ഐഎഫ്എഫ്കെ വേദിയിൽ ടൊവിനോ തോമസ് ചിത്രം വഴക്കിന്റെ ആദ്യ പ്രദർശനത്തിനിടെ പ്രതിഷേധം

രാജ്യാന്തര ചലച്ചിത്രമേളയിൽ ടൊവിനോ തോമസ് ചിത്രം വഴക്കിന്റെ ആദ്യ പ്രദർശനത്തിനിടെ പ്രതിഷേധം. റിസർവേഷനെ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ഡെലിഗേറ്റുകൾ പ്രതിഷേധമുയർത്തിയത്. റിസർവേഷൻ ലഭിക്കാതെ പോകുന്നവർക്ക് സിനിമകൾ കാണാൻ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ ആണ് ഡെലിഗേറ്റുകൾ പ്രതിഷേധത്തിലേയ്ക്ക് കടന്നത്. ടൊവിനോ ചിത്രം ‘വഴക്കി’ന്റെ പ്രദർശനത്തിന് ഇടെയായിരുന്നു പ്രതിഷേധം.

ഈ വർഷത്തെ ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് നൂറ് ശതമാനം റിസർവേഷൻ എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. രാവിലെ 8 മണിക്ക് തുടങ്ങുന്ന ബുക്കിംഗ് വഴിയാണ് സിനിമകളുടെ സീറ്റ് റിസർവേഷൻ നടക്കുന്നത്. ബുക്കിംഗ് ലഭിക്കാതെ പോകുന്നവർക്ക് സിനിമകൾ കാണാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിൽ. റിസർവേഷൻ അൻപത് ശതമാനമാക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ടാഗോർ തിയേറ്ററിന് മുൻപിൽ പ്രതിഷേധിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.

സ്റ്റുഡന്റ് ഡെലിഗേറ്റുകൾ അല്ലാതെ എത്തുന്നവർ ടാഗ് ധരിക്കാൻ എത്തുന്നവർ മാത്രമാണെന്ന്’ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞതായും പ്രതിഷേധക്കാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. പ്രശ്നം കൂടുതൽ ആളുകളിലേയ്ക്ക് എത്താനാണ് ടൊവിനോ എത്തുന്ന പ്രദർശനത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഐഎഫ്എഫ്കെ വേദിയായ ഏരീസ് പ്ലക്സ് തിയേറ്ററിൽ ആയിരുന്നു ‘വഴക്ക്’ സിനിമയുടെ ആദ്യ പ്രദർശനം. സനൽകുമാർ ശശിദരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രദർശനം തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവും ആരംഭിച്ചു. സിനിമ കാണാൻ എത്തിയവരിൽ അറുപത് ശതമാനത്തോളം പേർക്കും പ്രവേശനം നിഷേധിക്കപ്പെട്ടതോടെയായിരുന്നു പ്രതിഷേധം.

AJILI ANNAJOHN :