യുഎഇ ഗോൾഡൻ വീസയ്ക്ക് അർഹനായി നടൻ ജയറാം ;ബഹുമതി ഒരുക്കി തന്ന എംഎ യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി അറിയിക്കുന്നതായി ജയറാം!

നടൻ ജയറാമിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ജയറാം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് ജയറാം നന്ദി അറിയിച്ചു. ഗോള്‍ഡന്‍ വിസ ഒരുക്കിത്തന്ന എംഎ യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി അറിയിക്കുന്നതായി ജയറാം പറഞ്ഞു. ചടങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ജയറാം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഏറ്റവും മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക.

മികവ് പുലര്‍ത്തുന്ന പ്രവാസികളുടെ മക്കള്‍ക്കും അവരുടെ കുടുംബത്തിനും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കും. 50 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പാരിതോഷികവും നല്‍കും. കഴിഞ്ഞ വര്‍ഷം മുതല്‍ 12-ാം ക്ലാസില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.

AJILI ANNAJOHN :