മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറും പ്രണവിനെ ആദ്യ സിനിമയിലും അഭിനയിപ്പിച്ചു; മരിക്കുംമുമ്പ് മോഹന്‍ലാലിനെ കുറിച്ചുള്ള തമ്പി കണ്ണന്താനത്തിന്റെ വാക്കുകള്‍

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറും പ്രണവിനെ ആദ്യ സിനിമയിലും അഭിനയിപ്പിച്ചു; മരിക്കുംമുമ്പ് മോഹന്‍ലാലിനെ കുറിച്ചുള്ള തമ്പി കണ്ണന്താനത്തിന്റെ വാക്കുകള്‍

തമ്പി കണ്ണന്താനം. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന തമ്പി കണ്ണന്താനത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്. മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പതവിയിലേയ്ക്ക് ഉയര്‍ത്തിയ സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. നിരവധി താരങ്ങളെ വെച്ച് തമ്പി കണ്ണന്താനം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ നിരവധി സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് ആഘോഷമായിരുന്നു.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേയ്ക്ക് ഉയരുന്നത്. രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, നാടോടി, മാന്ത്രികം, ഇന്ദ്രജാലം അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മോഹന്‍ലാലിന് സമ്മാനിച്ചത്. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ സംവിധായകന്‍ തന്നെയാണ് മകന്‍ പ്രണവ് മോഹന്‍ലാലിനെയും സിനിമയിലേയ്ക്ക് കൈ പിടിച്ചു കയറ്റിയത്. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ഒന്നാമന്‍ എന്ന ചിത്രവും തമ്പി കണ്ണന്താനമായിരുന്നു സംവിധാനം ചെയ്തത്.


മരിക്കുംമുമ്പ് അദ്ദേഹം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഈ സാഹചര്യത്തില്‍ പ്രചരിക്കുകയാണ്. “ജീവിതത്തില്‍ ലാലുമൊത്ത് ഒരുപാട് മറക്കാനാകാത്ത നിമിഷങ്ങളുണ്ട്. ഞാന്‍ നിര്‍മിച്ച സിനിമയില്‍ ലാല്‍ അഭിനയിച്ചു, ഞാന്‍ ലാലിനെ സംവിധാനം ചെയ്തു, ലാല്‍ നിര്‍മിച്ച സിനിമയില്‍ ഞാന്‍ അഭിനയിച്ചു, ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. ജീവിതത്തില്‍ സന്തോഷമുള്ള ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഒന്നിച്ചു കടന്നു പോയി. സങ്കടമുള്ള മുഹൂര്‍ത്തങ്ങളിലും ഒരുമിച്ചുണ്ടായിരുന്നു. ജീവന്‍ തന്നെ കൈവിട്ടു പോകാമായിരുന്ന അവസരങ്ങളിലൂടെ ഞങ്ങള്‍ കടന്നു പോയിട്ടുണ്ട്. അതൊരു പ്രായം അതൊരു കാലം. മലയാള സിനിമയ്ക്ക് അനുഗ്രഹിച്ചു നല്‍കിയിരിക്കുന്ന ഒരു വരദാനമാണ് ലാല്‍. അദ്ദേഹത്തെക്കുറിച്ച് ആരെയും ധരിപ്പിക്കേണ്ട ആവശ്യമില്ല. ആരാലും അനുകരിക്കാന്‍ പറ്റാതെ പോയ ഒരു ഫോര്‍മുലയില്‍ ഞങ്ങള്‍ സിനിമകള്‍ ചെയ്തു. ഇന്നത്തെ തലമുറയും വളരെ ശ്രദ്ധയോടെ കാണുന്ന സിനിമകളായി അതു നിലനില്‍ക്കുന്നുവെന്ന കാര്യത്തില്‍ സന്തോഷമുണ്ട്.”

Thampi Kannanthanam Mohanlal connection

Farsana Jaleel :