സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല….. 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടന വിരുദ്ധമെന്ന് സുപ്രീം കോടതി

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല….. 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടന വിരുദ്ധമെന്ന് സുപ്രീം കോടതി

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധി പ്രസ്താവം വായിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. യോജിച്ചുള്ള വിധിയാണെന്ന് വിധി പ്രസ്താവം വായിക്കവേ ദീപക് മിശ്ര പറഞ്ഞു. വകുപ്പ് റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് ഹര്‍ജിക്കാരുടെ വാദം. കോടതിയ്ക്ക് യുക്തമായ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

നിലവില്‍ 1861ലെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്വവര്‍ഗരതി 10 വര്‍ഷം നരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2013ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കി. ജസ്റ്റിസ് ജി എസ് സിങ്‌വി, ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയത്.


തുടര്‍ന്ന് 2016ല്‍ നര്‍ത്തകന്‍ എന്‍ എസ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, റിതു ഡാല്‍മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ തുടങ്ങിയവര്‍ 377ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജൂലായ് 17നാണ് ഹര്‍ജികളിലെ വാദം പൂര്‍ത്തിയായത്. നാലുദിവസമായിരുന്നു വാദം നീണ്ടുനിന്നത്. തുടര്‍ന്ന് വിധി പ്രസ്താവിക്കുന്നതിനു മാറ്റിവയ്ക്കുകയായിരുന്നു.

Supreme Court to deliver verdict on consensual same sex

Farsana Jaleel :