2024 കാന്‍ ഫിലിം ഫെസ്റ്റിവല്‍; പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം സന്തോഷ് ശിവന്

2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം നാളെ നടക്കുന്ന ചടങ്ങില്‍ സന്തോഷ് ശിവന് സമ്മാനിക്കും. അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തുന്ന ഛായാഗ്രാഹകര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍.

2013 ലാണ് പിയര്‍ ആഞ്ജിനൊ പുരസ്‌കാരം ആരംഭിച്ചത്. ഫിലിപ്പ് റൂസലോട്ട്, വില്‍മോസ് സിഗ്മണ്ട്, റോജര്‍ എ ഡീക്കിന്‍സ്, പീറ്റര്‍ സുഷിറ്റ്‌സ്‌കി, ക്രിസ്റ്റഫര്‍ ഡോയല്‍, എഡ്വേര്‍ഡ് ലാച്ച്മാന്‍,സെസിലി ഷാങ്, ബ്രൂണോ ഡെല്‍ബോണല്‍, മോഡുര പാലറ്റ്, ആഗ്‌നസ് ഗോദാര്‍ഡ്, പമേല അല്‍ബറാന്‍, ഡാരിയസ് ഖോണ്ട്ജി, എവെലിന്‍ വാന്‍ റെയ്, ബാരി അക്രോയ്ഡ് എന്നിവര്‍ക്ക് പുരസ്‌കരം ലഭിച്ചിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള വ്യക്തിയാണ് സന്തോഷ് ശിവന്‍. 12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

നിരവധി സിനിമകള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള സന്തോഷ് ശിവന്‍ മകരമഞ്ഞ് എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.

Vijayasree Vijayasree :