സങ്കടങ്ങൾ ഒക്കെ ഒരു സന്തോഷമുണ്ടാക്കിയിട്ടാണ് അന്ന് മമ്മൂക്ക മടങ്ങിയത്, നമ്മളുടെ ദുഃഖത്തിൽ നമ്മളറിയാതെ നമ്മളെ സാന്ത്വനിപ്പിക്കുന്ന ആളാണ് മമ്മൂക്ക’ ആശ ശരത്ത് പറയുന്നു !

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന താരമാണ് ആശ ശരത്ത്. സീരിയലുകളിലൂടെയാണ് ആശ ശരത് അഭിനയ രംഗത്തേക്ക് എത്തിയത്. നിഴലും നിലാവും എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ആശ ശരത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് പ്രശസ്തയാവുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രമാണ് ആശയുടെ കരിയറിൽ വഴിത്തിരിവായത് . തുടർന്നാണ് ആശ ശരത് സിനിമയില്‍ എത്തുന്നത്.

2012-ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയായിരുന്നു ആശയുടെ ആദ്യ സിനിമ. പിന്നീട് വന്ന സക്കറിയയുടെ ​ഗർഭിണികൾ, ദൃശ്യം എന്നീ സിനിമകളിലൂടെ താരം മലയാളത്തിൽ സജീവമാവുകയായിരുന്നു. ദൃശ്യത്തിലെ സുപ്രധാന വേഷം ആശയുടെ കരിയർ ഗ്രാഫ് ഉയർത്തി. ചിത്രത്തിന്റെ തമിഴ് പതിപ്പിലും ആശ അതേ വേഷത്തിൽ എത്തി.

പിന്നീട് വർഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും ആശ അഭിനയിച്ചു. ഇപ്പോൾ , മമ്മൂട്ടിയോടൊപ്പം വർഷം സിനിമയിൽ അഭിനയിച്ചതിന്റെയും മമ്മൂട്ടി തനിക്ക് നൽകിയ വലിയൊരു സർപ്രൈസിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ആശ. ഫ്‌ളവേഴ്‌സ് ടിവിയിലെ ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ആശ മനസ് തുറന്നത്.

‘മമ്മൂക്കയ്ക്ക് ഒപ്പമുള്ള ആദ്യ സിനിമ വർഷം എന്ന സിനിമ ആയിരുന്നു. മമ്മൂക്ക വളരെ സ്ട്രിക്ടാണെന്ന് എല്ലാവരും പറഞ്ഞു പേടിപ്പിച്ചിരുന്നു. സിനിമയിൽ ഞാനും മമ്മൂക്കയും ഭാര്യയും ഭർത്താവുമാണ്. എല്ലാ സീനുകളും ഞാനും മമ്മൂക്കയും ഒരുമിച്ചായിരുന്നു. ആദ്യത്തെ ഒരു ദിവസം മാത്രമാണ് എനിക്ക് ഒരു ഭയം ഉണ്ടായിരുന്നത്. ഭയന്നാൽ പിന്നീടുള്ള ദിവസം നമുക്ക് അഭിനയിക്കാൻ പറ്റില്ല. അടികൂടുകയും, ചീത്ത പറയുകയും, കുശുമ്പ് ഒക്കെ കാണിക്കുകയും ഒക്കെ ചെയ്യുന്ന ഭാര്യയും ഭർത്താവും ഒക്കെയാണ്.’


‘ആദ്യത്തെ ഒരു ദിവസം ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ അത് കഴിഞ്ഞപ്പോൾ മമ്മൂക്ക വളരെ വളരെ ഫ്രണ്ട്‌ലി ആയി, എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു നല്ല സുഹൃത്തായി. ആ സൗഹൃദം ഇപ്പോഴുമുണ്ട്. എനിക്ക് എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു മഹാനടനാണ് മമ്മൂക്ക.’ ആശ ശരത് പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടത്തിൽ ആരെയും വിളിക്കാതെ നടത്തിയ വീട് പാർക്കൽ ചടങ്ങിൽ അപ്രതീക്ഷിതമായി എത്തി മമ്മൂട്ടി സർപ്രൈസ്‌ നൽകിയതിനെ കുറിച്ചും ആശ പറഞ്ഞു.

‘ജീവിതത്തിൽ വലിയ വലിയ സങ്കടങ്ങൾ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ആ സാഹചര്യത്തിൽ എന്റെ എറണാകുളത്തെ വീടിന്റെ ഹൗസ് വാമിങ് ഒന്നും നടത്താൻ ആഗ്രഹിച്ചിരുന്നില്ല. എന്റെ വളരെ വേണ്ടപ്പെട്ടവർ എന്നെ വിട്ടു പോയ ഘട്ടമായിരുന്നു. അതുകൊണ്ട് ചടങ്ങുകൾ ഒന്നും നടത്തണമെന്ന് ഉണ്ടായില്ല. കുടുംബം മാത്രമുള്ള പരിപാടിയായിരുന്നു.’

‘എപ്പോഴോ ഞാൻ ഇത് മമ്മൂക്കയോട് സൂചിപ്പിച്ചിരുന്നു. ഹൗസ് വാമിങ് ആണ്. പക്ഷെ പരിപാടി ഒന്നും ഇല്ല എന്ന് പറഞ്ഞിരുന്നു. കുടുംബക്കാരെ പോലും ഞാൻ വിളിച്ചിരുന്നില്ല. പലരും അറിഞ്ഞു വന്നതാണ്. ഒരു സർപ്രൈസ് എന്ന പോലെ ആ ദിവസം മനസിലാക്കി മമ്മൂക്ക വന്നു. മമ്മൂക്കയെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞെട്ടിപ്പോയി. അത് ജീവിതത്തിലെ വളരെ സന്തോഷമുള്ള നിമിഷമാക്കി മാറ്റി മമ്മൂക്ക. സങ്കടങ്ങൾക്ക് ഒക്കെ ഒരു സന്തോഷമുണ്ടാക്കിയിട്ടാണ് മമ്മൂക്ക മടങ്ങിയത്. അതൊക്കെ മമ്മൂക്കയുടെ മഹത്വമാണ്. നമ്മളുടെ ദുഃഖത്തിൽ നമ്മളറിയാതെ നമ്മളെ സാന്ത്വനിപ്പിക്കുന്ന ആളാണ് മമ്മൂക്ക’ ആശ പറഞ്ഞു.

AJILI ANNAJOHN :