എന്റെ വീട്ടിൽ നിന്ന് മതം മാറണമെന്ന ആവശ്യം വന്നിരുന്നു, എന്നാൽ ഞാൻ അതിന് നിർബന്ധിച്ചില്ല; പ്രണയ വിവാഹത്തെ കുറിച്ച് ഷിജു

ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഷിജു. ബി​ഗ് ബോസ് സീസൺ 5 ലൂടെ താരം വീണ്ടും സജീവമായിരിക്കുന്നു. തന്നെ മുഖ പരിചയമുണ്ടെന്നും എന്നാൽ പലർക്കും പേര് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി​ഗ് ബോസ് വീട്ടിലെ ഓരോരുത്തരും തങ്ങളുടെ ജീവിത കഥ തുറന്നു പറഞ്ഞപ്പോൾ ഷിജു തന്റെ സിനിമാ ജീവിതവും അതിലെ ദുരനുഭവങ്ങളും വെളിപ്പെടുത്തി. ബിഗ്

സീ ടിവിയിൽ സംപ്രേഷണം ചെയ്‍തിരുന്ന നീയും ഞാനും എന്ന പരമ്പരയിലാണ് ഷിജു അവസാനമായി അഭിനയിച്ചത്. അതിനു ശേഷമാണ് ഇപ്പോൾ ബിഗ് ബോസിൽ എത്തിയിരിക്കുന്നത്. കൊല്ലം സ്വദേശിയായ ഷിജു ഇപ്പോൾ കുടുംബത്തോടൊപ്പം എറണാകുളത്താണ് താമസം. കുവൈറ്റ് എയർവേയ്‌സിലെ എയർഹോസ്റ്റസും ഭരതനാട്യം നർത്തകിയുമായ പ്രീതി പ്രേമാണ് ഭാര്യ. ഒരു മകളുമുണ്ട് താരത്തിന്. പ്രണയ വിവാഹമായിരുന്നു താരത്തിന്റേത്. വളരെ വൈകിയാണ് ഷിജു വിവാ​ഹിതനായതും.

രണ്ടു മതത്തിൽ പെട്ടവരായത് കൊണ്ടു തന്നെ പല രീതിയിലുള്ള പ്രതിസന്ധികളും ഇവർക്ക് തരണം ചെയ്യേണ്ടി വന്നിരുന്നു. ഒരിക്കൽ ഭാര്യ പ്രീതിയ്ക്കൊപ്പം കൈരളി ടിവിയിലെ മനസ്സിലൊരു മഴവില്ല് എന്ന പരിപാടിയിൽ എത്തിയപ്പോൾ രണ്ടു മതങ്ങളായത് കൊണ്ട് വീട്ടിൽ നിന്നുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴത് വീണ്ടും ശ്രദ്ധനേടുകയാണ്. വ്യത്യസ്ഥ മതങ്ങളായപ്പോൾ വീട്ടിൽ പ്രശ്നമുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷിജു.

എന്റെ വീട്ടിൽ പ്രശ്‌നമുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാൽ പ്രശ്നമുണ്ട് എന്നാണ് ഷിജു പറഞ്ഞത്. ഒരു വശത്ത് അവർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വലിയ അടുപ്പം കാണിക്കുന്നില്ല. മതം അതിലൊരു പ്രശ്നമായിരിക്കും. കാരണം മദർ ഭയങ്കര ഓർത്തോഡോക്സ് ആണ്. അതുകൊണ്ട് അത് ഒരു കാരണമാകാം. എന്നാൽ ഒരു ഉപദ്രവവും ഉണ്ടായിട്ടിലെന്നും ഷിജു പറഞ്ഞു.

വീട്ടിൽ പോകാറുണ്ട്. കുഞ്ഞുണ്ടായപ്പോൾ ഒക്കെ കൊണ്ടുപോയി കാണിച്ചു. ഫാദറിന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നാലാം മാസം തന്നെ കൊണ്ടുപോയി കാണിച്ചു. അദ്ദേഹത്തിന് സുഖമില്ല. അതുകൊണ്ട് യാത്ര ചെയ്യാൻ ഒന്നും കഴിയില്ല. കുഞ്ഞിനെ കണ്ടിട്ട് അവർക്ക് അങ്ങനെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ദേഷ്യമൊന്നും കാണിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി.

എന്റെ വീട്ടിൽ നിന്ന് മതം മാറണമെന്ന ആവശ്യം വന്നിരുന്നു. എന്നാൽ ഞാൻ അതിന് നിർബന്ധിച്ചില്ല. വിശ്വാസം എന്ന് പറയുന്നത് നമ്മുടെ ഉള്ളിൽ തോന്നേണ്ടത് ആണല്ലോ. അല്ലാതെ ഫോഴ്‌സ് ചെയ്ത് കൊണ്ടുവരുന്നതിൽ അർത്ഥമില്ലല്ലോ. ഇസ്ലാം മതം എന്താണെന്ന് മനസിലാക്കി അത് വേണമെന്നുണ്ടെങ്കിൽ സ്വീകരിക്കട്ടെ. മതമൊന്നും നമ്മൾ ജനിച്ചപ്പോഴേ ഉള്ളതല്ലല്ലോ. അതൊക്കെ നമ്മുടെ തലയിൽ ഫീഡ് ചെയ്ത് തരുന്നത് അല്ലേ.
എത്രയോ പേർ ഒരു പ്രായമെത്തുമ്പോൾ മറ്റു മതങ്ങളിലേക്ക് പോകുന്നു. അതൊന്നും ആരും നിർബന്ധിച്ചിട്ടല്ലല്ലോ. അവർക്ക് ശരിയെന്ന് തോന്നുന്നതിലേക്ക് പോകുന്നു. ജീവിക്കാൻ ഒരു വിശ്വാസം എല്ലാവർക്കും ആവശ്യമാണ്. ഒരാളിപ്പോൾ നിരീശ്വര വാദിയാണെങ്കിൽ അതും അയാളുടെ വിശ്വാസമാണ്. അതുകൊണ്ട് വിശ്വാസങ്ങളൊക്കെ കണ്ട് ഇഷ്ടപ്പെട്ട് സ്വീകരിക്കുന്നെങ്കിൽ സ്വീകരിക്കട്ടെ എന്നാണ് നിലപാടെന്നും ഷിജു വ്യക്തമാക്കി.

ഞാൻ അങ്ങനെ വലിയ വിശ്വാസി അല്ല എങ്കിലും വെള്ളിയാഴ്ചകളിലൊക്കെ പള്ളിയിൽ പോകും. അവളും വലിയ വിശ്വാസി ഒന്നുമല്ല. എങ്കിലും ചർച്ചിൽ പോകണമെന്നുള്ളപ്പോൾ ഞാൻ കൊണ്ടുവിടാറുണ്ടെന്നും ഷിജു പറഞ്ഞു. നേരത്തെ ബിഗ് ബോസ് വീട്ടിൽ വെച്ച് സിനിമയിൽ താൻ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചൊക്കെ ഷിജു സംസാരിച്ചിരുന്നു. ഈദ് സ്പെഷ്യൽ എപ്പിസോഡിലും വിഷു സ്‌പെഷ്യൽ എപ്പിസോഡിലും ഷിജുവിന്റെ ഭാര്യയെയും മകളെയും ഷോയിൽ കാണിച്ചിരുന്നു.

AJILI ANNAJOHN :