ഒടുവില്‍ കേരളത്തിന് ഹോളിവുഡ് ലോകത്തിന്റെയും കൈത്താങ്ങ്… പ്രളയകേരളത്തിന്റെ അവസ്ഥ ലോകത്തെ അറിയിച്ച് ഡികാപ്രിയോ

ഒടുവില്‍ കേരളത്തിന് ഹോളിവുഡ് ലോകത്തിന്റെയും കൈത്താങ്ങ്… പ്രളയകേരളത്തിന്റെ അവസ്ഥ ലോകത്തെ അറിയിച്ച് ഡികാപ്രിയോ

പ്രളയം വിതച്ച കേരളത്തിന്റെ ദുരിതാവസ്ഥ ലോകത്തെ അറിയിച്ച് ഹോളിവുഡ് താരവും ഓസ്‌കാര്‍ ജേതാവുമായ ലിയനാര്‍ഡോ ഡികാപ്രിയോ. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ നിന്നാണ് കേരളത്തെ വിഴുങ്ങിയ പ്രളയത്തെ കുറിച്ച് ഡികാപ്രിയോ അറിയുന്നത്. ന്യൂയോര്‍ക്ക് ടൈംസ് പ്രളയത്തെക്കുറിച്ച് വിശദമായി തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടിലൂടെയാണ് താരം ഈ വാര്‍ത്ത അറിയുന്നത്.

തുടര്‍ന്ന് കേരളത്തിന്റെ ദുരവസ്ഥയെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം. ‘നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നു നേരിട്ട ഇന്ത്യന്‍ സംസ്ഥാനമായ കേരളം ദുരിതകയത്തില്‍. 300ലധികം പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് വീടു നഷ്ടമായി’- ഇപ്രകാരമായിരുന്നു ഡികാപ്രിയോയുടെ ട്വീറ്റ്. ട്വീറ്റിനൊപ്പം പ്രളയകേരളത്തിന്റെ ദുരവസ്ഥ വ്യക്തമാക്കുന്ന ലേഖനത്തിന്റെ ലിങ്കും ഡികാപ്രിയോ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ദേശീയതലത്തില്‍ നിന്നും അന്തര്‍ദേശീയ തലത്തിലേയ്ക്ക് പ്രളയം കേരളത്തില്‍ വിതച്ച നാശം ചര്‍ച്ചചെയ്യപ്പെടുകയാണ്.

ഡികാപ്രിയോ സജീവ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. എല്ലാ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഡികാപ്രിയോ നല്‍കുന്നത്. പരിസ്ഥിതി സംരക്ഷണത്തത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന പ്രൊജക്ടുകളെ എകീകരിക്കാനും ഡികാപ്രിയോ ഫൗണ്ടേഷന്‍ എന്ന സംരംഭവും താരം സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡികാപ്രിയോ ഫൗണ്ടഷന്‍ ഒട്ടനവധി പരിപാടികള്‍ സംഘടിപ്പിക്കാറുമുണ്ട്.


കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ ഇലവീഴ പൂഞ്ചിറയിലും സന്ദര്‍ശിച്ചിട്ടുണ്ട്..

Leonardo Dicaprio about Kerala flood

Farsana Jaleel :