മൂക്കിന് താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്,പൊലീസിന് വീഴ്ച പറ്റി -സുരേഷ് ഗോപി !

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സുരേഷ് ഗോപി എം പി.
ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാന്‍ എത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ബോധിപ്പിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും മറുപടി ലഭിക്കുന്നതുവരെ പെണ്‍കുട്ടിയുടെ വീട്ടില്‍ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപി എത്തിയത്. ആദ്യം മാധ്യമങ്ങളെ കാണാന്‍ അദ്ദേഹം തയ്യാറായില്ല. മാതാപിതാക്കളെ കണ്ട ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സുരേഷ് ഗോപി ചോദിച്ചു. മൂക്കിന് താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളുകള്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് മാസം മുന്‍പ് നടന്ന ഒരു സംഭവവുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് പൊലീസുകാര്‍ക്ക് ഒരു വ്യക്തതയുമില്ല. നാട്ടുകാരാണ് അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫറായി എത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇവിടെ ഉള്ളത്. അദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് ഒരുവിവരവുമില്ല. എന്ത് നടപടിയെടുക്കുമെന്ന് പൊലീസോ കളക്ടറോ ആരെങ്കിലും മറുപടി നല്‍കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് വലിയ നീതി നിഷേധമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മറുപടി ലഭിച്ച ശേഷമേ മടങ്ങുകയുള്ളൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് നാലംഗ സംഘം വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ ദമ്പതികളെ ആക്രമിച്ച് 13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡില്‍ കയറി മാതാപിതാക്കളെ ആക്രമിച്ചാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുമായി റോഷന്‍ എന്ന യുവാവ് ബംഗളൂരുവിലേക്ക് കടന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.


suresh gopi about ochira kidnap case

HariPriya PB :