മരണം പ്രിയപ്പെട്ടവരെ കൂട്ടി മറയുമ്പോള്‍ ഒറ്റയ്ക്കാകുന്നവര്‍

മരണം പ്രിയപ്പെട്ടവരെ കൂട്ടി മറയുമ്പോള്‍ ഒറ്റയ്ക്കാകുന്നവര്‍

പ്രിയപ്പെട്ടവരെ മരണം കൊണ്ടു പോകുമ്പോള്‍ ചില ജന്മങ്ങള്‍ ഈ ലോകത്ത് ഒറ്റയ്ക്കാകാറുണ്ട്… പലര്‍ക്കും അത്തരം സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്.. വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറുടെ വിയോഗവും അത്തരത്തിലൊന്നായിരുന്നു. പ്രിയ പത്‌നി ലക്ഷ്മിയെ തനിച്ചാക്കിയാണ് ബാലഭാസ്‌കറും മകള്‍ തേജസ്വനിയും ലക്ഷ്മിയെ തനിച്ചാക്കി മറ്റൊരു ലോകത്തിലേയ്ക്ക് യാത്രയായത്. ജീവിതത്തില്‍ ഇതുപോലെ ഒറ്റപ്പെട്ടുപോയ ഒരുപാടു ലക്ഷ്മിമാരുണ്ട്.. വര്‍ഷങ്ങള്‍ക്കു മുമ്പ് സമാനമായൊരു മരണത്തിന്റെ ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് എഴുത്തുകാരി തനൂജ ഭട്ടതിരി. തനൂജ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എത്തുന്നത്.

തനൂജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

മറക്കാന്‍ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതല്‍ ഒഴിയാതെ. വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വലിയ കാറപകടത്തെ തുടര്‍ന്ന് ആ ഭാര്യ ഭര്‍ത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ആശുപത്രിയില്‍ കൊണ്ടുവന്നു. അച്ഛന്‍ വന്നപ്പോഴെ മരിച്ചിരിന്നു കുട്ടി താമസിയാതെ മരിച്ചു. അമ്മയെ ഉടനടി ശസ്ത്രക്രിയക്ക് വിധേയയാക്കി. അച്ഛന്റെയും മകളുടെയും ശരീരം ഫ്രീസര്‍ മോര്‍ച്ചറിയില്‍ ആയിരുന്നു. തലയ്ക്ക് ഗുരുതരമായപരുക്കേറ്റിരുന്ന അമ്മക്ക് പോസ്റ്റ് ഓപ്പറേറ്റീവില്‍ വച്ച് അല്‍പം ബോധം വന്നപ്പോള്‍ ഭര്‍ത്താവിനെയും മകളെയും കുറിച്ച് തിരക്കി. മരണ വാര്‍ത്ത പറയാതെ സ്റ്റാഫ് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. രണ്ടു ദിവസത്തിനകം അച്ഛന്റെയും മകളുടെയും സംസ്‌കാര ചടങ്ങുകള്‍ ബന്ധുക്കള്‍ക്ക് നടത്തേണ്ടതുണ്ടായിരുന്നു.

അവരുടെ മൂത്ത സഹോദരി മാനസിക രോഗ വിദഗ്ധന്റെ കൂടെ നിന്നാണ് ആ താങ്ങാനാകാത്ത വാര്‍ത്ത അവളോട് പറഞ്ഞത്. പ്രതീക്ഷിച്ചിരുന്ന കാര്യം പോലെ അതവള്‍ കേട്ടെങ്കിലും യാഥാര്‍ഥ്യം ജീവിതത്തെ അടിച്ച് തെറിപ്പിച്ചപ്പോള്‍ അവള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. കണ്ണീരിനൊടുവില്‍ അവരെ അവസാനമായി ഒരു നോക്കു കാണണമെന്നായി. ആരോഗ്യ പ്രശ്‌നവും ഈ കാഴ്ച ഉണ്ടാക്കാന്‍ പോകുന്ന മാനസിക സമ്മര്‍ദ്ദവും കാരണം അതു വേണ്ട എന്നെല്ലാവരും ഉപദേശിച്ചു. ഒരു പ്രശ്‌നവുമില്ലെന്നും തനിക്ക് അവരെ കണ്ടേ മതിയാവൂ എന്നവര്‍ ധൈര്യത്തോടെ പറഞ്ഞു.


സ്‌ട്രെച്ചറില്‍ കിടന്നു കൊണ്ട് മോര്‍ച്ചറിക്കു വെളിയില്‍ ഏതോ ഒരു ബന്ധു ഉയര്‍ത്തിക്കാട്ടിയ കുഞ്ഞു ശരീരം കണ്ടു. അവളുടെ കവിള്‍ അമ്മയുടെ കവിള്‍ തൊട്ടു. കരയാതെ അമ്മ കണ്ണുകള്‍ പരതി. സ്ട്രച്ചറില്‍ ഉയര്‍ത്തി ഭര്‍ത്താവിന്റെ ശരീരം കാണിച്ചു. അവള്‍ വിരലുകള്‍ കൊണ്ട് ആ മുഖം തൊട്ടു. കരഞ്ഞില്ല. പക്ഷേ ഇത്രയും പറഞ്ഞു. ചടങ്ങു നടത്തുമ്പോള്‍ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം. ഒരുമിച്ച് മതി. രണ്ടു പേര്‍ക്കും കൊതി മാറിയിട്ടില്ല, അവളൊരിക്കലും പേടിക്കയുമില്ല എല്ലാരും പൊട്ടിക്കരഞ്ഞപ്പോള്‍ ആ സ്ത്രീ കണ്ണുകള്‍ തുറന്നു വെച്ചു തന്നെ കിടന്നു. മനുഷ്യര്‍ ഒരു ചെറിയ ജീവിതത്തില്‍ എന്തൊക്കെ സഹിക്കണം.

Thanuja Bhattathiri facebook post about Balabhaskar s death

Farsana Jaleel :