നാടകത്തിനിടയിൽ സ്റ്റേജിലേക്ക് ബോംബെറിഞ്ഞു;രക്ഷിക്കാനെത്തിയത് പാർട്ടിക്കാർ ; വിജയകുമാരി

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് വിജയകുമാരി. സീരിയലുകൡലും സിനിമയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് വിജയകുമാരി. നാടകത്തിലൂടെയാണ് വിജയകുമാരി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ എത്തുകയായിരുന്നു. സീരിയലിലാണ് വിജയകുമാരി കൂടുതല്‍ സജീവമായത്. മലയാളത്തിലെ പല ഹിറ്റ് പരമ്പരകളിലും വിജയകുമാരിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഇപ്പോഴിതാ നാടകകാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് വിജയകുമാരി. ഒരിക്കല്‍ ബോംബെയില്‍ അഭിനയിക്കാന്‍ പോയപ്പോല്‍ വേദിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തെക്കുറിച്ചാണ് വിജയകുമാരി മനസ് തുറന്നിരിക്കുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ വച്ചായിരുന്നു വിജയകുമാരി മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ

ഞങ്ങളുടെ ആദ്യത്തെ നാടകമാണ്. സ്റ്റേജില്‍ ഞങ്ങള്‍ രണ്ടു പേരുമാണ്. നാടകത്തിന്റെ പേര് വിഷ സര്‍പ്പത്തിന് വിളക്ക് വെക്കരുത്. കെപിഎസിയാണ് നാടകം കളിക്കുന്നത്. ഇവിടെ നിന്നുള്ള ഒരു വിഭാഗത്തിന് അത് ശരിയല്ലെന്ന് തോന്നി. ഞങ്ങള്‍ നാടകം കളിക്കുന്ന സ്‌റ്റേജിന്റെ അപ്പുറത്തുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്നവരെ സ്വാധീനിച്ച് അവിടെ കയറിപ്പറ്റി അവര്‍. നാടകം തുടങ്ങിയ ശേഷം ബോംബെറിഞ്ഞു. ഞങ്ങളായിരുന്നു സ്‌റ്റേജില്‍ നിന്നത്. ബോംബ് സ്‌റ്റേജില്‍ വീണില്ല, മുന്നിലാണ് വീണത്. ബഹളമായി. ആള്‍ക്കാരൊക്കെ ഇറങ്ങി ഓടി.

ഭാഗ്യത്തിന് ആള്‍ക്കാര്‍ക്ക് ഒന്നും പറ്റിയില്ല. എവിടെ നാടകം കളിച്ചാലും പാര്‍ട്ടിയുടെ ആള്‍ക്കാരുണ്ടാകുമമല്ലോ. ഭാഗ്യത്തിന് അവര്‍ വന്നു. ആ പേരായിരുന്നു പ്രശ്‌നം. നാടകത്തില്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. കേരളത്തില്‍ കളിക്കാന്‍ അനുവദിച്ചിരുന്നില്ല എന്നായിരുന്നു അവര്‍ അവിടെ പറഞ്ഞത്. ഒടുവില്‍ കറന്റൊന്നും ഇല്ലാതെ പെട്രോമാക്‌സ് കത്തിച്ചു വച്ചാണ് ഞങ്ങള്‍ നാടകം കളിച്ചത്. 86 ലാണ് സംഭവം. അതിനെയൊക്കെ അതിജീവിച്ചത് എന്‍എന്‍ പിള്ള സാറിന്റെ നാടകങ്ങളാണ്. അദ്ദേഹം പറയുന്നള്ളത് ഒന്നും നോക്കാതെ പറയുമായിരുന്നു. അദ്ദേഹത്തിന്റെ കാപാലിക എന്ന നാടകത്തില്‍ കാപാലികയുടെ വേഷത്തില്‍ അഭിനയിച്ചത് ഞാനായിരുന്നുവെന്നും വിജയകുമാരി പറയുന്നു.

പിന്നാലെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയില്‍ അഭിനയിച്ചതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ചിത്രത്തിലേക്ക് ആദ്യം വിളിച്ചപ്പോള്‍ തനിക്ക് സംവിധായകനെ മനസിലായില്ലെന്നാണ് വിജയകുമാരി പറയുന്നത്.

ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയില്‍ വിളിച്ചതൊരു സംഭവമാണ്. സീരിയലില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു വിളിക്കുന്നത്. ഡബ്ബ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അന്‍സാര്‍ ഖാന്‍ ആണ് വിളിക്കുന്നത്. അമ്മ വേഷമാണ് ജീത്തു ജോസഫിന്റെ പടമാണെന്ന് പറഞ്ഞു. എനിക്ക് പേരങ്ങ് മനസിലായില്ല. സീരിയല്‍ മുടക്കിയിട്ട് സിനിമ ചെയ്യാന്‍ പോയാല്‍ ശരിയാകില്ലെന്ന് തോന്നിയതിനാല്‍ വിളിക്കാം എന്നു പറഞ്ഞു.

വീട്ടില്‍ വന്ന് ചായയൊക്കെ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇങ്ങനൊരു സിനിമയില്‍ വിളിച്ചെന്ന് പറഞ്ഞു. സംവിധായകന്‍ ജീത്തു ജോസഫാണെന്നും പറഞ്ഞു. മകള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ പറയുന്നത് കേട്ടതും ആരാണെന്നാ പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ജിത്തു ജോസഫെന്ന്. അതാരാണെന്ന് അമ്മയ്ക്ക് അറിയാമോ എന്ന് ചോദിച്ചു. അന്ന് ദൃശ്യം കത്തി നില്‍ക്കുന്ന സമയമാണ്. ദൃശ്യത്തിന്റെ സംവിധാകനാണെന്ന് മകള്‍ പറഞ്ഞു. ഉടനെ തന്നെ ഞാന്‍ അവരെ തിരിച്ചു വിളിക്കുകയായിരുന്നു. അങ്ങനെയാണ് ലൈഫ് ഓഫ് ജോസൂട്ടിയിലെത്തുന്നതെന്നാണ് വിജയകുമാരി പറയുന്നത്.

സീരിയല്‍ രംഗത്തെ നിറ സാന്നിധ്യമാണ് വിജയകുമാരി. വില്ലത്തിയായും നല്ല സ്വഭാവക്കാരിയായുമെല്ലാം വിജയകുമാരി അഭിനയിച്ചിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു വിജയകുമാരിയുടേത്. ഭര്‍ത്താവും നടനാണ്. ഇരുവരും നാടകത്തിലൂടെയാണ് പരിചയപ്പെടുന്നത്. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു. താനാണ് ആദ്യം പ്രണയം പറഞ്ഞതെന്നും എന്നാല്‍ അദ്ദേഹം തുടക്കത്തില്‍ താല്‍പര്യം കാണിച്ചില്ലെന്നും പറയാം നേടാം പരിപാടിയില്‍ വിജയകുമാരി പറയുന്നുണ്ട്.

AJILI ANNAJOHN :