സിനിമയുടെ ഔദ്യോഗിക പോസ്റ്റര്‍ ഉപയോഗിച്ചു; ‘ടര്‍ബോ’ റിവ്യൂ യൂട്യൂബില്‍ നിന്നും നീക്കം ചെയ്യിപ്പിച്ച് മമ്മൂട്ടി കമ്പനി

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ റിവ്യൂ പറഞ്ഞുകൊണ്ടുള്ള വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. മമ്മൂട്ടി കമ്പനി പകര്‍പ്പവകാശ ലംഘനവുമായി എത്തിയതോടെയാണ് വീഡിയോ നീക്കം ചെയ്തത്. യൂട്യൂബ് റിവ്യൂവിന്റെ തമ്പ്‌നെയ്‌ലില്‍ ‘ടര്‍ബോ’ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു ഉപയോഗിച്ചിരുന്നത്. തമ്പ്‌നെയ്ല്‍ മാറ്റിയ റിവ്യൂ വിഡിയോ ചാനലില്‍ വീണ്ടും അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.

ചിത്രത്തിന് നെഗറ്റീവ് റിവ്യൂവാണ് ചാനലില്‍ നല്‍കിയിരുന്നത്. മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് നേരെയുള്ള നെഗറ്റീവ് റിവ്യൂവിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നുള്ള വിമര്‍ശനവും വരുന്നുണ്ട്. സിനിമകള്‍ക്ക് നേരെയുള്ള ഇത്തരം നിരൂപണങ്ങളെ അവഗണിക്കണമെന്നും കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ സിനിമ ലോകത്തുനിന്നും ഉയരുന്നുണ്ട്.

എന്നാല്‍ ‘ടര്‍ബോ’യ്ക്ക് നെഗറ്റീവ് റിവ്യൂ നല്‍കിയതുകൊണ്ടല്ല പോസ്റ്റര്‍ അനധികൃതമായി ഉപയോഗിച്ചതു കൊണ്ടാണ് നോട്ടീസ് നല്‍കിയതെന്നാണ് മമ്മൂട്ടി കമ്പനിയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മുന്‍പും പല മമ്മൂട്ടി ചിത്രങ്ങള്‍ക്കും ഇതേ വ്‌ലോഗര്‍ നെഗറ്റീവ് റിവ്യൂ നല്‍കിയിരുന്നെങ്കിലും ഇവയെല്ലാം വന്‍വിജയമായി മാറിയിരുന്നു. ഇതേ യൂട്യൂബര്‍ക്കെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന ചിത്രത്തിനെതിരെ അശ്വന്ത് കോക്ക് റിവ്യൂ ബോംബിങ് നടത്തിയെന്ന് ആരോപിച്ചാണ് നിര്‍മാതാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. റിവ്യൂവിനെതിരെ സിയാദ് കോക്കര്‍ രംഗത്തുവന്നതിന് പിന്നാലെ അശ്വന്ത് കോക്കിന്റെ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിരുന്നു. ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന ചിത്രത്തിന്റെ റിവ്യൂവില്‍ അശ്വന്ത് കോക്ക് സിനിമയില്‍ അഭിനയിച്ചവരെയും അണിയറ പ്രവര്‍ത്തകരെയും അധിക്ഷേപിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.

അശ്വന്ത് കോക്കിനെപ്പോലുള്ളവരെ കൈകാര്യം ചെയ്യാന്‍ സിനിമാ രംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും സിയാദ് കോക്കര്‍ ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമായിരുന്നു.

Vijayasree Vijayasree :