സിനിമയിൽ ചാന്‍സു ചോദിച്ച് മൂവി ബഷിറിനെ കണാനായി എന്നും മമ്മൂക്ക വരും…പിന്നീട് ബഷീറിക്കയുടെ മകളുടെ കല്ല്യാണം നടക്കാനായി മമ്മൂട്ടി മറ്റൊരു ചിത്രത്തിന് ഡേറ്റ് നല്‍കി; ആ വാത്സല്യത്തിന് പിന്നിലെ അണിയറക്കഥ !!!

ലോഹിതദാസിന്റെ  രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി,സിദ്ധിഖ്,ഗീത  എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1993-ൽ പുറത്തിറങ്ങിയ ചിത്രമാണ് വാത്സല്യം. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നേടിക്കൊടുത്ത ചിത്രമാണ് വാത്സല്യം. ചിത്രം ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മൂവി ബഷീറായിരുന്നു നിര്‍മ്മിച്ചത്. എന്നാല്‍ ഹിറ്റായി മാറിയ ആ ചിത്രം നിര്‍മ്മിക്കേണ്ടിയിരുന്നത് സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ മറ്റൊരു പ്രൊഡ്യൂസറായിരുന്നു.

സെവന്‍ ആര്‍ട്‌സ് മോഹനന്‍ ആ കഥയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

സിനിമയില്‍ വരുന്നതിനു മുമ്പേ എനിക്ക് മമ്മൂട്ടിയെ പരിചയമുണ്ട്. ഞാന്‍ പരസ്യം ഏജന്‍സിയില്‍ ജോലി ചെയ്യുന്ന കാലത്ത് സിനിമയില്‍ ചാന്‍സു ചോദിച്ച് മൂവി ബഷിറിനെ കണാനായി എന്നും മമ്മൂക്ക വരും. നിനക്ക് വേറെ പണിയൊന്നുമില്ലേയെന്നു ചോദിച്ച് അദ്ദേഹം മമ്മൂക്കയെ പറഞ്ഞു വിടുമായിരുന്നുവെന്നും സെവന്‍ ആര്‍ട്‌സ് മോഹനന്‍ പറഞ്ഞു.

അക്കാലത്ത് മമ്മൂട്ടിയ്ക്ക് തന്നോട് ചെറിയ പിണക്കമുണ്ടായിരുന്നുവെന്നും സെവന്‍ ആര്‍ട്‌സ് മോഹനന്‍ പറഞ്ഞു. സെവന്‍ ആര്‍ട്‌സിന്റെ ആദ്യ സിനിമ മമ്മൂട്ടിയെ വച്ചായിരുന്നു ചെയ്തത്. തുടര്‍ന്ന് മോഹന്‍ലാലിന്റെ പടം തുടര്‍ച്ചയായി ചെയ്യാന്‍ തുടങ്ങി. മമ്മൂക്കയുടേയും മോഹന്‍ലാലിന്റെയും പടങ്ങള്‍ വന്നപ്പോള്‍ ഞാന്‍ മമ്മൂക്കയുടെ പടത്തിന് അസിസ്റ്റന്റിനെ വിട്ട് മോഹന്‍ലാലിന്റെ പടത്തിന് പോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. വാത്സല്യത്തിന്റെ ആലോചനാ വേളയിലാണ് ആ പരിഭവം മാറിയതെന്നും മോഹനന്‍ പറഞ്ഞു.

ബഷീറിക്കയുടെ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു പോയതാണ്. പിന്നെയുള്ളത് ഒരു മകള്‍ മാത്രമാണ്. അവള്‍ക്ക് വിവാഹ പ്രായവുമായി. വിവാഹാവശ്യത്തിനായി കുറച്ച് പണം വേണം. അതിനായി മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാമെന്ന് ഞാന്‍ ബഷീറിക്കയോട് പറഞ്ഞു. അങ്ങനെ വാത്സല്യത്തിന്റെ പ്രോജക്ടുമായി മമ്മൂട്ടിയുടെ ഡേറ്റിനായി ഞങ്ങള്‍ മമ്മൂട്ടിയെ കാണാനായി വീട്ടില്‍ ചെന്നു. മമ്മൂക്ക ഡേറ്റ് കൊടുത്താല്‍ താന്‍ ചിത്രം ചെയ്തുകൊടുക്കാമെന്ന ഉറപ്പുമായി മോഹനന്‍ മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും ഇറങ്ങി. പ്രൊഡ്യൂസര്‍ വിജയകുമാറിനു വേണ്ടി സെവന്‍ ആര്‍ട്‌സ് ബാനറില്‍ വാത്സല്യം ചെയ്യാന്‍ തീരുമാനിച്ചു.

ഒരു ആന്റിബയോട്ടിക് ഗുളിക കഴിച്ചതിന്റെ പേരിലാണ് അന്ന് വാത്സല്യം വഴിമാറിപ്പോയത്. ബഷീറിക്കയും ഞാനും വിജയകുമാറും കൂടി ചെന്നൈയിലെ അഡയാറില്‍ മമ്മൂക്കയുടെ വീട്ടില്‍ മീറ്റിങ്ങിന് പോകാന്‍ തീരുമാനിച്ച ദിവസം വിജയകുമാറിന് ത്രോട്ട് ഇന്‍ഫക്ഷനുണ്ടായിരുന്നു. ഞാന്‍ വിജയകുമാറിനെ വിളിച്ചപ്പോള്‍ എനിക്ക് സംസാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല, നല്ല ക്ഷീണവുമുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ മമ്മൂക്കയെ വിളിച്ച് വിജയകുമാര്‍ ആന്റിബയോട്ടിക് കഴിച്ച് കിടക്കുകയാണ് നാളെ വന്ന് കാണാമെന്നു പറഞ്ഞു.

രാവിലെ കാണാന്‍ വരികയാണെന്നു പറഞ്ഞപ്പോള്‍ ഇന്നലെ രാത്രി 11 മണിക്ക് ജൂബിലി ജോയ് വിളിച്ചു, ഈ പടം ജൂബിലി ജോയിക്ക് ചെയ്യണമെന്നാണ് പറയുന്നത് എന്ന് പറഞ്ഞു. നമ്മുടെ വ്യവസ്ഥ ആ പടത്തിന്റെ മാര്‍ജിനില്‍ 10 ലക്ഷം ബഷീറിക്കയ്ക്ക് കൊടുക്കണമെന്നല്ലേ, ആ വ്യവസ്ഥ ജോയിയെക്കൊണ്ട് സമ്മതിപ്പിക്കാമെന്ന് മമ്മൂക്ക പറഞ്ഞു. എന്നിട്ട് വിജയകുമാറിന് അടുത്ത പടം കൊടുക്കാമെന്നും പറഞ്ഞു. വാത്സല്യം സൂപ്പര്‍ഹിറ്റാകുകയും ചെയ്തു. ബഷീറിക്കയുടെ മോളുടെ വിവാഹവും കഴിഞ്ഞു. വാത്സല്യത്തിനു പകരം മമ്മൂക്ക നല്‍കിയ ഡേറ്റിലായിരുന്നു പിന്നീട് ഉദ്യാനപാലകന്‍ നിര്‍മ്മിച്ചതെന്നും മോഹനന്‍ പറഞ്ഞു.

valsalyam movie background story

HariPriya PB :