ഇതുപോലൊരു ഉപദേശം ഷെയ്‌ൻ നിഗത്തിന് കിട്ടികാണില്ല!22മത്തെ വയസ്സിൽ മോഹൻലാലിൻറെയും ഷെയ്‌നിൻറെയും വ്യത്യാസങ്ങൾ താരതമ്യപെടുത്തി ശ്രീകുമാരൻ തമ്പി!

ഷെയ്ൻ നിഗത്തിനെ സിനിമയിൽ നിന്നും വിലകുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം നടന്നുകൊണ്ടിരിക്കുകയാണ്.ആരാധകർ ഉൾപ്പടെ സിനിമ ലോകത്തുള്ളവരും താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നുണ്ട്.നടന്മാർ സംവിധായകന്മാർ ഉൾപ്പടെ എത്തിയതിനൊപ്പം ഇപ്പോൾ പ്രതികരണവുമായി നടനും സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത്.ഒരു നടന്റെ അഭിനയം പോലെ തന്നെ സുപ്രധാനമാണ് അയാളുടെ അച്ചടക്കം. ഒരു കഥാപാത്രത്തിന്റെ ഭാവവാഹാദികൾ എങ്ങനെയായിരിക്കണമെന്ന് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും ചേർന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പ്രതിഫലം വാങ്ങി ആ വേഷം ചെയ്യാൻ സമ്മതിക്കുന്ന നടൻ ചിത്രത്തിന്റെ ഷൂട്ട് തീരുന്നതുവരെ തന്റെ രൂപത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയിൽ ഏറ്റവും ദു:ഖമനുഭവിക്കുന്ന വ്യക്തി നിർമ്മാതാവാണ്. ഒരു ചിത്രം ഓടിയാലും ഇല്ലെങ്കിലും നടന് പ്രതിഫലം കിട്ടും. എന്നാൽ ചിത്രം ഓടിയില്ലെങ്കിൽ നഷ്ടം വരുന്നത് നിർമ്മാതാവിനു മാത്രമാണ്. തന്റെ ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുമ്പോൾ മോഹൻലാലിന് പ്രായം 22 ആയിരുന്നു. ജോലിയിൽ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും ലാൽ അന്ന് കാണിച്ചിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നടനും നിർമ്മാതാവും – സംഘട്ടനം ആവശ്യമില്ല; തിരിച്ചറിവ് മതി !

ഷെയ്ൻ നിഗം എന്ന യുവനടനും ചലച്ചിത്രനിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് അനവധി അഭിപ്രായങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരിക്കയാണ്. സിനിമാനിർമ്മാണത്തെക്കുറിച്ചു യാതൊന്നുമറിയാത്ത ചില ബുദ്ധിജീവികളും ആനയെ കാണുന്ന അന്ധരെപോലെ തങ്ങളുടെ സ്വന്തം ദർശനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരിൽ ഒരാളാണ് ഷെയ്ൻ എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

ഈടെ , ഇഷ്‌ക് , കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ ആ യുവാവിന്റെ അഭിനയം നന്നായിരുന്നു. എന്നാൽ ഒരു നടന്റെ അഭിനയം പോലെ തന്നെ സുപ്രധാനമാണ് അയാളുടെ അച്ചടക്കവും. ഒരു കഥാപാത്രത്തിന്റെ ഭാവവാഹാദികൾ എങ്ങനെയായിരിക്കണമെന്ന് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും ചേർന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പ്രതിഫലം വാങ്ങി ആ വേഷം ചെയ്യാൻ സമ്മതിക്കുന്ന നടൻ ചിത്രത്തിന്റെ ഷൂട്ട് തീരുന്നതുവരെ തന്റെ രൂപത്തിൽ മാറ്റം വരുത്താൻ പാടില്ല.

അങ്ങനെ ചെയ്താൽ വീണ്ടും പഴയ രൂപം വരുത്താൻ കൃത്രിമ മേക്കപ് ഉപയോഗിക്കേണ്ടി വരും. അത് ചിത്രത്തിന്റെ നിലവാരം കുറയ്ക്കും. ഉദാഹരണത്തിന് ഒരു നടൻ താടിയും മുടിയും നീട്ടി വളർത്തുന്ന ഗെറ്റപ്പിലാണ് അഭിനയിക്കുന്നതെന്നു കരുതുക. അയാൾ സംവിധായകന്റെ അനുവാദമില്ലാതെ ഇടയ്ക്കു വച്ച് മുടി വെട്ടുകയും താടിയെടുക്കുകയും ചെയ്‌താൽ ആ കഥാപാത്രമായി തുടർന്ന് അഭിനയിക്കണമെങ്കിൽ കൃതൃമതാടിയും മുടിക്ക് പകരം വിഗ്ഗും ഉപയോഗിക്കേണ്ടിവരും . എത്ര നല്ല മേക്കപ്പ് മാനുണ്ടെങ്കിലും ഇവ രണ്ടും ഒരുപോലെയാവില്ല. കാണികൾ കുറ്റം പറയുന്നത് സംവിധായകനെയായിരിക്കും.സിനിമയിൽ ഏറ്റവും ദു:ഖമനുഭവിക്കുന്ന വ്യക്തി നിർമ്മാതാവാണ്.

