ഉമ്മയെ തേടിയുള്ള യാത്ര; അവസാനം ചെന്നെത്തുന്നത് വലിയ സസ്പെൻസിൽ

ഉമ്മയെ തേടിയുള്ള യാത്ര; അവസാനം ചെന്നെത്തുന്നത് വലിയ സസ്പെൻസിൽ

നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത എന്റെ ഉമ്മാന്റെ പേര് തീയേറ്ററുളിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്.വളരെ നല്ലൊരു ഫീൽ ഗുഡ് ചിത്രമായിട്ടാണ് എന്റെ ഉമ്മാന്റെ പേരിനെ എല്ലാവരും വിലയിരുത്തുന്നത്.

രസകരമായി പറഞ്ഞുപോകുന്ന ഒരു കഥയാണ് ചിത്രം. കല്യാണവീടിന്റെ സന്തോഷത്തിൽ ബിരിയാണി കഴിച്ചുകൊണ്ടിരുന്ന ഹമീദിന്റെ ജീവിതം മാറ്റി മറിച്ചു കൊണ്ടാണ് തന്റെ വാപ്പ മരിച്ചെന്ന വാർത്ത എത്തിയത്. വാപ്പ പോയതോട് കൂടി ഒറ്റപ്പെടലിന്റെ ലോകത്തിലേക്ക് എറിയപ്പെട്ട ഹമീദ് തന്റെ ഉമ്മയെ കണ്ടുപിടിക്കാൻ ഇറങ്ങി തിരിക്കുകയാണ്. അനാഥൻ എന്നൊരു മേൽവിലാസം കൂടി ചാർത്തപ്പെട്ടതിനാൽ കല്യാണം കൂടി കഴിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയിലാണ് ഹമീദ്. ഉമ്മയെ തേടിയുള്ള ആ യാത്രയിൽ കൂട്ടായിട്ടുള്ളത് കൂടപിറപ്പിനെ പോലെയുള്ളൊരു വേലക്കാരനും ബാപ്പയുടെ ഒരു സുഹൃത്തും മാത്രം. ഉമ്മയായി ഉർവശി എത്തുന്നതോടെ കാര്യങ്ങളെല്ലാം മാറി മറിയുന്നു.

പ്രേക്ഷകന്റെ നെഞ്ചിന്റെ ഉള്ളിൽ തന്നെയാണ് ഹമീദ് സ്ഥാനം പിടിച്ചത്. വൈകാരികതയും നർമ്മവും ഒന്നിച്ചു കൊണ്ടു പോകുന്നതിൽ സംവിധായകനെ പോലെ തന്നെ ടോവിനോയും വിജയം കൈവരിച്ചിട്ടുണ്ട്. ഉമ്മയായി ഉർവശിയും കൂടിയെത്തുമ്പോൾ പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യത്തിൽ ഒരു ടോവിനോ – ഉർവശി മത്സരമാണ് സ്ക്രീനിൽ കാണാൻ കഴിയുന്നത്. അവരുടെ പ്രകടനം കൊണ്ടു തന്നെ ആ ഉമ്മയേയും മകനേയും പ്രേക്ഷകർ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോവുകയാണ്. മികച്ച ഒരു സസ്പെൻസോടുകൂടിയാണ് ചിത്രം അവസാനിക്കുന്നത്. ആദ്യാവസാനം വരെ വളരെ ഇഷ്ടത്തോടെ ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ സസ്പെന്സ് കൂടെ കഴിയുമ്പോൾ എന്റെ ഉമ്മാന്റെ പേര് ചിത്രത്തെ നെഞ്ചിലേറ്റുന്നു.

മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയനടി ഉർവ്വശി ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണിത്.തമിഴ് താരം സായിപ്രിയ ദേവാണ് ചിത്രത്തിലെ നായിക. ശാന്തികൃഷ്ണ, മാമുക്കോയ, ഹരീഷ് കണാശൻ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും അൽ താരി മൂവീസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

suspense thriller Ente Ummante Peru

HariPriya PB :