“മഹേഷിന്റെ പ്രതികാരത്തിലൊക്കെ ഭയങ്കര ഡ്രാമയാണ്. റിയലിസ്റ്റിക് എന്ന് പറയുന്ന ചിത്രങ്ങളൊക്കെ വെറും തട്ടിപ്പാണ് ” – ലാൽ ജോസ്

റിയലിസ്റ്റിക് ചിത്രങ്ങൾക്കെതിരെ സംവിധായകൻ ലാൽ ജോസ് രംഗത്ത് . അത്തരം ചിത്രങ്ങൾ വെറും തട്ടിപ്പാണെന്നു പറയുകയാണ് ലാൽ ജോസ് . റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാള സിനിമയില്‍ കാണുന്നത്. നാച്വറല്‍ സിനിമയായി അവതരിപ്പിച്ച മഹേഷിന്റെ പ്രതികാരത്തില്‍ പോലും ഭയങ്കര ഡ്രാമയുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.

സിനിമ റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്ററിയായിപ്പോകുമെന്നും ലാല്‍ ജോസ് അഭിപ്രായപ്പെട്ടു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.ഇന്നത്തെ സിനിമയുടെ സീനുകളിലും ഘടനയിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രങ്ങളെ ഞാന്‍ നേരത്തെ ഡയമണ്ട് നെക്ലേസില്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് ഫാസിലിന്റെ നായക കഥാപാത്രംതന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായില്ല.

താൻ സംവിധാനം ചെയ്ത രസികനും രണ്ടാം ഭാവവുമെല്ലാം കാലത്തിനുമുമ്പേ സഞ്ചരിച്ച ചിത്രങ്ങളായിരുന്നു. സത്യത്തില്‍ അത് പിറക്കേണ്ടത് ഇന്നായിരുന്നു. ചെറിയ നെഗറ്റീവ് ഷേഡുണ്ടെങ്കിലും സര്‍വഗുണ സമ്പന്നരായ നായക കഥാപാത്രങ്ങളെയാണ് മലയാള സിനിമ ഇന്നും ആഘോഷിക്കുന്നതെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.

സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് അഭിനയിക്കാനെത്തുന്നവരുടെ മോശം പ്രകടനത്തില്‍ സഹികെട്ടാണ് അഭിനയിക്കാന്‍ തുടങ്ങിയതെന്നും ലാല്‍ ജോസ് പറയുന്നു. കാലം മാറുകയാണ്. ഡയറക്ഷനില്‍നിന്ന് പുറത്തായാലും കഞ്ഞികുടിക്കാന്‍ എന്തെങ്കിലും മാര്‍ഗം കാണണ്ടേ? അഭിനയം തുടരുന്നത് അതിനുള്ള തയ്യാറെടുപ്പായി കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ലാൽ ജോസിന്റെ അഭിപ്രായത്തിനു വലിയ വിമര്ശങ്ങളാണ് ലഭിക്കുന്നത്. വെളിപാടിന്റെ പുസ്തകവും തട്ടിൻപുറത്ത് അച്യുതനും ബോക്സ് ഓഫീസിൽ വിജയം നേടിയില്ലെന്നു സൂചിപ്പിച്ചാണ് പലരും ലാൽ ജോസിനെതിരെ പ്രതികരിക്കുന്നത്.

ഇതിനു മുൻപ് ബിഹേവിങ് എന്നത് അപകടം പിടിച്ചതാണെന്നും ലാൽ ജോസ് പറഞ്ഞിരുന്നു. ഫിലിം ഇല്ലാതായതോടെ ചെലവ് കുറഞ്ഞു. സിറ്റുവേഷന്‍ അനുസരിച്ച് അഭിനേതാക്കള്‍ ബിഹേവ് ചെയ്യുമ്പോള്‍ പകര്‍ത്തിയെടുക്കാന്‍ ഒന്നിലധികം ക്യാമറകളുള്ളതിനാല്‍ കണ്ടിന്യൂയിറ്റി നഷ്ടപ്പെടുന്നില്ല. സ്‌പോട്ട് റെക്കോഡിങ് കൂടി ചേരുമ്പോള്‍ റിയലായി തോന്നുന്നതുകൊണ്ട് അതിനെ ഭയങ്കര ആക്ടിങ്ങെന്ന് തെറ്റിദ്ധരിക്കരുതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.ഡ്രമാറ്റിക് ആയുള്ള കാര്യങ്ങള്‍ വരാന്‍ പാടില്ല എന്നൊക്കെയാണ് പൊതുവെ ചെറുപ്പക്കാര്‍ പറയുന്നത്. പക്ഷെ അതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഫഹദിനേപ്പോലുള്ള അഭിനേതാക്കളുടെ കാര്യം വ്യത്യസ്തമാണ്. പക്ഷെ ഈ കെയര്‍ ഓഫില്‍ അത്ര ഡെപ്തില്ലാതെ ആള്‍ക്കാര് നല്ല അഭിനേതാക്കള്‍ നല്ല ആക്ടേഴ്‌സ് എന്ന് വിളിക്കപ്പെടുന്നുണ്ട്. എന്നാണ് ലാൽ ജോസ് മുൻപ് പറഞ്ഞിരുന്നു.

lal jose about realistic movies

Sruthi S :