ഇത് മോഹന്‍ലാല്‍ എന്ന വ്യക്തിക്കോ നടനോ എതിരായ ഒരു പ്രതികരണമല്ല, അങ്ങനെ കണ്ടാല്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കലാവും – CS

ഇത് മോഹന്‍ലാല്‍ എന്ന വ്യക്തിക്കോ നടനോ എതിരായ ഒരു പ്രതികരണമല്ല, അങ്ങനെ കണ്ടാല്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കലാവും – CS

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുക്കുകാരനും സിനിമാ നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരന്‍ രാജിവെച്ചെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് വെങ്കിടേശ്വരന്‍ തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ രാജിവെയ്ക്കാന്‍ കാരണം മോഹന്‍ലാല്‍ അല്ലെന്നും അങ്ങനെ കണ്ടാല്‍ അത് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധതിരിക്കലാവുമെന്നാണ് അദ്ദേഹം പറയുന്നത്.

സി.എസ്.വെങ്കിടേശ്വരന്റെ കത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം-

പ്രിയ സുഹൃത്തേ, ഇത് മോഹന്‍ലാല്‍ എന്ന വ്യക്തിക്കോ നടനോ എതിരായ ഒരു പ്രതികരണമല്ല; അങ്ങിനെ അതിനെ കാണുന്നത് പലരും ചൂണ്ടിക്കാണിച്ചത് പോലെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധതിരിക്കലാവും.

ഒന്നാമതായി, പുരസ്‌ക്കാരദാനം ഒരു താരനിശയാക്കരുത് എന്ന് ജനറല്‍ കൌണ്‍സിലിലും പുറത്തും മുമ്പും ഉന്നയിച്ചിട്ടുണ്ടായിരുന്നു. പിന്നെയും അങ്ങിനെയൊരു നീക്കം ഉണ്ടായപ്പോഴായിരുന്നല്ലോ 6 ജനറല്‍ കൌണ്‍സില്‍ അംഗങ്ങളടക്കം 107 പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചത്. അത് പരിപൂര്‍ണമായി അവഗണിക്കപ്പെട്ടു. രണ്ട്. അമ്മ പോലുള്ള ഒരു സംഘടന സ്വന്തം അംഗം കൂടിയായ നടി ആക്രമിക്കപ്പെട്ട കാര്യത്തിലെടുക്കുന്ന സ്ത്രീവിരുദ്ധമായ നിലപാട്; അത്തരമൊരു സാഹചര്യം നിലനില്‍ക്കെ ആ സംഘടനയുടെ അദ്ധ്യക്ഷനെത്തന്നെ അത് ആരായാലും വിശിഷ്ടാഥിതിയായി വിളിക്കേണ്ടതുണ്ടോ എന്ന ചോദ്യം. ഈ രണ്ടു കാര്യത്തിലും യോജിപ്പില്ലാത്തതുകൊണ്ടും അതേ തീരുമാനവുമായി അക്കാദമി മുന്നോട്ടു പോകുന്നതിനാലും അതിനകത്തു നില്‍ക്കുന്നതില്‍ അപാകതയുണ്ടെന്നു തോന്നിയതിനാലാണ് വിട്ടുപോകാന്‍ തീരുമാനിച്ചത്.


മലയാള സിനിമയ്ക്കകത്തെ സ്ത്രീവിരുദ്ധ നിലപാടുകളെ എല്ലാനിലയിലും പ്രത്യക്ഷമായും പരോക്ഷമായും, അകത്തുനിന്നും പുറത്തുനിന്നും ചോദ്യം ചെയ്യേണ്ട ഒരു സമയമാണിത് എന്നും ഞാന്‍ കരുതുന്നു.. പിന്നെ നമ്മള്‍ ഇത്തരം ചെറിയ ഓരോ കാര്യത്തിലും അകത്തു നിന്നുകൊണ്ട് തന്ത്രപരമായി പിന്നോട്ടു പോവുകയും അന്തിമ യുദ്ധവിജയത്തിനായി പുറത്ത് തയ്യാറെടുത്തു കൊണ്ടേയിരിക്കുന്നതിലും അല്‍പം മടുപ്പു തോന്നിയിരുന്നു. ഒരു വ്യക്തി എന്ന നിലയ്ക്കുള്ള ഒരു തീരുമാനമാണിത്. ഞാനിക്കാര്യം ചര്‍ച്ച ചെയ്ത എന്റെ അഭ്യുദയകാംക്ഷികളായ എല്ലാ സുഹൃത്തുക്കളും അതിന് എതിരുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അക്കാദമിക്കു പുറത്തുനിന്നുകൊണ്ടും (അക്കാദമിക്കുവേണ്ടിയും) ചെയ്യാവുന്നതാണ്; ചെയ്യുന്നതുമാണ്.
സി.എസ്.വെങ്കിടേശ്വരന്‍


CS Venkiteswaran s letter to Mohanlal

Farsana Jaleel :