മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി എൽ360; വൈറലായി പിറന്നാൾ പ്രസംഗം!!

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെ 64-ാം പിറന്നാള്‍. മലയാളക്കര തന്നെ മോഹന്‍ലാലിന്റെ പിറന്നാള്‍ കൊണ്ടാടിയെന്ന് വേണം പറയാന്‍. കാലത്തിന്റെയും പ്രായത്തിന്റെയും പരിമിതികള്‍ അതിജീവിച്ചാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്നത്.

ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് എൽ360 സിനിമയുടെ അണിയറ പ്രവർത്തകർ. സംവിധായകൻ തരുൺ മൂര്‍ത്തി, നിർമാതാവ് എം. രഞ്ജിത്ത്, ശോഭന, മണിയൻപിള്ള രാജു, നന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിനിടെ മോഹൻലാല്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

‘‘ഒരുപാടു കാലമായി ഇങ്ങനെ ഒരു കൂട്ടായ്മയിൽ പങ്കെടുത്തിട്ട്. ഒരുപാട് പരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. എന്നാലും ഇത് വളരെ സന്തോഷം തരുന്ന ചടങ്ങ് ആയിരുന്നു. ഒരുപാടു കാര്യങ്ങൾ ഉണ്ട് പറയാൻ. ഒന്ന് ശോഭന, ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നു.

പിന്നെ മണിയൻപിള്ള രാജു, എന്റെ മുഖത്ത് ആദ്യമായി മേക്കപ്പ് ഇട്ടത്, ആ ഒരു ഐശ്വര്യം ആയിരിക്കും എന്നാണ് ഞാൻ പറയുന്നത്. നാൽപത്തിയേഴ് വർഷമായി ഞാൻ ക്യാമറയ്ക്ക് മുന്നിൽ വരാൻ തുടങ്ങിയിട്ട്. തിരനോട്ടം കഴിഞ്ഞ് രണ്ട് മൂന്ന് വർഷത്തിനു ശേഷമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.

അതിലെ പാച്ചിക്കയുടെ മകന്റെ (ഫർഹാൻ ഫാസിൽ) കൂടെ എനിക്ക് വീണ്ടും അഭിനയിക്കാൻ സാധിക്കുന്നു. ഇതൊക്കെ വലിയ ഗുരുത്വവും നിമിത്തവുമായി ഞാൻ കാണുന്നു. ഇതൊന്നും ഞങ്ങളുടെ കഴിവല്ല നിങ്ങളുടെ ഒക്കെ പ്രാർഥന കൊണ്ടാണ്, ഈ ഇരിക്കുന്നതിൽ തന്നെ എത്രയോ മുഖങ്ങൾ, അത് മാത്രമല്ല ഇതിനു മുൻപും എന്നോടൊപ്പമുണ്ടായിരുന്ന യൂണിറ്റിലെ ആൾക്കാരെ ഒക്കെ ഞാൻ ഇപ്പോൾ ഓർക്കുന്നു.

എന്റെ കൂടെ ജോലി ചെയ്ത എല്ലാവരെയും ഞാൻ ഓർക്കുന്നു. ഇത്രയും കാലം സിനിമയിൽ നിൽക്കുക എന്നത് അത്രക്ക് എളുപ്പമുള്ള കാര്യമല്ല അത് നമ്മുടെ കൂടെയുള്ളവരുടെയും ഭാഗ്യവും പ്രാർഥനയും ആണെന്ന് ഞാൻ കരുതുന്നു. നമ്മൾ മാത്രം ശരിയായാൽ പോരല്ലോ നമ്മുടെ കൂടെയുള്ളവരും ശരിയാകുമ്പോഴാണ് എല്ലാം നന്നായി നടക്കുന്നത്. എനിക്ക് ഇത്തരമൊരു സിനിമ ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷം, തരുൺ മൂർത്തിക്ക് നന്ദി.

ഇത് നല്ലൊരു സിനിമയാണ്, നല്ല സിനിമയായി മാറും. തരുൺ മൂർത്തി വളരെ പ്രതീക്ഷ തരുന്ന ഒരു സംവിധായകൻ ആയി മാറട്ടെ. തിരക്കഥ എഴുതുന്ന സുനിലും നന്ദി. ഈ സിനിമ ഒരുപാട് കാലം മുൻപേ പ്ലാൻ ചെയ്ത സിനിമയാണ്. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് രഞ്ജിത്ത്, എന്നാണല്ലോ പറയുന്നത്. ചിപ്പി എന്റെ ഒരു സിനിമയിൽ സഹോദരി ആയി അഭിനയിച്ചിരുന്നു. ആ സിനിമ ഇപ്പോഴും എല്ലാവരും നെഞ്ചോടു ചേർക്കുന്നു.

കൃഷ്ണപ്രഭ, ഷാജി, നന്ദു, ആന്റണി, വാഴൂർ ജോസ് എല്ലാവരെയും ഓർക്കുന്നു. ഈ യൂണിറ്റുമായി എത്രയോ വർഷത്തെ ബന്ധമുണ്ട്. വളരെയധികം സന്തോഷമുണ്ട്. എല്ലാവർക്കും വളരെ നല്ലൊരു ദിവസം നേരുന്നു.’’– മോഹൻലാൽ പറഞ്ഞു.
ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ സിനിമകൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് എൽ360. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Athira A :