അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായ പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല ; താന്‍ അവനൊപ്പമാണെന്ന് സുമേഷ് മൂര്‍ !

പുതുമുഖ നടിയെ ലൈംഗികപീഡനത്തിനിരയാക്കി എന്ന കേസില്‍ വിജയ് ബാബുവിനൊപ്പമെന്ന് നടന്‍ സുമേഷ് മൂര്‍. അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായ പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കില്ലെന്നും അതിന്റെ പേരില്‍ ഒരു പടത്തിനെ തഴയുന്നതിനോട് യോജിക്കാനാവില്ലെന്നും മൂര്‍ പറഞ്ഞു.

അവള്‍ക്കൊപ്പമെന്നത് ട്രെന്‍ഡായെന്നും താന്‍ അവനൊപ്പമാണെന്നും മൂര്‍ പറഞ്ഞു. ഇത്തവണത്തെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്‌കാരം മൂറിനാണ് ലഭിച്ചത്. കളയിലെ പ്രകടനമാണ് മൂറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സംസ്ഥാന ചലച്ചിത്രപുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളെ പറ്റി മീഡിയ വണിനോട് പ്രതികരിക്കുകയായിരുന്നു മൂര്‍.

‘ഞാന്‍ പറയുന്നത്, ഇത് കോടതിയില്‍ ഇരിക്കുന്ന കേസാണ്. പക്ഷേ സിനിമക്ക് അങ്ങനെയൊന്നുമില്ല. പ്രൊഡ്യൂസര്‍ക്ക് ഒരു പ്രശ്‌നമുണ്ടെന്ന് കരുതി അതില്‍ അഭിനയിച്ച ആള്‍ക്കാരെ തള്ളിക്കളയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല.

അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായ പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ. അതിന്റെ പേരില്‍ ഒരു പടത്തിനെ തഴയുന്നതിനോട് യോജിക്കാനാവില്ല.

ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം എന്നത് ട്രെന്‍ഡായി. അവനൊപ്പവും ആള്‍ക്കാര് വേണ്ടേ. ഇതിന്റെ പേരില്‍ വിമര്‍ശനം ഉണ്ടായിക്കോട്ടെ. എനിക്കെതിരെ മീ ടുവോ റേപ്പോ എന്ത് വന്നാലും ഞാന്‍ സഹിക്കും.

ആണുങ്ങള്‍ക്കാര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല. അപ്പോള്‍ അത് റേപ്പായി, മീ ടുവായി പ്രശ്‌നങ്ങളായി. സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാവില്ലേ. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കണ്ടേ. എന്തിനാണ് നിരന്തരമായി പീഡിപ്പിക്കുപ്പെടാന്‍ പോയിക്കൊണ്ടിരിക്കുന്നത്,’ മൂര്‍ പറഞ്ഞു.

ഈ അവാര്‍ഡ് ഹോമില്‍ അഭിനയിച്ച എല്ലാവര്‍ക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണ്. കളയിലെ എല്ലാവരും ചേര്‍ന്ന് തന്ന അവാര്‍ഡ് ആണിത്. അവരുടെ കൂടെ ഇന്ദ്രന്‍സേട്ടനേയും സ്മരിക്കുന്നുവെന്നും മൂര്‍ കൂട്ടിച്ചേര്‍ത്തു

ഹോം സിനിമയെ തഴഞ്ഞ ജൂറി തീരുമാനത്തിനെതിരെ ഇന്ദ്രന്‍സും സംവിധായകന്‍ റോജിന്‍ തോമസുമുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്ന് വെച്ച് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കുടുംബത്തില്‍ ആരെങ്കിലും ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുടുംബക്കാരെയെല്ലാം പിടിച്ചുകൊണ്ട് പോവുമോ? അങ്ങനെയാണെങ്കിലും അത് ആരോപണമായി നില്‍ക്കുകയല്ലേ, അതില്‍ വിധിയൊന്നും വന്നിട്ടില്ലല്ലോ.

അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ വിഷയമാണെങ്കില്‍ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്‌വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ് ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചിരുന്നു.

AJILI ANNAJOHN :