ശ്രീദേവിയുടെ കുടുംബാംഗങ്ങളെ വേദനിപ്പിക്കാനുള്ള ഒരു ഉദ്ദേശവും ഞങ്ങൾക്കുണ്ടായിരുന്നില്ല -പ്രിയ വാര്യർ

പ്രിയ വാര്യർ പ്രധാന വേഷം ചെയ്യുന്ന ബോളിവുഡ് സിനിമയാണ് ശ്രീദേവി ബംഗ്ലാവ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ വർക്കുകൾ പുരോഗമിക്കുന്നതേയുള്ളു. സിനിമയെ സംബന്ധിച്ച് നിരവധി വിവാദങ്ങളാണ് പുറത്തുവന്നത്.സിനിമ ശ്രീദേവിയുടെ ജീവിതാകഥയാണെന്നുള്ളതായിരുന്നു പ്രധാന പ്രശ്നം.

ചിത്രത്തിന്റെ ടീസറുകളും ഏറെക്കുറേ ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നത്. ഇതിന് പുറമേ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചതും വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി പ്രിയ വാര്യരും ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളിയും നിര്‍മാതാക്കളായ ചന്ദ്രശേഖറും മനീഷ് നായരും.

പ്രിയയുടെ വാക്കുകൾ

ചിത്രത്തെക്കുറിച്ചുണ്ടായിരുന്ന ചില തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഈ ചിത്രത്തിന് ശ്രീദേവിജിയുടെ ജീവിതവും മരണവുമായി ബന്ധമുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ധാരാളമായി പ്രചരിച്ചിരുന്നു. അന്ന് ആ ചോദ്യത്തിന് ഒരു വ്യക്തത നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ന് ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

ശ്രീദേവിജിയുടെ ജീവിതവും മരണവുമായി യാതൊരു ബന്ധവും ശ്രീദേവി ബംഗ്ലാവിനില്ല. അവരുടെ കുടുംബാംഗങ്ങളെ വേദനിപ്പിക്കാനുള്ള യാതൊരു വിധ ഉദ്ദേശവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ടീസറിലെ ചില രംഗങ്ങളും സിനിമയുടെ പേരും അവരുമായി ബന്ധപ്പെട്ടുണ്ടായിരുന്നെങ്കിലും ഇതില്‍ ഒരു ക്ലാരിറ്റി വരുത്താന്‍ ഞങ്ങള്‍ക്കായിരുന്നില്ല. മാധ്യമങ്ങളില്‍ നിന്നാണ് ഈ വാര്‍ത്തകള്‍ എല്ലാം അറിയുന്നത് അപ്പോഴേക്കും വിവാദങ്ങളെല്ലാം പുകഞ്ഞു തുടങ്ങിയിരുന്നു. ഇപ്പോള്‍ ഞാൻ ഈ കാര്യത്തില്‍ ഒരു വ്യക്തത വരുത്തുകയാണ്, ശ്രീദേവി ബംഗ്ലാവ് ഒരു സസ്പന്‍സ് ത്രില്ലര്‍ ആണ്. ഇതിന് ശ്രീദേവിജിയുമായി ഒരു ബന്ധവുമില്ല. പ്രിയ പറയുന്നു.

ഇത് ശ്രീദേവിയുടെ ബയോപിക് അല്ലെന്നും ശ്രീദേവിയുടെ കുടുംബത്തെയോ ആരാധകരോയോ വേദനിപ്പിക്കാനുള്ള യാതൊരു ഉദ്ദേശവും തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാക്കളും വ്യക്തമാക്കി.

sreedevi bungalow team open up about sreedevi bunalow filim

HariPriya PB :