ്പുവെക്കുമ്പോൾ അരുൺ എന്നോട് പറഞ്ഞു. അനു കംഫർ‌ട്ടബിൾ അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും, പത്ത് ദിവസം ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും സെറ്റിൽ നിന്ന് ഇറങ്ങിപ്പോവാം. ആരും ഒന്നും ചോദിക്കില്ലെന്ന്. സെറ്റിൽ എല്ലാവരും അനിയത്തിക്കുട്ടിയെ പോലെ എന്നെ കൊഞ്ചിച്ചു താലോലിച്ചു. എനിക്ക് കംഫർട്ടബിൾ ആവാൻ വേണ്ടിയായിരിക്കും. അവർക്കായിരുന്നു ടെൻഷൻ കൂടുതൽ. ഓരോ സീൻ ചെയ്യുമ്പോഴും ഓക്കെ അല്ലെ കംഫർട്ടബിൾ അല്ലെ എന്ന് ചോദിക്കും’


സിനിമ ഇറങ്ങിയ സമയത്ത് 90 ശതമാനവും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഇൻഡസ്ട്രിയിലെ ഒരുപാട് സീനിയർ സംവിധായകർ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. അപ്പോഴും ഒരു 10 ശതമാനം ചീത്ത വിളിച്ചതും കുറ്റം പറഞ്ഞതുമായ ആൾക്കാരുണ്ട്. കുടുംബത്തിലും 90 ശതമാനം പേരും അത് എൻജോയ് ചെയ്തു. നന്നായി പെർഫോം ചെയ്തു എന്ന് പറഞ്ഞു’

‘ഓൺലൈനിലെ ചില ഞരമ്പൻ ആൾക്കാർക്കായിരുന്നു കുറച്ച് പ്രശ്നം. ചിലപ്പോൾ ഞാൻ ചീത്ത വിളിക്കും. നമ്മൾ മോശം മൂഡിൽ ഇരിക്കുമ്പോൾ വെടിവഴിപാട് വീഡിയോകളുടെ കമന്റ് തപ്പി ഇവനെ രണ്ട് ചീത്ത പറഞ്ഞേക്കാം എന്ന് കരുതും.’ ചേച്ചീ എന്ന് വിളിച്ച് നന്നായി സപ്പോർട്ട് ചെയ്യുന്ന കുറച്ച് അനിയൻമാരും പിന്തുണയ്ക്കുന്നവരിലുണ്ടെന്നും അനുമോൾ പറഞ്ഞു. കാൻചാനൽ മീഡിയയോടാണ് പ്രതികരണം.

AJILI ANNAJOHN :