രാജീവാണ് നമുക്ക് പോലീസുകാർക്ക് എതിരെയുള്ള മുദ്രാവാക്യം വിളിച്ച് തന്നിരുന്നത്, അദ്ദേഹത്തിന്റെ സിനിമയാണ് കുറ്റവും ശിക്ഷയും; ശ്രീജിത്ത് ദിവാകരൻ പറയുന്നു!

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രം കുറ്റവും ശിക്ഷയും തിയേറ്ററുകളിൽ റിലീസായിരിക്കുകയാണ്. ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ്.

തന്റെ ഔദ്യോഗിക ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് സിബി തോമസ് സിനിമയാക്കിയിരിക്കുന്നത്. സിബി തോമസ് ഇന്‍സ്പെക്ടറായിരുന്ന സമയത്ത് കുണ്ടംകുഴി എന്ന മലയോര പ്രദേശത്ത് നടന്ന ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഇതിവൃത്തമായത്. ആസിഫ് അലി, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സമ്മിശ്രപ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

പോലീസുകാരുടെ കഥ പറയുന്ന കുറ്റവും ശിക്ഷയും റിയലിസ്റ്റിക് സിനിമ എന്ന രീതിയിൽ ഏറെ ശ്രദ്ധിക്കപെടുന്നുണ്ട്.ഈ സിനിമക്ക് തിരക്കഥയെഴുതാനുള്ള അവസരം സ്വീകരിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ ശ്രീജിത്ത് ദിവാകരൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്.‘ഈ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ ഇത് രാജീവ് രവിയുടെ സിനിമയാണ്.

അതായത് ഞാൻ ആദ്യം തിരക്കഥയെഴുതിയിട്ട് രാജീവിന്റെ അടുത്ത് എത്തിയതല്ല. അല്ലെങ്കിൽ ഏതെങ്കിലും സംവിധായകന്റെ അടുത്ത് എത്തിയതല്ല. രാജീവിന്റെ ഒരു സിനിമക്ക് വേണ്ടിയിട്ടുള്ള തിരക്കഥ ആയിരുന്നു ഇത്. രാജീവാണ് നമുക്ക് പോലീസുകാർക്ക് എതിരെയുള്ള മുദ്രാവാക്യം വിളിച്ച് തന്നിരുന്നത്. പോലീസ് മുഴുവൻ ഗുണ്ടകളാണെന്ന മുദ്രാവാക്യവും ഭരണവർഗത്തിന്റെ ചട്ടുകമാണ് പോലീസെന്നും മർദ്ദനോപാധിയാണ് പോലീസെന്നും പറയുന്നത് ഞങ്ങളുടെ നേതാവായ രാജീവാണ്.

രാജീവ് ചെയ്യുന്ന സിനിമയിൽ എന്തായാലും അങ്ങനെ ഒരു പക്ഷപാതമായ നിലപാട് ആയിരിക്കില്ലെന്ന ഊഹം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമക്ക് തിരക്കഥ എഴുതാനുള്ള അവസരം സ്വീകരിക്കാൻ സംശയമൊന്നും ഉണ്ടായിരുന്നില്ല.’ എന്നാണ് ശ്രീജിത്ത് ദിവാകരൻ പറഞ്ഞത്.

AJILI ANNAJOHN :