പാൻ-ഇന്ത്യ സിനിമകളുടെ പ്രവണത ബോളിവുഡിനെ നശിപ്പിക്കും ; അനുരാഗ് കശ്യപ്

ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകന്മാരിൽ ഒരാളാണ് അനുരാഗ് കശ്യപ്. പ്രമേയങ്ങളിലും സംവിധാന ശൈലിയിലും രാഷ്ട്രീയ നിലപാടുകളിലും വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് സംവിധായകന്റേത്. അതിനാൽ തന്നെ നിലപാടുകളുടെ പേരിൽ പലപ്പോഴും സോഷ്യൽമീഡിയയിൽ വലിയ ആക്രമണങ്ങളും അദ്ദേഹം നേരിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, പാൻ-ഇന്ത്യ സിനിമകളുടെ പ്രവണത ബോളിവുഡിനെ സ്വയം നശിപ്പിക്കുന്നതിലേക്ക് തള്ളിവിട്ടു എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.

സൈരാത്ത് എന്ന സിനിമയുടെ വിജയം മറാത്തി സിനിമയെ എങ്ങനെ തകർത്തുവെന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്. ഇത്രയധികം പണം സമ്പാദിക്കാനുള്ള സാധ്യത ആളുകൾ തിരിച്ചറിഞ്ഞപ്പോൾ, അവർ അവരുടെ രീതിയിലുള്ള സിനിമകൾ എടുക്കുന്നത് നിര്‍ത്തി.

സൈറാത്ത് അനുകരിക്കാൻ തുടങ്ങി. ഇത് മറാത്തി സിനിമയില്‍ പ്രതിസന്ധിയായി. പുതിയ പാൻ-ഇന്ത്യ ട്രെൻഡിലെ സാഹചര്യവും സമാനമാണ്, എല്ലാവരും ഒരു പാൻ-ഇന്ത്യ സിനിമ നിർമ്മിക്കാൻ ശ്രമിക്കുന്നു, എന്നാൽ ഇത്തരം ചിത്രങ്ങളുടെ വിജയം 5-10% മാത്രമായിരിക്കും.

കാന്താര, പുഷ്പ തുടങ്ങിയ സിനിമകൾ അവരുടെ സ്വന്തം കഥകളുമായി മുന്നോട്ട് വരാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ കെജിഎഫ് 2 പോലുള്ള ഒരു സിനിമയെ അനുകരിക്കാൻ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ വൻ വിജയവും ദുരന്തത്തിലേക്കാണ് എത്തിക്കുക. അതിന് പിന്നാലെ ഓടി ബോളിവുഡ് സ്വയം നശിപ്പിച്ചു. സിനിമാ പ്രവർത്തകർക്ക് ധൈര്യം നൽകുന്ന സിനിമകൾ കണ്ടെത്തണമെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

അനുരാഗ് ഈ വർഷം ദോബാരാ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഓൾമോസ്റ്റ് പ്യാർ വിത്ത് ഡിജെ മൊഹബത്ത് എന്ന സിനിമ മറാകെച്ച് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശിപ്പിച്ചു, അടുത്ത വർഷം ജനുവരിയിൽ ഈ ചിത്രം റിലീസ് ചെയ്യും. ഫയൽ നമ്പർ 323 എന്ന പുതിയ ചിത്രത്തില്‍ വിജയ് മല്യയുടെ വേഷം അനുരാഗ് കശ്യപ് ചെയ്യുമെന്നാണ് വിവരം.

AJILI ANNAJOHN :