ഒരു ചിത്രം ഓടിയാലും ഇല്ലെങ്കിലും നടന് പ്രതിഫലം കിട്ടും. എന്നാൽ ചിത്രം ഓടിയില്ലെങ്കിൽ നഷ്ടം വരുന്നത് നിർമ്മാതാവിനു മാത്രമാണ്. ചിത്രം നിർമ്മിച്ച് പെരുവഴിയിലായ അനവധി നിർമ്മാതാക്കളുണ്ട്. ആദ്യസിനിമയിൽ അയ്യായിരത്തിലോ പതിനായിരത്തിലോ തുടങ്ങിയിട്ട് പ്രതിഫലം കോടികളിലേക്ക് ഉയർത്തുന്ന നടന് എന്നും എവിടെയും ലാഭം മാത്രമേയുള്ളു. ഈ സത്യം നടീനടന്മാർ മനസ്സിലാക്കേണ്ടതാണ്. അങ്ങനെ മനസ്സിലാക്കിയവരാണ്‌ പ്രേംനസീർ സത്യൻ, മധു, ജയൻ തുടങ്ങിയവർ. പ്രേംനസീറിനെയും ജയനെയും പോലെ എല്ലാവരും പെരുമാറണമെന്നൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

പ്രേംനസീർ ഒരു അപൂർവ്വജന്മമായിരുന്നു.നിർമ്മാതാവുണ്ടെങ്കിലേ സിനിമയുള്ളു….ഈ യാഥാർഥ്യം എല്ലാവരും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ എല്ലാ നടന്മാരും മോഹൻലാൽ ആന്റണി പെരുമ്പാവൂരിനെ സൃഷ്ടിച്ചതു പോലെ സ്വന്തം നിർമ്മാതാക്കളെ സൃഷ്ടിക്കേണ്ടതായി വരും. . ചന്ദ്രകാന്തം (1974) മുതൽ ” അമ്മയ്ക്കൊരു താരാട്ട് (2015) വരെ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും പലിശയ്‌ക്കു കടം വാങ്ങിയ പണവും ഉപയോഗിച്ച് ഇരുപത്തിയഞ്ചു സിനിമകൾ നിർമ്മിച്ച ഒരു സ്വതന്ത്ര നിർമ്മാതാവ് എന്ന നിലയിലും മുപ്പതോളം ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിലുമാണ് ഞാൻ ഇത്രയും എഴുതുന്നത് .പുതിയ താരങ്ങൾക്കിടയിൽ ലഹരി ഉപയോഗിക്കുന്ന യുവാക്കളുണ്ടെന്നു പരക്കെ സംസാരമുണ്ട്. ഇതിലെ സത്യാംശത്തേക്കുറിച്ച് എനിക്ക് അറിവില്ല. എന്റെ സിനിമകളുടെ ഒരു സെറ്റിലും മദ്യപിച്ചുകൊണ്ട് ഒരു നടനും പ്രവേശിച്ച ചരിത്രമില്ല. ചിത്രീകരണസമയത്ത് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന നടൻ എത്ര വലിയവനാണെങ്കിലും അയാളെ തന്റെ ചിത്രത്തിൽ ഉൾപ്പെടുത്താതിരിക്കാൻ നിർമ്മാതാവിന് തന്റേടമുണ്ടായിരിക്കണം..

  • * * * * * *”പ്രിയപെട്ട മകൻ ഷെയ്ൻ , മോഹൻലാൽ എന്റെ ” എനിക്കും ഒരു ദിവസം ” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അയാൾക്ക് ഇരുപത്തിരണ്ടു വയസ്സാണ് പ്രായം. ഏതാണ്ട് മോന്റെ ഇപ്പോഴത്തെ പ്രായം തന്നെ. തന്റെ ജോലിയിൽ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും അന്നും ലാൽ കാണിച്ചിരുന്നു. പക്വതയുള്ള ആ പെരുമാറ്റവും അച്ചടക്കവും കഠിനാദ്ധ്വാനവുമാണ് അന്നത്തെ ആ ചെറുപ്പക്കാരനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ”മുന്നേറ്റം” എന്ന സിനിമയിൽ എന്റെ കീഴിൽ ആദ്യമായി അഭിനയിക്കുമ്പോൾ മമ്മൂട്ടിയും തികഞ്ഞ അച്ചടക്കം പാലിച്ചിരുന്നു. മികച്ച സഹകരണവും നൽകിയിരുന്നു. . സ്വന്തം തെറ്റ് സ്വയം തിരിച്ചറിഞ്ഞു തിരുത്തുന്നവനാണ് ലക്ഷ്യബോധമുള്ള കലാകാരൻ. പിതാവ് അബിയുടെ ആഗ്രഹം പോലെ ഷെയ്ൻ ഉയരങ്ങളിലെത്തട്ടെ…. വളരെ സുദീർഘമായ വിജയത്തിന്റെ പാത നിന്റെ മുമ്പിൽ തുറന്നു കിടക്കുന്നു.. നന്മകൾ നേരുന്നു.”

about shane nigam and sreekumaran thampi

Noora T Noora T :