സൗബിന് അപ്പുറം മറ്റൊരാള്‍ ഇല്ലെന്നു തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് -ഭദ്രൻ !

സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഭദ്രൻ. സ്ഫടികമെന്ന ഒറ്റ ചിത്രം മതി അദ്ദേഹത്തെ ഓർക്കാൻ. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂതന്‍ എന്ന ചിത്രവുമായി വീണ്ടുമെത്തുകയാണ് അദ്ദേഹം. സൗബിന്‍ ഷാഹിറാണ് ഇത്തവണ ഭദ്രന്റെ നായകന്‍. ഈ കഥാപാത്രം ചെയ്യാൻ മറ്റൊരു താരമില്ല എന്ന് പറയുകയാണ് ഭദ്രൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

വലിയ ഇടവേളയുണ്ടായെങ്കിലും ഒരു സിനിമയെടുക്കാനായി നടന്നപ്പോള്‍ കിട്ടിയതല്ല ജൂതനെന്ന് ഭദ്രന്‍ പറയുന്നു. ഒരിക്കല്‍ വായിച്ച ഒരു ലേഖനമാണ് ചിത്രമായി വികസിച്ചത്. ‘ഇ ഓ’ അഥവാ ഇലാഹു കോഹന്‍ എന്ന വ്യക്തിയും ജെസീറ്റയും തമ്മിലുള്ള ബന്ധമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. ജെസീറ്റ ഒരു മനുഷ്യസ്ത്രീയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സിനിമ ചെയ്യാന്‍ ആലോചിക്കുമ്പോഴും ആ കഥാപാത്രത്തിന് അങ്ങേയറ്റം യോജിക്കുന്ന വ്യക്തികളെത്തന്നെ കണ്ടുപിടിക്കണം. ആ അഭിനേതാവിന് അപ്പുറം ആ കഥാപാത്രമായി മാറാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് സിനിമ കാണുന്നവര്‍ക്കു തോന്നണം. അതുപോലെ, ഒരു സംവിധായകന്‍ മോഹന്‍ലാലിനെ വച്ച്, അല്ലെങ്കില്‍ മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ. ഇടയ്ക്കവര്‍ പറയുകയാണ് ‘ഞാന്‍ പിന്‍മാറുന്നു, എനിക്കിത് ചെയ്യാനാകില്ല’ എന്ന്. അങ്ങനെയെങ്കില്‍ ആ പടം പെട്ടിയില്‍ വയ്ക്കാന്‍ തോന്നണം സംവിധായകന്. അത്ര കൃത്യത വേണം അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സൗബിനെ നായകനായി തെരഞ്ഞെടുക്കാന്‍ കാരണം. ആ ചിത്രം കണ്ടപ്പോഴേ സൗബിനെ ഇഷ്ടമായിരുന്നു. അന്നേ തീരുമാനമെടുത്തു. സൗബിന് സംസ്ഥാന അവാര്‍ഡ് കിട്ടുന്നത് അതിനു ശേഷമാണ്. അല്ലാതെ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതു കൊണ്ടല്ല തന്റെ സിനിമയിലേക്ക് സൗബിനെ എടുത്തതെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു

സിനിമ തീരുമാനിക്കുമ്പോള്‍ പല മുഖങ്ങളും മനസ്സിലൂടെ വന്നുപോയെങ്കിലും ജൂതനിലെ നായകനായ ‘ഇ ഓ’ അഥവാ ഇലാഹു കോഹന്‍ ആകാന്‍ സൗബിന് അപ്പുറം മറ്റൊരാള്‍ ഇല്ലെന്നു തോന്നി. ഈ കഥാപാത്രമായി മാറുന്നതിനു വേണ്ട, അവര്‍ക്കാര്‍ക്കും ഇല്ലാത്ത ഹൈ വോള്‍ട്ടേജ് പൊട്ടന്‍ഷ്യല്‍ സൗബിനില്‍ കണ്ടെത്താനായി. സിനിമയില്‍ വേറിട്ട ടോണിലാണ് ജോജുവിനെ അവതരിപ്പിക്കുന്നതെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.


റിമ കല്ലിങ്കലും ജോജു ജോര്‍ജും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ജൂതന്റെ തിരക്കഥ നിര്‍വഗഹിച്ചിരിക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ലോകനാഥന്‍ എസ്. ഛായാഗ്രഹണം നിര്‍വഹിക്കും സുഷിന്‍ ശ്യാമാണ് സംഗീതം.

interview with bhadran director

HariPriya PB :