“ഞാൻ ആ സിനിമ കണ്ടിട്ടേ ഇല്ല ” – കോപ്പിയടി ആരോപണം നിഷേധിച്ച് കോട്ടയം നസീർ

കോപ്പിയടി വിവാദം കണക്കുമ്പോൾ ആരോപണം നിഷേധിച്ച് കോട്ടയം നസീർ രംഗത്ത്. കോട്ടയം നസീർ സംവിധാനം ചെയ്ത ജാഫർ ഇടുക്കി നായകനായ കുട്ടിച്ചൻ എന്ന ചിത്രം സുദേവൻ പെരിങ്ങോടിന്റെ അകത്തോ പുറത്തോ എന്ന ചിത്രത്തിന്റെ കോപ്പിയടി ആണെന്ന ആരോപണം ആണ് കോട്ടയം നസീർ നിഷേധിക്കുന്നത്.

സുദേവൻ പെരിങ്ങോടിന്റെ സിനിമ താൻ ഇതുവരെ കണ്ടിട്ടില്ല, കാണാത്ത കാര്യങ്ങളെ കുറിച്ച് താൻ എങ്ങനെ അഭിപ്രായം പറയും എന്നാണ് കോട്ടയം നസീർ വിവാദങ്ങളോട് പ്രതികരിച്ചത്. അനുകരണകലയിലും അഭിനയത്തിലും മികവ് തെളിയിച്ച കോട്ടയം നസീർ ആദ്യമായാണ് സംവിധായകന്റെ വേഷമണിഞ്ഞത്. മികച്ച പ്രതികരണം നേടിയാണ് കുട്ടിച്ചൻ എന്ന ഹ്രസ്യചിത്രം മുന്നേറിയത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുദേവൻ കോട്ടയം നസീർ തന്റെ സിനിമ മോഷ്ടിച്ചതാണെന്ന ആരോപണം ഉന്നയിച്ചത്. താൻ രചനയും സംവിധാനവും നിർവഹിച്ച ”അകത്തോ പുറത്തോ ”എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് തോന്നിയത്. ഇത് പോലെ മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു.

സുദേവന്റെ ആരോപണം ശരിവെച്ച് സംവിധായകനായ ഡോ ബിജുവും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറേ കാലമായി മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇൻഡിപെൻഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂർണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകൾ ഉണ്ടാക്കുക എന്ന രീതി. ലോക ക്ലാസിക്കുകൾ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകൾ ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സംവിധായ രംഗത്തേയ്ക്കുള്ള കോട്ടയം നസീറിന്റെ ചുവടുവയ്പ്പായ കുട്ടിച്ചന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 14 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമാണിത്. കുട്ടിച്ചൻ, പൈലി എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കേന്ദ്ര കഥാപാത്രമായ കുട്ടിയച്ചൻ ഒരിക്കലും പ്രേക്ഷകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നില്ല. ജാഫർ ഇടുക്കിയാണ് പൈലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുദേവന്റെ അകത്തും പുറത്തും എന്ന ചിത്രം ഒരിക്കൽ പോലും താൻ കണ്ടിട്ടില്ല. സിനിമ കണ്ട ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് കോട്ടയം നസീർ വ്യക്തമാക്കി. ഒരു കാര്യത്തെ കുറിച്ച് എഴുതി അറിയിക്കാൻ പലർക്കും കഴിയും. പക്ഷേ അത് ശരിയാണോ എന്ന് നോക്കേണ്ട അവകാശം എനിക്കില്ലേ? സിനിമ കണ്ട ശേഷം കൂടുതൽ പറയാം. ഒന്നിൽ നിന്നും ഒളിച്ചോടേണ്ട ആവശ്യം തനിക്കില്ലെന്ന് കോട്ടയം നസീർ പ്രതികരിച്ചു.

kottayam naseer about kuttichan short film controvercy

Sruthi S :