ശോഭനയെ കണ്ടിട്ട് തന്നെ വർഷങ്ങളായി ; താരതമ്യത്തിന്റെ ആവശ്യമില്ല,കഴിവില്ലെങ്കിൽ വിമർശിക്കാം ; ഉർവ്വശി

ഏറെക്കാലമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളായ ഉർവ്വശിയും ശോഭനയും മലയാളികൾക്ക് ഏറെ പ്രിയങ്കരികളായ നടിമാരാണ്. അഭിനയമികവിന്റെ തുലാസിൽ അളന്നാൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരും മികവിൽ മുന്നിട്ട് നിൽക്കുന്നയാളെ കണ്ടെത്താൻ. യോദ്ധ ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷം ചെയ്യാനും ഉർവശി തയ്യാറായി. എന്നാൽ ശോഭന എന്നും സൂപ്പർ സ്റ്റാർ സിനിമകളിലെ നായികയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരോടൊപ്പം നിരവധി സിനിമകൾ ശോഭന ചെയ്തു. ഇവയിൽ മിക്കതും ​ഹിറ്റായി. മണിച്ചിത്രത്താഴ് എന്ന സിനിമയാണ് അഭിനേത്രി എന്ന നിലയിൽ ശോഭനയെ അടയാളപ്പെടുത്തിയത്.

നാ​ഗവല്ലിയെ മറ്റൊരു നടിക്കും ഇത്ര മികവോടെ അവതരിപ്പിക്കാൻ കഴിയില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. എന്നാൽ ഉർവശിയെ സംബന്ധിച്ച് ഒന്നിലേറെ കഥാപാത്രങ്ങൾ നടിക്ക് വൻ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. മിഥുനം, സ്ത്രീധനം, ഭാര്യ, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണ്.

കരിയറിന്റെ ഒരു ഘട്ടത്തിൽ ശോഭന അഭിനയ രം​ഗത്ത് നിന്നും പിൻവാങ്ങി നൃത്തത്തിലെ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ചെയ്ത സിനിമകളിൽ നടി കേന്ദ്ര കഥാപാത്രവും ആയിരുന്നു. എന്നാൽ ഉർവശി അഭിനയ രം​ഗത്ത് തുടർന്നു. തമിഴിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ ഉർവശി ചെയ്തു. എന്നാൽ മലയാളത്തിൽ രണ്ട് പേർക്കും ഇന്നും പഴയ താരമൂല്യമുണ്ട്.

ശോഭനയെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീഡിയവണ്ണുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ശോഭനയുമായുള്ള താരതമ്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉർവശി. താരതമ്യങ്ങളോട് താൽപര്യമില്ലാത്ത കാര്യമാണെന്ന് ഉർവശി വ്യക്തമാക്കി.

ശോഭനയെ കണ്ടിട്ട് തന്നെ വർഷങ്ങളായി. എന്നേക്കാൾ എന്തെങ്കിലും ഒരു കാര്യത്തിൽ കഴിവ് കൂടുതലുള്ളവരാണ് എന്റെ കൂടെയെന്നാണ് എല്ലാക്കാലത്തും എന്റെ വിശ്വാസം. അങ്ങനെ എല്ലാവരുടെയും ഫാൻസാണ്. ശോഭനയുടെയും പാർവതിയുടെ രേവതിയുടെയും ഫാനാണ് ഞാൻ. എന്നേക്കാൾ ഒരു വർഷം മുമ്പേ രേവതി സിനിമയിൽ വന്നു.എന്റെ ആദ്യ സിനിമ ചെയ്യുമ്പോൾ രേവതിയുടെ പടം സൂപ്പർ ഹിറ്റായി ഓടുന്ന സമയമാണ്. എന്റത്ര പൊക്കമില്ലാത്ത കുട്ടി. പക്ഷെ അത്രയും സ്ക്രീൻ പ്രസൻസുള്ള നടി.

താരതമ്യം ഞാൻ ശ്രദ്ധിക്കാറില്ല. താരതമ്യത്തിന്റെ ആവശ്യമില്ല. കഴിവില്ലെങ്കിൽ വിമർശിക്കാം. ടൈറ്റിൽ ചേർത്ത് വിളിക്കുന്നതിനോടൊപ്പം ഞാനൊരു കാലത്തും അത്ര വലിയ പ്രാധാന്യം കൊടുത്തിട്ടില്ലെന്നും ഉർവശി പറഞ്ഞു. ചാൾസ് എന്റർപ്രെെസസാണ് ഉർവശിയുടെ പുതിയ സിനിമ. സുഭാഷ് ലളിത സുബ്രമണ്യം സംവിധാനം ചെയ്യുന്ന സിനിമയിൽ ബാലു വർ​ഗീസാണ് സിനിമയിലെ നായകൻ. കുറച്ച് നാളുകൾക്ക് ശേഷമാണ് ഉർവശി മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ഇതിന് മുമ്പ് ഉർവശി അഭിനയിച്ചത്. മലയാളത്തിൽ പ്രാധാന്യമുള്ള വേഷങ്ങളാണ് ഉർവശി ചെയ്യാറ്. 90 കളിലെ നായികമാർ നായികാ സ്ഥാനത്ത് നിന്ന് മാറി അമ്മ വേഷങ്ങളിലേക്ക് മാറുമ്പോഴും മലയാള സിനിമയിൽ എന്നും ഉർവശിക്ക് പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

AJILI ANNAJOHN :