പത്താം ക്ലാസുകാരിയായ ചിന്മയി ഇനി സംവിധായിക; ഇന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക

വിജയ് യേശുദാസ്, കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍, പുതുമുഖം ബാലതാരം മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിന്മയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൊന്‍കുന്നം ചിറക്കടവില്‍ ആരംഭിച്ചു. എസ് ആര്‍ വി എന്‍ എസ് എസ് സ്‌കൂളില്‍ വെച്ച് നടന്ന പൂജാ ചടങ്ങില്‍, കോട്ടയം ജില്ലാ കളക്ടര്‍ പി കെ ജയശ്രീ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

തുടര്‍ന്ന് കളക്ടര്‍ കഥാപാത്രത്തെ പി കെ ജയശ്രീ അവതരിപ്പിക്കുകയും ചെയ്തു.സാബു കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍
സുധീര്‍, സജിമോന്‍ പാറയില്‍,ഹാരിസ് മണ്ണാഞ്ചേരിയില്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല.

ചേമ്പിലത്തുള്ളി,ഗ്രാന്റ് മാ എന്നീ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ചിന്മയി പത്താംക്ലാസിലെ പരീക്ഷാ ഫലം കാത്തിരിക്കുന്നതിനിടയിലാണ് താന്‍ പഠിക്കുന്ന സ്‌കൂളില്‍ വെച്ച് തന്റെ ആദ്യ ചലച്ചിത്ര സംവിധാനത്തിന് തുടക്കം കുറിച്ചത്. ‘കങ്കാരു’ എന്ന ചിത്രത്തിന്റെ കഥാകൃത്തും ‘1000-ഒരു നോട്ടു പറഞ്ഞ കഥ’ ‘സൂത്രക്കാരന്‍’എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ അനില്‍ രാജിന്റെ മകളാണ് പത്താം ക്ലാസുക്കാരിയായ ചിന്മയി.

ഇന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറുന്ന ചിന്മയി, സ്‌കൂള്‍ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നല്ല സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്റര്‍ടൈനര്‍ ചിത്രമാണ് ഒരുക്കുന്നത്. തിരക്കഥ സംഭാഷണം അനില്‍ രാജ് എഴുതുന്നു. ബെന്നി ജോസഫ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

കവി പ്രസാദ്,ശ്യാം ഇന്നത് എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു. എഡിറ്റര്‍-മനു ഷാജു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -മന്‍സൂര്‍ അലി, കല-ത്യാഗു തവന്നൂര്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം-സുകേഷ് താനൂര്‍,സ്റ്റില്‍സ്-പവിന്‍ തൃപ്രയാര്‍,പരസ്യകല-പ്രമേഷ് പ്രഭാകരന്‍, നൃത്തം-പപ്പു വിഷ്ണു, അസോസിയേറ്റ് ഡയറക്ടര്‍-സുഹാസ് അശോകന്‍.പി ആര്‍ ഒ-എ എസ് ദിനേശ്.

Vijayasree Vijayasree :