എനിക്ക് ശരിയാവില്ലെന്ന് തോന്നിയ സിനിമകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്, എപ്പോഴും ഡാൻസ് ആയിരുന്നു എനിക്ക് ആഗ്രഹം ; ശോഭന പറയുന്നു !

മലയാളികളുടെ എവര്‍ഗ്രീന്‍ നായികയാണ് ശോഭന. അഭിനയത്രി എന്നതിനപ്പുറം ഒരു നല്ല നർത്തകി കൂടിയാണ് ശോഭന. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം ഇന്ന് അത്ര സജീവമല്ല. നൃത്തത്തിന്റെ ലോകത്താണ് താരമിപ്പോൾ. സ്റ്റേജ് ഷോകളും ഡാൻസ് സ്‌കൂളുമൊക്കെയായി തിരക്കിലാണ് ശോഭന

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ശോഭന മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നായികയായി ശോഭന തിളങ്ങിയിട്ടുണ്ട്. ഏകദേശം പതിനഞ്ച് വർഷത്തിലധികം മലയാള സിനിമയിൽ സജീവമായി നിന്ന ശേഷമാണ് നടി ഇടവേളയെടുത്ത് നൃത്തത്തിൽ സജീവമാകുന്നത്. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ശോഭന അഭിനയിച്ചിരുന്നു.

സിനിമാ കുടുംബത്തിൽ നിന്നാണ് ശോഭന സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ കാല നടിമാരും നർത്തകിമാരുമായ ലളിത, രാഗിണി, പദ്മിനി എന്നിവരുടെ സഹോദരന്റെ മകളാണ് ശോഭന. 1984 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭനയുടെ സിനിമാ അരങ്ങേറ്റം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 250 ഓളം സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്.ഷൂട്ടിങ്ങിനിടെ ശോഭനയ്ക്ക് നൃത്തം പരിശീലിക്കാനായി നിർമ്മാതാക്കൾ സ്ഥലം ഒരുക്കി നൽകുമെന്ന് നേരത്തെ പറഞ്ഞു കേട്ടിരുന്നു. അങ്ങനെ ഒരു കാര്യം ഉണ്ടാവാറിലെന്ന് ശോഭന പറയുന്നു. ‘മലയാളത്തിൽ കുറഞ്ഞ ബജറ്റിലാണ് സിനിമകൾ ചെയ്തിരുന്നത്, അതുകൊണ്ട് ഒരു നിർമാതാവും എനിക്ക് വേണ്ടി സ്ഥലം ബുക്ക് ചെയ്ത് നല്കാൻ പോകുന്നില്ല. രാത്രി എനിക്ക് താമസിക്കാൻ തരുന്ന ഹോട്ടലിന്റെയോ ലോഡ്‌ജിന്റെയോ ടെറസിലാണ് പരിശീലനം നടത്തിയിരുന്നതെന്ന് ശോഭന പറഞ്ഞു.

മമ്മൂട്ടിയും മോഹൻലാലുമായി ഡാൻസ് ചെയ്ത അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ, മമ്മൂട്ടിയുമായി ഞാൻ നൃത്തം ചെയ്തിട്ടില്ലെന്ന് കരുതുന്നു, കാരണം അദ്ദേഹം അന്ന് ഡാൻസ്‌ ചെയ്യില്ലായിരുന്നു. മോഹൻലാലുമായി രണ്ടോ മൂന്നോ തവണ ഡാൻസ് ചെയ്തിട്ടുണ്ട്. അദ്ദേഹം നല്ല ഡാൻസറാണെന്നും ശോഭന പറഞ്ഞു.

ഇപ്പോഴിതാ, തന്റെ സിനിമാ കരിയറിനെ കുറിച്ചും നൃത്ത ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് ശോഭന. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. കൂടുതലും നൃത്തത്തെ കുറിച്ച് സംസാരിക്കുന്ന ശോഭന മോഹൻലാൽ നല്ല ഡാൻസർ ആണെന്നും മമ്മൂട്ടിയോടൊപ്പം ഡാൻസ് ചെയ്തിട്ടില്ലെന്നും പറയുന്നുണ്ട്. തന്നെ കുറിച്ച് ഉണ്ടായിരുന്ന അഭ്യൂഹങ്ങൾക്കും ശോഭന മറുപടി കൊടുക്കുന്നുണ്ട്. ശോഭനയുടെ വാക്കുകളിലേക്ക്.സിനിമ വിട്ട് നൃത്തത്തിലേക്ക് സജീവമായതിനെ കുറിച്ചും രാവൺ സിനിമയിൽ കൊറിയോഗ്രാഫർ ആയതിനെ കുറിച്ചും ശോഭന സംസാരിക്കുന്നുണ്ട്. നൃത്തത്തിലേക്ക് മാറാൻ തീരുമാനിച്ച കൃത്യം സമയമോ സിനിമയോ ഒന്നും ശോഭന പറഞ്ഞില്ല. ‘ഇത് എനിക്ക് ശരിയാവില്ലെന്ന് തോന്നിയ സിനിമകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എപ്പോഴും ഡാൻസ് ആയിരുന്നു എനിക്ക് ആഗ്രഹം. ഡാൻസ് ചെയ്യുമ്പോൾ എന്നെ കൂടുതൽ ഉപയോഗപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ട്. അതാണ് എനിക്ക് കൂടുതൽ ഉപയോഗപ്രദമെന്ന് തോന്നിയിട്ടുണ്ട്’,

‘ഐശ്വര്യ റായ് നല്ലൊരു നർത്തകി ആണെന്നതാണ് എന്നെ ആ ഡാൻസ് കൊറിയോഗ്രാഫി ചെയ്യാൻ തോന്നിച്ചത്. മണിരത്‌നം ആയിരുന്നു കൊറിയോഗ്രാഫ് ചെയ്യാൻ നിർബന്ധിച്ചത്. ആ സമയം കൊറിയഗ്രാഫി ചെയ്യാൻ കൊറിയോഗ്രാഫർ കാർഡ് വേണം. അത് എടുക്കുക ചെലവേറിയ കാര്യമാണ്. ഒറ്റ ഗാനരംഗത്തിന് വേണ്ടി അദ്ദേഹം എനിക്ക് അത് എടുത്തു തന്നു.

അഭിനയിക്കുകയാണ് നൃത്തത്തിൽ സജീവമായിരിക്കുകയും ചെയ്യുന്നതിനാൽ കൊറിയോഗ്രാഫി കൂടി ചെയ്യാൻ സമയം വേണം. എനിക്ക് ഒരു കുടുംബമുണ്ട്. അതുകൊണ്ട് കൊറിയോഗ്രാഫി എനിക്ക് പറ്റിയ കാര്യമല്ല,’ ശോഭന പറഞ്ഞു. ഡാൻസ് ശോഭനയെ ഒരു മനുഷ്യനെന്ന നിലയിൽ മാറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഡാൻസ് എന്നെ മാറ്റിയിട്ടില്ല ജീവിതം മാറ്റിയിട്ടുണ്ട് എന്നാണ് ശോഭന പറഞ്ഞത്. ‘ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടുന്ന ആളുകളും അനുഭവങ്ങളും നിങ്ങളെ പലതും പഠിപ്പിക്കും’ ശോഭന പറഞ്ഞു.

AJILI ANNAJOHN :