‘ബാലകൃഷ്ണാ…’യെന്ന വിളിയാണ് ചെവിയില്‍ മുഴങ്ങുന്നത്; മാമൂക്കോയയെ കുറിച്ച് സായി കുമാര്‍

അന്തരിച്ച നടന്‍ മാമുക്കോയ സത്യസന്ധനായ മനുഷ്യനായിരുന്നുവെന്ന് നടന്‍ സായികുമാര്‍. ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും നല്ല സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്ന് കരുതിയിരുന്നു. ബന്ധത്തെ കുറിച്ച് എങ്ങിനെ വിശദീകരിക്കാനാണ് ഞാന്‍. വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല.

പല ഓര്‍മ്മകളും മനസിലൂടെ പോകുന്നത്. ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയില്‍ മുഴങ്ങുന്നത്. നാടകത്തില്‍ കൂടിയാണ് ഞാനും അദ്ദേഹവും വന്നത്. സഹിക്കാന്‍ പറ്റുന്നില്ല. വല്ലാത്തൊരു അനുഭവമാണ്. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെയെന്നും സായികുമാര്‍ പറഞ്ഞു.

ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സഹപ്രവര്‍ത്തകന് അന്തിമോപചാരം അര്‍പ്പിച്ചും ഓര്‍മ്മകള്‍ പങ്കിട്ടും എത്തിയത്. നാലു പതിറ്റാണ്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ ഇന്ന് ഉച്ചയ്ക്ക് 1.05 ഓടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. 76 വയസായിരുന്നു.

വണ്ടൂരില്‍ പൊതുപരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയില്‍ എത്തിയ നടനാണ് മാമുക്കോയ. കോഴിക്കോടന്‍ ഭാഷയുടെ നര്‍മം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരി തീര്‍ത്ത നടനായിരുന്നു.


Vijayasree Vijayasree :