സ്വയംവരം മുതല്‍ ദേ ഇങ്ങോട്ട് നോക്കിയേ വരെ…. ഓര്‍മ്മകള്‍ക്ക് മരണമില്ല

മലയാള സിനിമയിലെ നായകസങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതിയ നടന്‍ ഭരത് ഗോപിയുടെ ഓർമ്മകള്‍ക്ക് ഇന്ന് പതിനൊന്ന് വയസ്സ്. കൊടിയേറ്റം,ഓര്‍മ്മക്കായ്,യവനിക,പഞ്ചവടിപ്പാലം,കാറ്റത്തെകിളിക്കൂട്, പാളങ്ങള്‍,ചിദംബരം, അക്കരെ തുടങ്ങി നിരവധി ചലച്ചിത്രങ്ങലിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ജീവിക്കുന്ന ഗോപി അടിമുടി കഥാപാത്രമായി പരിണമിക്കുന്ന മലയാളസിനിമയിലെ അഭിനേതാക്കളിൽ എക്കാലവും വേറിട്ടു നില്‍ക്കുന്ന അനശ്വര പ്രതിഭയാണ്.

കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെയും പാര്‍വ്വതി അമ്മയുടെയും നാല് മക്കളില്‍ ഇളയവനായി ചിറയിന്‍കീഴിൽ ജനിച്ച ഗോപിനാഥന്‍ വേലായുധന്‍ നായരാണ് പിന്നീട് മലയാളത്തിലെ അതുല്യനടനായ ഭരത് ഗോപിയായി വളര്‍ന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിഎസ്‌സി ബിരുദം നേടിയ അദ്ദേഹം ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്നപ്പോഴാണ് നാടകത്തിലെത്തിപ്പെട്ടത്. കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ചായിരുന്നു ഗോപി മലയാളസിനിമയുടെ ഭാഗമായത്.

എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആദ്യവും മലയാള ചലച്ചിത്ര ലോകത്തെ മാറ്റത്തിന്റെ മുഖമായിരുന്നു ഗോപിനാഥന്‍ നായരെന്ന ഗോപി. തിരക്കേറിയ അഭിനയജീവിതത്തിനിടക്ക് 1986 ഫെബ്രുവരി 20ന് പക്ഷാഘാതം ഒരു വില്ലനായി അദ്ദേഹത്തിന്‍രെ ജീവിതത്തിലെത്തിയത്. അതിനാല്‍ തന്നെ അദ്ദേഹം സ്വന്തം സിനിമാ ജീവിതത്തെ രണ്ടായി പകുത്തെടുത്തിരുന്നു. പക്ഷാഘാതം വരുന്നതിന് മുന്‍പും അതിന് ശേഷവും. പക്ഷാഘാതം വരുന്നതിന് മുന്‍പ് 85 സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ പക്ഷാഗാതം വന്നതിന് ശേഷം 250 ഓളം സിനിമകളില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിലും തന്റെ അനായാസ ശൈലി നല്‍കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

നാടകവേദികളില്‍ ചലച്ചിത്ര രംഗത്ത് ഗോപിയെ കൊണ്ട്‌വന്നത് സ്വയംവരം എന്ന ചിത്രത്തിലൂടെ അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു. അടൂരിന്റെ കൊടിയേറ്റം എന്ന ചിത്രത്തില്‍ ലോറി ഡ്രൈവറുടെ സഹായിയായ ശങ്കരന്‍കുട്ടിയായി വന്ന ഗോപി ലാളിത്യം നിറഞ്ഞ അഭിലയരീതിയിലൂടെ ആ കഥാപാത്രത്തെ മലയാളികളുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ചു. അതോടെ കൊടിയേറ്റം ഗോപിയെന്ന് ലോകം സ്‌നേഹത്തോടെ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. ഇതോടെ മികച്ച നടനുള്ള ഭരത് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. പിന്നീട് 1978,1982,1983,1985 എന്നീ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളും ഗോപിക്ക് ലഭിച്ചു. 1985 ല്‍ ടോക്കിയോവില്‍ നടന്ന ഏഷ്യാപസഫിക്ക് മേളയില്‍ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി.

നൂറില്‍ താഴെ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളൂ എങ്കിലും ചെയ്ത കഥാപാത്രങ്ങളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പു പ്രകടമായിരുന്നു. മലയാളത്തിന്റെ പ്രിയസംവിധായകരായ അരവിന്ദന്‍, കെ.ജി.ജോര്‍ജ്ജ്, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച നടനാണ് ഗോപി. നായകനായി തിളങ്ങുമ്പോള്‍ തന്നെ ഇമേജ് നോക്കാതെ വില്ലനായും അച്ഛനായും അപ്പൂപ്പനായും സ്‌ക്രീനില്‍ നിറഞ്ഞു. നായകവേഷത്തില്‍ നിന്നും വില്ലനായിട്ടാണ് തമ്പിയില്‍ അദ്ദേഹമെത്തിയത്. കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി,യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍, പാളങ്ങളിലെ വാസുമേനോന്‍, പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനക്കുറുപ്പ്, ഷേക്‌സ്പിയര്‍ കൃഷ്ണപിള്ള തുടങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകമനസ്സുകളില്‍ ജീവിക്കുന്നു. ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിന്‍രെ സംവിധായകനായും ഭരതന്‍ ചിത്രമായ പാഥേയത്തിന്റെ നിര്‍മ്മാതാവായും ഗോപി കയ്യൊപ്പ് പതിപ്പിച്ചു. അദ്ദേഹത്തിന്റെ യമനം എന്ന ചിത്രത്തിന് 1991 ല്‍ സാമൂഹിക പ്രതിബന്ധതയുള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.

ആഖാത്, സടക്ക് സേ, ഉഠാ ആദ്മി തുടങ്ങി ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പുസ്തക രചനയിലും ഗോപി അദ്ദേഹത്തിന്റേതായ ഒരിടം സൃഷ്ടിച്ചിരുന്നു. അഭിനയം അനുഭവം എന്ന അദ്ദേഹത്തിന്‍രെ കൃതിക്ക് ചലച്ചിത്രരംഗത്തെ ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2008 ജനുവരി 29ന് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തെ തട്ടിയെടുത്തപ്പോള്‍ മലയാളത്തിന് നഷ്ടമായത് ചങ്കൂറ്റമുള്ള ഒരു മഹാനടനെയായിരുന്നു.

bharath gopi death anniversary

HariPriya PB :